ജനാധിപത്യത്തിൻ്റെ പുതുയുഗം രചിക്കപ്പെടുമോ..? പത്തു വർഷത്തിന് ശേഷം നടന്ന ജമ്മു കശ്‌മീർ തെരഞ്ഞെടുപ്പിൽ ജനവിധി ആരെ തുണയ്ക്കും?

ആർക്കും ഭൂരിപക്ഷം പ്രവചിക്കാത്ത ജമ്മു കശ്‌മീരിൽ ജനവിധിക്കപ്പുറമുള്ള വിധി എന്താണെന്ന് കാത്തിരിക്കുകയാണ് രാജ്യം
ജനാധിപത്യത്തിൻ്റെ പുതുയുഗം രചിക്കപ്പെടുമോ..? പത്തു വർഷത്തിന് ശേഷം നടന്ന ജമ്മു കശ്‌മീർ തെരഞ്ഞെടുപ്പിൽ ജനവിധി ആരെ തുണയ്ക്കും?
Published on

ഭൂമിയിലെ സ്വർഗം എന്ന് വിശേഷിപ്പിക്കുന്ന കശ്മീരും ജമ്മുവും പത്തു വർഷത്തിന് ശേഷം തെരഞ്ഞെടുപ്പിനെ വരവേറ്റപ്പോൾ ഇന്ത്യൻ രാഷ്ട്രീയം പുതു ചരിത്രമെഴുതുകയാണ്. 90 മണ്ഡലങ്ങളിലേക്ക് മൂന്നു ഘട്ടങ്ങളായി നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ അസ്ഥിരത പോലെ തന്നെയാണ് എക്സിറ്റ് പോൾ ഫലങ്ങളും. ആർക്കും ഭൂരിപക്ഷം പ്രവചിക്കാത്ത   ജമ്മു കശ്‌മീരിൽ ജനവിധിക്കപ്പുറമുള്ള വിധി എന്താണെന്ന് കാത്തിരിക്കുകയാണ് രാജ്യം.


"തൂക്ക് സഭയിൽ മുങ്ങുമോ"

2014 ലാണ് ജമ്മു കശ്മീരിൽ അവസാനമായി നിയമസഭ തെരഞ്ഞെടുപ്പു നടന്നത്. 2018 ൽ ബിജെപി പിന്തുണ പിൻവലിച്ചതോടെ സർക്കാർ തകരുകയും ഗവർണറുടെ കീഴിലേക്ക് അധികാരം വഴിമാറുകയും ചെയ്തു. കശ്മീരിനു പ്രത്യേക അധികാരം നൽകുന്ന ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കാൽ, പ്രധാന നേതാക്കളെ വീട്ടുതടങ്കലിലാക്കൽ എന്നിവ ഉൾപ്പെടെ നിരവധി രാഷ്ട്രീയ നീക്കങ്ങൾക്ക് ജമ്മു കശ്മീർ സാക്ഷിയായി. പത്ത് വർഷത്തിനിപ്പുറം തെരഞ്ഞെടുപ്പ് നടന്നപ്പോൾ കോൺഗ്രസ്– നാഷണൽ കോണ്‍ഫറൻസ് കൂട്ടുകെട്ടിലെ ഇന്ത്യ സഖ്യത്തിന് കശ്മീരിൽ നേരിയ മുൻതൂക്കം പ്രവചിക്കുന്നുണ്ട്. പിഡിപിക്ക് രണ്ടക്കത്തിൽ കൂടുതൽ സീറ്റ് പ്രവചിക്കുന്ന എക്സിറ്റ് പോളുകൾ വിരളമാണ്. ഒരു പാർട്ടിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടാകില്ലെന്നാണ് എക്സിറ്റ് പോളുകളുടെ പ്രവചനം.

