എന്തുകൊണ്ടാണ് സ്വാതന്ത്ര്യദിനാഘോഷങ്ങൾ റെഡ് ഫോർട്ടിൽ മാത്രം നടക്കുന്നത്?

1947ൽ ആദ്യ പ്രധാനമന്ത്രിയായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ത്രിവർണ പതാകയുയർത്തി രാജ്യത്തെ അഭിസംബോധന ചെയ്തത് ചെങ്കോട്ടയിൽ നിന്നായിരുന്നു
എന്തുകൊണ്ടാണ് സ്വാതന്ത്ര്യദിനാഘോഷങ്ങൾ റെഡ് ഫോർട്ടിൽ മാത്രം നടക്കുന്നത്?
Published on

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച 1947 മുതലിങ്ങോട്ട് ഓരോ വർഷവും രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ സ്വാതന്ത്ര്യ സമര സേനാനികളുടെ ഓർമ്മപ്പെടുത്തലാണ് ഓരോ സ്വാതന്ത്ര്യ ദിനവും. സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യയിലെ പ്രധാന മന്ദിരങ്ങളിലെല്ലാം ത്രിവർണ പതാക ഉയർത്താറുമുണ്ട്. എന്നാൽ എല്ലാ കൊല്ലവും ഔദ്യോഗിക സ്വാതന്ത്ര്യ ദിനാഘോഷം നടക്കുന്ന ഒരേയൊരു സ്ഥലമേയുള്ളൂ. അത് ചെങ്കോട്ടയാണ്.

ചെങ്കോട്ട സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കായി തെരഞ്ഞെടുക്കുന്നതിന് പിന്നിൽ ഒരേയൊരു കാരണമേ ഉള്ളൂ. അത് അതിൻ്റെ ചരിത്രപരമായ പ്രാധാന്യമാണ്. ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ പ്രതീകമായി കണക്കാക്കുന്ന ചെങ്കോട്ട 'ലാൽ ക്വയ്‌ല' എന്നും അറിയപ്പെടുന്നു.

ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചില വഴിത്തിരിവുകൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ചെങ്കോട്ട എണ്ണമറ്റ യുദ്ധങ്ങളിലെ പ്രതിരോധത്തിൻ്റെ പ്രതീകമായാണ് നിലകൊള്ളുന്നത്.

1947ൽ ആദ്യ പ്രധാനമന്ത്രിയായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ത്രിവർണ പതാകയുയർത്തി രാജ്യത്തെ അഭിസംബോധന ചെയ്തത് ചെങ്കോട്ടയിൽ നിന്നായിരുന്നു. അതിന് ശേഷം ഓരോ സ്വാതന്ത്ര്യ ദിനത്തിനും പ്രധാനമന്ത്രിമാർ രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് ചെങ്കോട്ടയിൽ നിന്നായി.

ചരിത്രപരമായ പ്രത്യേകത മാത്രമല്ല ഇതിൻ്റെ ഘടനാപരമായ പ്രത്യേകതയും ചെങ്കോട്ടയെ വേറിട്ട് നിർത്തുന്നു. അതിമനോഹരമായ വാസ്തുവിദ്യയും ചുവന്ന മണൽക്കല്ലിൽ തീർത്ത ചുവരുകളും സന്ദർഭത്തിന് കൂടുതൽ അനുയോജ്യമാകുന്നു. ചെങ്കോട്ടയിലെ പതാക ഉയർത്തലും തുടർന്നുണ്ടാവുന്ന സാംസ്കാരിക പരിപാടികളും രാജ്യത്തെ ഓരോ സ്വാതന്ത്ര്യ സമര സേനാനിയും രാജ്യത്തിന് വേണ്ടി ചെയ്ത ത്യാഗത്തിൻ്റെ ഓർമപ്പെടുത്തൽ കൂടിയാണ്.

മുഗൾ ഭരണാധികാരിയായിരുന്ന ഷാജഹാനാണ് ചെങ്കോട്ട നിർമ്മിച്ചത്. അദ്ദേഹത്തിൻ്റെ തലസ്ഥാനമായിരുന്ന ഷാജഹാനബാദിലെ ഫോർട്ട് പാലസ് ആയിട്ടായിരുന്നു നിർമാണം. ഷാജഹാൻ്റെ ഭരണകാലത്ത് അഭൂതപൂർവമായ ഉയരങ്ങളിൽ എത്തിയ മുഗൾ വാസ്തുവിദ്യയുടെ നിലനിൽക്കുന്ന സ്മാരകമാണ് ചെങ്കോട്ട.2007-ൽ യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ചെങ്കോട്ടയുടെ മേൽനോട്ട ചുമതല ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com