ജാട്ട് വിഭാഗത്തിന്റെ കർഷക രോഷം ബിജെപിക്കെതിരെ തിരിക്കാനായില്ല! രാഷ്ട്രീയ ഗോദയിൽ അടിപതറി കോൺഗ്രസ്

ഏഴ് ഗ്യാരണ്ടികൾ ഹരിയാനയിലെ വോട്ടർമാർക്ക് വാഗ്ദാനം ചെയ്ത് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ കോൺഗ്രസ് വമ്പൻ ജയം ഉറപ്പിച്ചാണ് മുന്നോട്ട് നീങ്ങിയത്
ജാട്ട് വിഭാഗത്തിന്റെ കർഷക രോഷം ബിജെപിക്കെതിരെ തിരിക്കാനായില്ല! രാഷ്ട്രീയ ഗോദയിൽ അടിപതറി കോൺഗ്രസ്
Published on



ഹരിയാനയിൽ തന്ത്രപരമായ പിഴവാണ് കോൺഗ്രസിന് തിരിച്ചടിയായത്. ജാട്ട് വിഭാഗത്തിന്റെ കർഷക രോഷം ബിജെപിക്കെതിരെ തിരിച്ചടിക്കുമെന്ന കോൺഗ്രസ് കണക്കുകൂട്ടൽ തെറ്റി. പാർട്ടി സംസ്ഥാന ഘടകത്തിലെ ഭിന്നതകളും സർക്കാരുണ്ടാക്കാനുള്ള സുവർണാവസരം കോൺഗ്രസിന് നഷ്ടപ്പെടുത്തി. ഏഴ് ഗ്യാരണ്ടികൾ ഹരിയാനയിലെ വോട്ടർമാർക്ക് വാഗ്ദാനം ചെയ്ത് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ കോൺഗ്രസ് വമ്പൻ ജയം ഉറപ്പിച്ചാണ് മുന്നോട്ട് നീങ്ങിയത്. ആ യാത്രാലെവിടെയും ജയത്തിൽ കുറഞ്ഞതൊന്നും കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ കൈയെത്തും ദൂരത്തിരുന്ന് ജയം എത്തിപിടിക്കാനുള്ള നീക്കത്തിൽ പാർട്ടിക്ക് അടിപതറി. രാഷ്ട്രീയ ഗോദയിൽ സംഭവിച്ച പിഴവ് പലതാണ്.

മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്, ജാട്ട് വോട്ടുകളുടെ ഏകീകരണത്തിൽ മാത്രം തുടക്കം മുതൽ ശ്രദ്ധ ചെലുത്തി. ജാട്ട് വോട്ടുകളിൽ പുലർത്തിയ പ്രതീക്ഷ ജാട്ട് ഇതര വോട്ടുകളുടെ ഏകീകരണത്തിൽ ബിജെപിയെ സഹായിച്ചു. ജാട്ട് സമുദായത്തിന്റെ ഉന്നമനത്തിലും ആധിപത്യത്തിലും കോൺഗ്രസിന്റെ ആത്മവിശ്വാസം അതിരുകടന്നപ്പോൾ മറ്റ് ഒബിസി വിഭാഗങ്ങൾ ഭരണകക്ഷിക്ക് അനുകൂലമായി. ഹരിയാനയിൽ 27 ശതമാനം ജാട്ട് വോട്ടുള്ള സംസ്ഥാനത്ത് കോൺഗ്രസ് കണ്ണുംനട്ടിരുന്നപ്പോൾ ബിജെപി ഇതരവോട്ടുകൾ ഓടി നടന്ന് പിടിച്ചടക്കി. 17 സംവരണ സീറ്റുണ്ട്. ഈ സാധ്യതയെ വേണ്ട രീതിയിൽ കോൺഗ്രസ് വിനിയോഗിച്ചില്ല.


ഗുഡ്ഗാവ്, രേവാരി, മഹേന്ദർഗഢ് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അഹിർവാൾ ബെൽറ്റിനെ സ്വാധിനിക്കുന്നതിലും കോൺഗ്രസ് പരാജയപെട്ടു. നിർണായക തെരഞ്ഞെടുപ്പിൽ ജാതിസമവാക്യ ബാലൻസ് പാലിച്ചില്ലെന്ന് പറയാം. ഹരിയാനയിലെ ദളിത് മുഖമായ കുമാരി സെൽജയെയും പ്രമുഖ നേതാവ് രൺദീപ് സുർജേവാല, അശോക് തൻവർ അടക്കമുള്ളവരെ കാര്യമായി അവതരിപ്പിച്ചില്ല. നല്ലൊരു പങ്കും സീറ്റ് ഹൂഡ വിശ്വസ്തർക്ക് നൽകി. സെൽജയുടെ വിശ്വസ്തർക്ക് കിട്ടിയത് ഒമ്പത് ടിക്കറ്റുകൾ മാത്രം. ഇതോടെ പടലപ്പിണക്കം രൂക്ഷമായി, പ്രകടനപത്രിക പുറത്തിറക്കിയ പരിപാടിയിൽ നിന്നും ക്യാമ്പയിനുകളിൽ നിന്നും സെൽജ അകലം പാലിച്ചു.

ജെജെപിയും ഇന്ത്യൻ നാഷണൽ ലോക്ദളും യഥാക്രമം ദളിത് കേന്ദ്രീകൃത ആസാദ് സമാജ് പാർട്ടിയുമായും ബഹുജൻ സമാജ് പാർട്ടിയുമായും സഖ്യമുണ്ടാക്കിയതും കോൺഗ്രസ് പ്രതീക്ഷ പുലർത്തിയ ദളിത് വോട്ടുകളിൽ വിള്ളലുണ്ടാക്കി. എഎപി പിടിച്ച വോട്ടും ഇന്ത്യാസഖ്യത്തിന് തിരിച്ചടിയായി ചില മണ്ഡലങ്ങളിൽ. ആർഎസ്എസിൻ്റെ സംഘടനാശക്തിയും താഴെത്തട്ടിലുള്ള സ്വാധീനവും ബിജെപിക്ക് മൂന്നാം അട്ടിമറി വിജയത്തിലേക്ക് വഴിവെട്ടി. 10 വർഷമായി അധികാരമില്ലാതെ തകർന്നടിഞ്ഞതിലെ കാര്യകാരണങ്ങൾ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും ഹരിയാന പിടിക്കാനുള്ള സുവർണാവസരമാണ് രാഹുലിന്റെ പാർട്ടിക്ക് നഷ്ടമായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com