"താഴ്വര കലുഷിതമായി തുടരുമോ"

ജമ്മു കശ്മീരിൽ നേരത്തേയുണ്ടായിരുന്ന 83 സീറ്റുകൾക്കൊപ്പം ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ വേർതിരിച്ചപ്പോൾ ലഡാക്കിലെ സീറ്റുകൾ നിയമസഭയുടെ ഭാഗമല്ലാതായി. 2019ലെ പുനഃസംഘടനാ നിയമവും 2023 ജൂലൈയിൽ കൊണ്ടുവന്ന ഭേദഗതിയും പ്രകാരം അഞ്ച് അംഗങ്ങളെ ലഫ്.ഗവർണർക്ക് നിയമസഭയിലേക്ക് നാമനിർദേശം ചെയ്യാമെന്നതാണ് ഈ തെരഞ്ഞെടുപ്പിന് ശേഷമുള്ള ഏറ്റവും വലിയ രാഷ്ട്രീയ കൗതുകം.

ജമ്മു കശ്മീർ പുനഃസംഘടന നിയമം 2019 അനുസരിച്ച്, നിയമസഭയിൽ മതിയായ പ്രാതിനിധ്യം ലഭിച്ചില്ലെങ്കിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകുന്നതിനായി ലെഫ്റ്റനൻ്റ് ഗവർണർക്ക് രണ്ട് അംഗങ്ങളെ നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാം. നിയമത്തിലെ 2013 ജൂലൈയിലെ ഭേദഗതി അനുസരിച്ച്, ഈ രണ്ടിന് പുറമെ രണ്ട് കുടിയേറ്റ കശ്മീരി പണ്ഡിറ്റുകൾ ഉൾപ്പെടെ, മൂന്ന് അംഗങ്ങളെ കൂടി നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാൻ ലഫ്റ്റനൻ്റ് ഗവർണർക്ക് അധികാരം ലഭിച്ചിട്ടുണ്ട്. അവരിൽ ഒരാൾ കാശ്മീരി കുടിയേറ്റ സമൂഹത്തെ പ്രതിനിധീകരിക്കുന്ന സ്ത്രീയും മറ്റൊരാൾ പാക് അധീന ജമ്മു കശ്മീരിൽനിന്ന് കുടിയിറക്കപ്പെട്ട ആളും ആയിരിക്കണം.

"ജനാധിപത്യ വിരുദ്ധമോ"


ഇതോടെ സഭയുടെ അംഗബലം 95 ആകും. അങ്ങനെവരുമ്പോൾ കേവല ഭൂരിപക്ഷത്തിനു വേണ്ട സീറ്റുകളുടെ എണ്ണം 48 ആകും. ബിജെപി സഖ്യത്തിന് 43 എംഎൽഎമാരെ തെരഞ്ഞെടുപ്പിലൂടെ ലഭിച്ചാൽ ഈ എണ്ണം തികയ്ക്കാം. മറ്റു കക്ഷികൾക്ക് ഈ സ്ഥാനത്ത് 48 തന്നെ വേണം. എങ്ങനെയും ഭരണം പിടിക്കാനുള്ള ബിജെപി തന്ത്രത്തിൻ്റെ ഭാഗമാണ് നോമിനേറ്റഡ് എംഎൽഎമാർ എന്ന ആരോപണം ഉയർന്നു കഴിഞ്ഞു.

സർക്കാർ രൂപീകരണത്തിൽ നോമിനേറ്റഡ് എംഎൽഎമാർ എന്ത് പങ്കുവഹിക്കുമെന്ന് ചോദ്യത്തിനപ്പുറം നടപടി ഭരണഘടനാ വിരുദ്ധമാണെന്ന വാദവും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ പത്തു വർഷത്തിൽ കശ്മീരിൻ്റേതു പോലെതന്നെ ഇന്ത്യയുടെയും രാഷ്ട്രീയ ചിത്രം ഏറെ മാറി. ‘സംസ്ഥാന പദവി’ എന്ന മുദ്രാവാക്യവുമായി പ്രചാരണത്തിനിറങ്ങിയ പാർട്ടികളോട് ജനം എങ്ങനെ പ്രതികരിച്ചു എന്നറിയാൻ ഫലം വരുന്നത് വരെ കാത്തിരിക്കാം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com