സസ്പെൻസുകൾക്ക് നാളെ വിരാമമായേക്കും; ഡൽഹി മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള എംഎൽഎമാരുടെ യോഗം നാളെ

ഇന്ന് മാറ്റിവെച്ച യോഗമാണ് നാളെ ചേരുന്നത്. യോഗത്തിൽ രണ്ട് നിരീക്ഷികരെയും പാർട്ടി നിയോഗിച്ചിട്ടുണ്ട്
സസ്പെൻസുകൾക്ക് നാളെ വിരാമമായേക്കും; ഡൽഹി മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള എംഎൽഎമാരുടെ യോഗം നാളെ
Published on

ഡൽഹി മുഖ്യമന്ത്രി ആരെന്നുള്ള ചോദ്യത്തിന് നാളെ വിരാമമായേക്കും. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള എംഎൽഎമാരുടെ യോഗം നാളെ ചേരും. ഇന്ന് മാറ്റിവെച്ച യോഗമാണ് നാളെ ചേരുന്നത്. യോഗത്തിൽ രണ്ട് നിരീക്ഷികരെയും പാർട്ടി നിയോഗിച്ചിട്ടുണ്ട്. ഡൽഹിയിൽ 70ൽ 48 സീറ്റും നേടിയാണ് തലസ്ഥാനത്തെ ആം ആദ്മി പാർട്ടിയുടെ ഭരണം ബിജെപി അവസാനിപ്പിച്ചത്. മുഖ്യമന്ത്രിയെക്കുറിച്ചുള്ള ചർച്ചകൾ തുടരുന്നതിനിടെ, ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി. നദ്ദ അധ്യക്ഷനായി കഴിഞ്ഞ ദിവസം ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ബിജെപി ദേശീയ ജനറൽ സെക്രട്ടറി യോഗം ചേർന്നിരുന്നു.

രാജ്യ തലസ്ഥാനത്തെ ആര് നയിക്കും, വനിതാ മുഖ്യമന്ത്രിയോ? പൂർവാഞ്ചലിയോ? പുതുമുഖമോ? എല്ലാ കണ്ണുകളും ഇന്ദ്രപ്രസ്ഥത്തിൽ കേന്ദ്രീകരിക്കുമ്പോൾ ബിജെപി സസ്പെൻസ് തുടരുകയാണ്. അഞ്ചോളം പേരുകളാണ് ബിജെപി നേതൃത്വത്തിൻ്റെ പരിഗണനയിലുള്ളതെന്നാണ് റിപ്പോർട്ടുകൾ. കെജ്‌രിവാളിനെ പരാജയപ്പെടുത്തിയ പർവേഷ് വർമ്മയ്ക്കാണ് പട്ടികയിൽ മുൻതൂക്കം. ബിജെപി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പവൻ ശർമ്മ, മുൻ പ്രതിപക്ഷ നേതാവ് വിജേന്ദർ ഗുപ്ത, സതീഷ് ഉപാധ്യായ എന്നിവരും സാധ്യതാ പട്ടികയിലുണ്ട്. വനിതാ മുഖ്യമന്ത്രിക്കായും ബിജെപിയിൽ ചർച്ചകൾ നടക്കുന്നുണ്ട്.

മുഖ്യമന്ത്രി മുഖമായി വനിതാ നിയമസഭാംഗത്തെ പരിഗണിച്ചാൽ രേഖ ഗുപ്ത, ശിഖ റോയി എന്നിവരുടെ പേരുകളാണ് പരിഗണനയിൽ. മഹിളാ മോർച്ച ദേശീയ ഉപാധ്യക്ഷ രേഖ ഗുപ്ത വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മന്ത്രി സൗരഭ് ഭരദ്വാജിനെ പരാജയപ്പെടുത്തിയത് ശിഖാ റോയിക്ക് അനുകൂല ഘടകമാണ്. ജാതി സമവാക്യങ്ങൾക്ക് അനുസരിച്ചാകും ഉപമുഖ്യമന്ത്രി സ്ഥാനം നൽകുക. മന്ത്രിസഭയിൽ സ്ത്രീകൾക്കും ദളിത് വിഭാഗത്തിനും പ്രാധാന്യം നൽകുമെന്നും റിപ്പോർട്ടുകളുണ്ട്.

പ്രതിപക്ഷത്തിൻ്റെ മുഖമായി അതിഷിയെത്തുമ്പോൾ ബിജെപിയും വനിതാ മുഖ്യമന്ത്രിയെന്ന തീരുമാനത്തിലേക്ക് എത്തുകയാണെങ്കിൽ 27 വർഷത്തിന് ശേഷം സുഷമ സ്വരാജിന് പിൻഗാമിയായി മറ്റൊരു വനിത കൂടി വരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com