IPL 2025 | CSK vs MI | ആരാണ് വിഘ്നേഷ് പുത്തൂർ? മുംബൈ ഇന്ത്യൻസ് റാഞ്ചിയ 'ചൈനാമാൻ സ്പിന്നറായ' മലയാളിപ്പയ്യൻ്റെ വിശേഷങ്ങൾ

കുൽദീപ് യാദവിനെ പോലെ ഇടങ്കയ്യൻ ചൈനാമൻ ബൗളറാണെന്നതാണ് വിഘ്നേഷിൻ്റെ മുഖ്യ സവിശേഷത
IPL 2025 | CSK vs MI | ആരാണ് വിഘ്നേഷ് പുത്തൂർ? മുംബൈ ഇന്ത്യൻസ് റാഞ്ചിയ 'ചൈനാമാൻ സ്പിന്നറായ' മലയാളിപ്പയ്യൻ്റെ വിശേഷങ്ങൾ
Published on


ഐപിഎൽ 2025 സീസണിലേക്കുള്ള മെഗാ ലേലത്തിനായി 12 മലയാളി താരങ്ങളാണ് ഭാഗ്യ പരീക്ഷണം നടത്തിയിരുന്നത്. എന്നാൽ ഐപിഎൽ ഫ്രാഞ്ചൈസികളുടെ വിളിയെത്തിയത് മൂന്ന് പേർക്ക് മാത്രമായിരുന്നു. സച്ചിന്‍ ബേബിക്കും വിഷ്ണു വിനോദിനും പിന്നാലെ ഐപിഎല്ലിലേക്ക് സര്‍പ്രൈസ് എന്‍ട്രി ആയി 23കാരൻ വിഘ്നേഷ് പുത്തൂരും എത്തുന്നുവെന്നത് ശ്രദ്ധേയമാകുകയാണ്. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ രോഹിത് ശർമ, സൂര്യകുമാർ യാദവ്, ട്രെന്‍റ് ബോള്‍ട്ട് , തിലക് വർമ എന്നീ സൂപ്പർ താരങ്ങൾക്കൊപ്പം മുംബൈയുടെ ഇംപാക്ട് പ്ലെയറായി വിഘ്നേഷ് കളത്തിലേറുമ്പോള്‍ മലയാളികള്‍ക്ക് അത് അഭിമാന നിമിഷമാണ്.

കുൽദീപ് യാദവിനെ പോലെ ഇടങ്കയ്യൻ ചൈനാമൻ ബൗളറാണെന്നതാണ് വിഘ്നേഷിൻ്റെ മുഖ്യ സവിശേഷത. ഇത് തന്നെയാണ് മുംബൈയുടെ സ്കൗട്ടിങ് ടീം മലയാളി സ്പിന്നറെ നോട്ടമിടാൻ കാരണവും. 30 ലക്ഷം രൂപയ്ക്ക് ടീമിലെത്തിച്ചെങ്കിലും മുംബൈയുടെ നീലക്കുപ്പായത്തിൽ ഈ മലയാളി താരത്തിന് കളിക്കാൻ അവസരം ലഭിക്കുമോയെന്നാണ് മുംബൈയുടെ മലയാളി ആരാധകർ ആകാംക്ഷയോടെ കാത്തിരുന്നത്.

പെരിന്തൽമണ്ണയിൽ ഓട്ടോ ഡ്രൈവറായ സുനില്‍ കുമാറിന്‍റേയും വീട്ടമ്മയായ ബിന്ദുവിന്‍റേയും മകനാണ് വിഘ്നേഷ്. പെരിന്തല്‍മണ്ണ പിടിഎം ഗവണ്‍മെൻ്റ് കോളേജില്‍ എംഎ ലിറ്ററേച്ചര്‍ വിദ്യാര്‍ഥിയാണ്. നാട്ടിലെ ക്രിക്കറ്റ് പരിശീലകനായ വിജയനാണ് തുടക്കകാലത്ത് പാഠങ്ങള്‍ പകര്‍ന്ന് നല്‍കിയത്. പിന്നീട് കേരളത്തിനായി അണ്ടര്‍ 14, 19, 23 ടീമുകളിൽ കളിച്ചു. എന്നാൽ ഇതുവരെയും കേരളത്തിൻ്റെ സീനിയർ ടീമിൽ കളിക്കാനവസരം ലഭിച്ചിട്ടില്ല. അതിന് മുമ്പേ പ്രഥമ കേരള ക്രിക്കറ്റ് ലീഗിലെ പ്രകടനങ്ങളുടെ കരുത്തിൽ മുംബൈ സെലക്ടർമാരുടെ കണ്ണിൽ വിഘ്നേഷും പതിഞ്ഞു.

ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിൻ്റെ താരമായിരുന്നു. ലേലത്തിന് മുമ്പ് വിഘ്‌നേഷിനെ മുംബൈ ഇന്ത്യന്‍സ് ട്രയല്‍സിന് വിളിച്ചിരുന്നു. മൂന്ന് തവണയാണ് വിഘ്നേഷ് പുത്തൂർ ട്രയൽസിനായി മുംബൈയിലേക്ക് വണ്ടി കയറിയത്. മുംബൈ ഇന്ത്യൻസിൻ്റെ ഹെഡ് കോച്ച് മഹേല ജയവർധനെ, ബാറ്റിങ് കോച്ച് കീറൺ പൊള്ളാർഡ്, ഹാർദിക് പാണ്ഡ്യ തുടങ്ങിയവർക്ക് മുന്നിലായിരുന്നു ട്രയൽസ്. ട്രയൽസിന് ശേഷം നന്നായി ചെയ്തുവെന്ന് പാണ്ഡ്യ തന്നെ നേരിട്ട് വിഘ്നേഷിനെ അഭിനന്ദിച്ചെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ലേലത്തിന്റെ സാധാരണ ‌സമയത്ത് വിഘ്നേഷിന്റെ പേര് വന്നിരുന്നില്ല. അവസാനം നടന്ന അക്സലറേറ്റഡ് ലേലത്തിലാണ് പെരിന്തൽമണ്ണക്കാരൻ്റെ പേര് മെഗാ ലേലത്തിലേക്ക് വന്നതും നേരത്തെ പദ്ധതിയിട്ട പോലെ മുംബൈ ടീം താരത്തെ റാഞ്ചിയതും.


വിക്കറ്റ് കീപ്പർ ബാറ്ററായ വിഷ്ണുവിനെ പഞ്ചാബ് കിങ്സാണ് ലേലത്തിൽ സ്വന്തമാക്കിയത്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വിഷ്ണുവിനായി താരത്തിന്റെ മുൻ ടീം കൂടിയായ മുംബൈ ഇന്ത്യൻസും ശക്തമായി ലേലം വിളിച്ചു. എന്നാൽ അവസാനം 95 ലക്ഷം രൂപയ്ക്ക് താരത്തെ പഞ്ചാബ് സ്വന്തമാക്കുകയായിരുന്നു.

ഐപിഎല്ലില്‍ ഇതുവരെ സച്ചിന്‍ ബേബി 19 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. റോയല്‍ ചലഞ്ചേഴ്‌സിനായും രാജസ്ഥാന്‍ റോയല്‍സിനായും സച്ചിന്‍ ജേഴ്‌സിയണിഞ്ഞു. 2016ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ഐപിഎല്‍ റണ്ണേഴ്‌സ് അപ്പ് ആയപ്പോള്‍ സച്ചിന്‍ ബേബിയും ടീമില്‍ ഉള്‍പ്പെട്ടിരുന്നു. 95 ടെസ്റ്റുകളിൽ നിന്ന് 5,511 റൺസും, 102 ഏകദിനങ്ങളിൽ നിന്ന് 3,266 റൺസും, 100 ടി20യിൽ നിന്ന് 1,971 റൺസും സച്ചിൻ ബേബി നേടിയിട്ടുണ്ട്. കേരള ക്രിക്കറ്റ് ലീ​ഗ് ചാംപ്യന്മാരായ ഏരിയൽ കൊല്ലം സെയ്ലേഴ്സിന്റെ നായകനും സച്ചിനായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com