യുഎസ് സഹായിച്ചില്ലെങ്കിലും പിന്നോട്ടില്ല; ഫണ്ടിനായി മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്തുമെന്ന് WHO

ആവശ്യക്കാര്‍ക്കുള്ള സഹായം തുടരുന്നതിനായി മറ്റു സാമ്പത്തിക മാര്‍ഗങ്ങള്‍ കണ്ടെത്തുമെന്നും WHO
യുഎസ് സഹായിച്ചില്ലെങ്കിലും പിന്നോട്ടില്ല; ഫണ്ടിനായി മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്തുമെന്ന് WHO
Published on



യുഎസ് ധനസഹായം മരവിപ്പിച്ചത് ആഗോള ആരോഗ്യ പദ്ധതികളെ ബാധിച്ചിട്ടുണ്ടെങ്കിലും പിന്നോട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. യുഎസിന്റെ തീരുമാനം ചില പദ്ധതികളെ സാരമായി ബാധിച്ചിട്ടുണ്ട്. അതിന്റെ പ്രത്യാഘാതം പൂര്‍ണമായി നിര്‍ണയിക്കാനായിട്ടില്ല. എന്നിരുന്നാലും, ആഗോള തലത്തില്‍ നിശ്ചയിച്ച പദ്ധതികള്‍ തുടരും. ആവശ്യക്കാര്‍ക്കുള്ള സഹായം തുടരുന്നതിനായി മറ്റു സാമ്പത്തിക മാര്‍ഗങ്ങള്‍ കണ്ടെത്തുമെന്നും സംഘടന വ്യക്തമാക്കി.

യുഎസ് ധനസഹായം മരവിപ്പിച്ചത് സംഘടനയുടെ ചില പരിപാടികളെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് വക്താവ് മാര്‍ഗരറ്റ് ഹാരിസ് ജനീവയില്‍ പറഞ്ഞു. അതിന്റെ പ്രത്യാഘാതം പൂര്‍ണമായി നിര്‍ണയിക്കാനായിട്ടില്ല. ആഗോള തലത്തില്‍ അഞ്ചാം പനിക്കെതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങളെ യുഎസ് തീരുമാനം സാരമായി ബാധിച്ചിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ക്കുള്ള 100 ശതമാനം ധനസഹായവും യുഎസില്‍ നിന്നായിരുന്നു. വലിയ കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും, അത് തകര്‍ന്നില്ലാതാകാന്‍ സമ്മതിക്കില്ല. അത് തുടരും. അതിനൊരു വഴി കണ്ടെത്തുന്നത് തീര്‍ച്ചയായും വലിയ വെല്ലുവിളിയാണെന്നും മാര്‍ഗരറ്റ് കൂട്ടിച്ചേര്‍ത്തു.

യുഎസ് ധനസഹായം മരവിപ്പിച്ചത്, ഉഗാണ്ടയിലെ എബോളയ്ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര പദ്ധതികളുടെ ഭാഗമായ സേഫ് സ്കേലബിൾ കെയർ യൂണിറ്റ് മേധാവി ജാനറ്റ് ഡയസും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. സംഘടന സാധാരണ ഇടപെടാത്ത മേഖലയിലേക്കുകൂടി പിന്തുണ വര്‍ധിപ്പിച്ചിരുന്നു. ജൈവ സാംപിളുകളുടെ ഗതാഗതവും ലോജിസ്റ്റിക്സും, നിരീക്ഷണ സംഘങ്ങളെ അതിര്‍ത്തി മേഖലകളില്‍ വിന്യസിക്കുന്നതും ഉള്‍പ്പെടെ ചെയ്യേണ്ടതായി വന്നു. അതിനായി 3.4 മില്യണ്‍ ഡോളറാണ് സംഘടന ചെലവിട്ടതെന്നും ജാനറ്റ് ഡയസ് വ്യക്തമാക്കി.

ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി അധികാരമേറിയതിനു പിന്നാലെയാണ് WHO അംഗത്വത്തില്‍ നിന്ന് യുഎസ് പിന്മാറുന്നതായി പ്രഖ്യാപിച്ചത്. പതിറ്റാണ്ടുകളായി, WHO പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനകളും (GDP അധിഷ്ഠിത അംഗത്വ ഫീസ് ഉള്‍പ്പെടെ Assessed Contributions), സന്നദ്ധ സഹായങ്ങളുമായി (Voluntary Contributions) ഏറ്റവും കൂടുതല്‍ ധനസഹായം ലഭ്യമാക്കുന്ന രാജ്യമാണ് യുഎസ്. 2022-23ല്‍ 1.284 ബില്യണ്‍ ഡോളറാണ് യുഎസ് നല്‍കിയത്. 2024-25ല്‍ 6.83 മില്യണ്‍ ഡോളര്‍ നല്‍കിയിട്ടുണ്ട്. ഇത്തരം സംഭാവനയുടെ കാര്യത്തില്‍ മറ്റേതെങ്കിലും രാജ്യമോ സംഘടനയോ യുഎസിന്റെ അടുത്തെങ്ങുമെത്തില്ല. പെട്ടെന്നൊരു മഹാമാരി പൊട്ടിപ്പുറപ്പെടുമ്പോഴും, അടിയന്തിര സാഹചര്യങ്ങളിലുമെല്ലാം WHOയെ അതിവേഗത്തില്‍ ഇടപെടാന്‍ സഹായിച്ചിരുന്നതും യുഎസ് ധനസഹായമാണ്. യുഎസിന്റെ പിന്മാറ്റത്തോടെ, അത്തരം ധനസഹായം നിലയ്ക്കുന്നത് ലോകാരോഗ്യ സംഘടനയുടെ ആഗോള പ്രവര്‍ത്തനങ്ങളെയാകും സാരമായി ബാധിക്കുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com