"കേന്ദ്രത്തെ അറിയിക്കാൻ എന്തിനാണ് 38 ദിവസം?" ആശമാരുടെ സമരം പരാജയപ്പെട്ടതിന് പിന്നാലെ സമരസമിതി വൈസ് പ്രസിഡൻറ്

"ടാർപോളിൻ ഷീറ്റ് പോലും വയ്ക്കാൻ കഴിയാത്ത രീതിയിൽ സമരത്തിനെതിരെ ഉപരോധം സൃഷ്ടിക്കുന്നു. തങ്ങൾക്ക് വേണ്ടത് പ്രസ്താവനകളല്ല"
"കേന്ദ്രത്തെ അറിയിക്കാൻ എന്തിനാണ് 38 ദിവസം?" ആശമാരുടെ സമരം പരാജയപ്പെട്ടതിന് പിന്നാലെ സമരസമിതി വൈസ് പ്രസിഡൻറ്
Published on

ആശാ വർക്കർമാരുടെ സമരത്തിൽ ആരോഗ്യമന്ത്രിയും എൻഎച്ച്എം ഡയറക്ടറും നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി കെ.എ.എച്ച്.ഡബ്യൂ.എ സമരസമിതി വൈസ് പ്രസിഡന്റ് എസ്. മിനി. കേന്ദ്രത്തിനെ അറിയിക്കാൻ എന്തിനാണ് 38 ദിവസമെന്ന് എസ്. മിനി ചോദിച്ചു.

വിഷയം മുൻകൂട്ടി അറിയിച്ചതാണെന്നും പൊടുന്നനെ സൃഷ്ടിക്കപ്പെട്ടതല്ല സമരമെന്നും എസ്. മിനി പ്രതികരിച്ചു. "സർക്കാർ ചർച്ചയ്ക്ക് വിളിക്കണം. ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണം. ആര് ഇടപെട്ടാലും കൊള്ളാം. മുഖ്യമന്ത്രിയാണ് തലവൻ. അദ്ദേഹം ഇത് കാണണം. ടാർപോളിൻ ഷീറ്റ് പോലും വയ്ക്കാൻ കഴിയാത്ത രീതിയിൽ സമരത്തിനെതിരെ ഉപരോധം സൃഷ്ടിക്കുന്നു. തങ്ങൾക്ക് വേണ്ടത് പ്രസ്താവനകളല്ല. തീരുമാനമെടുക്കുന്നതിന് എന്താണ് തടസം?" എസ്. മിനി പ്രതികരിച്ചു.

എന്നാൽ, ഓണറേറിയം കൂട്ടണം എന്നാണ് സർക്കാരിനും ആഗ്രഹമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഇൻസെൻ്റീവ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെടാൻ ഈ ആഴ്ച കേന്ദ്ര ആരോഗ്യമന്ത്രിയെ കാണുമെന്നും മന്ത്രി പറഞ്ഞു. ആശമാർ സമരത്തിൽ നിന്ന് പിൻമാറണമെന്ന് അഭ്യർഥിച്ചതായി മന്ത്രിയും വാർത്താസമ്മേളനത്തിൽ പറഞ്ഞു. "ഓണറേറിയം രണ്ട് രീതിയിലാണ് നൽകുന്നത്. ഒന്ന് സംസ്ഥാനം മാത്രമായി നൽകുന്നു. ഇൻസെന്റീവ് സംസ്ഥാനവും കേന്ദ്രവും ചേർന്ന് നൽകുന്നു. സംസ്ഥാന സർക്കാർ ആശമാർക്ക് നൽകുന്ന ഓണറേറിയം 7000 രൂപയാണ്. കേന്ദ്രവും സംസ്ഥാനവും നൽകുന്ന ഫിക്സ്ഡ് ഇൻസെന്റീവ് 3000 രൂപയാണ്. ആ ഫിക്സ്ഡ് ഇൻസെന്റീവിൽ 1600 രൂപ കേന്ദ്രവും 1400 രൂപ സംസ്ഥാനവുമാണ് നൽകുന്നത്. അതു കൂടാതെ ഒരോ സേവനങ്ങൾക്കുമുള്ള ഇൻസെന്റീവ് ലഭിക്കുമെന്നും അതിലും 60-40 ശതമാനം എന്ന നിലയ്ക്കാണ് സംസ്ഥാനവും കേന്ദ്രവും പണം നൽകുന്നത്. 2006ൽ കേന്ദ്രമാണ് ഇൻസെന്റീവ് നിശ്ചയിച്ചിട്ടുള്ളത്. അത് പിന്നീട് കൂട്ടിയിട്ടില്ല. 2017ലെ ഓണറേറിയം മാനദണ്ഡങ്ങൾ പിൻവലിക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇതിനായി ടെക്നിക്കൽ കമ്മിറ്റിയെ ചുമതലപ്പെടുത്തി. മാനദണ്ഡങ്ങൾ പിൻവലിച്ചുകൊണ്ടുള്ള തീരുമാനമുണ്ടായി," മന്ത്രി പറഞ്ഞു.

ആശമാർക്ക് നല്ല രീതിയിലുള്ള ഒരു പ്രവർത്തന സാഹചര്യമുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വീണാ ജോർജ് പറഞ്ഞു. 26,125 ആശമാരാണ് സംസ്ഥാനത്തുള്ളത്. സമരത്തിലുള്ളത് 400-450 ആശമാരാണ്. ആശമാർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നുണ്ടോ എന്ന് പരിശോധിച്ചിരുന്നു. അതിൽ 13,000 പേർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നില്ലെന്ന് കണ്ടെത്തി. ഇക്കാര്യം കേന്ദ്ര സർക്കാരിനെ അറിയിച്ചു. ഒന്നരവർഷം മുൻപാണ് അതെന്നും അതിനു ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും ആരോ​ഗ്യമന്ത്രി അറിയിച്ചു. ഇൻഷുറൻസിൽ ഉൾപ്പെട്ടാൽ അത് സംസ്ഥാനമാണ് കൊടുക്കുന്നത്. ആശമാരോട് ബന്ധപ്പെട്ട കാര്യങ്ങളിൽ കേന്ദ്രം ഇത്തരം സമീപനമാണ് സ്വീകരിക്കുന്നതെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

അതേസമയം, ആശാ പ്രവർത്തകരുടെ ഇൻസെൻ്റീവ് വർധിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി ജെ.പി. നഡ്ഡ ആവർത്തിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ ഉന്നതല സമിതി ആശാ പ്രവർത്തകരുടെ ഇൻസെന്റീവ് വർധിപ്പിക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്. ആയുഷ്മാൻ ഭാരത് അടക്കമുള്ള പദ്ധതികളുമായി ആശാപ്രവർത്തകരെ ബന്ധിപ്പിച്ചിട്ടുണ്ട് എന്നും ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട ചർച്ചയിൽ നഡ്ഡ അറിയിച്ചു. ആരോഗ്യം സംസ്ഥാന വിഷയമാണെന്നും സാമ്പത്തിക സാങ്കേതിക സഹായം ഉറപ്പാക്കുകയും നയ രൂപീകരണവും ആണ് കേന്ദ്രത്തിന്റെ ചുമതല എന്നും നഡ്ഡ പറഞ്ഞു. പലതും ഇല്ലെന്നു പരാതിപ്പെടുമ്പോൾ അത് ആരു ചെയ്യേണ്ടതാണെന്ന് കൂടി പരിശോധിക്കണമെന്നായിരുന്നു കേന്ദ്ര മന്ത്രി മറുപടി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com