
എന്ത് കൊണ്ട് രാഹുൽ റായ്ബറേലിയിൽ? നാമനിർദ്ദേശപട്ടിക സമർപ്പണം അവസാനിക്കാനിരിക്കെയാണ് റായ്ബറേലിയിൽ രാഹുൽഗാന്ധിയുടെ സ്ഥാനാർത്ഥിത്വം കോൺഗ്രസ് പ്രഖ്യാപിച്ചത്.പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ആദ്യം പുറത്ത് വന്നിരുന്നെങ്കിലും ഒടുവിൽ റായ്ബറേലിയിലേയ്ക്ക് രാഹുൽ തന്നെ എത്തുകയായിരുന്നു. രാഹുലിൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേയാണ്. എന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ ആദ്യ ചുവട് മുതൽ തന്നെ വിജയിപ്പിച്ച അമേഠ്യ വിടാൻ രാഹുലിനെ പ്രേരിപ്പിച്ച ഘടകം എന്താണ്? 2019ലെ പരാചയം മാത്രമാണോ? സത്യമെന്തന്നാൽ അതിന് പിന്നിൽ മറ്റുചില കാരണങ്ങളുമുണ്ട്.
2019ൽ ഭരണം തിരിച്ച് പിടിച്ചാൽ ആര് രാജ്യത്തിൻ്റെ പ്രധാനമന്ത്രിയാകുമെന്ന ചോദ്യത്തിന് കോൺഗ്രസ്സിന് മറ്റൊരുത്തരം ഉണ്ടായിരുന്നില്ല. അതാണ് രാഹുൽ ഗാന്ധി. ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാചയപ്പെട്ടാൽ എഐസിസി അദ്ധ്യക്ഷ സ്ഥാനം ഒഴിയും എന്ന് വരെ രാഹുൽ പ്രഖ്യാപിച്ചു. എന്നാൽ ഇതൊന്നും അമേഠിയിലെ ജനങ്ങളെ തെല്ലും ബാധിച്ചില്ലെന്ന് മാത്രമല്ല, അന്ന് വരെ നെഹ്രു കുടുംബത്തിന് മാത്രം വോട്ട് കുത്തി പഴകിയ അമേഠിയക്കാർ രാഹുലിനെതിരെ വോട്ട് മറിച്ച് കുത്തുകയും ചെയ്തു. ബിജെപി സ്ഥാനാർത്ഥി സ്മൃതി ഇറാനിയോട് രാഹുൽ പരാജയപ്പെട്ടു. ഇത് രാഹുലിന് ഏറ്റ അടിമാത്രമായിരുന്നില്ല, മറിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പതിറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ദേശീയ പാർട്ടിയുടെ മുഖത്തേറ്റ പ്രഹരം കൂടിയാണ്. രാഹുലിൻ്റെ അമേഠിയിലെ പരാചയം കോൺഗ്രസ്സിൻ്റെ ഭാവി മുഖ്യമന്ത്രിയോടുള്ള ജനങ്ങളുടെ വിയോജിപ്പ് വ്യക്തമാക്കുന്നതായിരുന്നു. ഇത് തീർച്ചയായും രാഹുലിനെയും മാനസികമായി തളർത്തിയിട്ടുണ്ട്. കാരണം പരാചയപ്പെട്ടത് അമേഠിയിലാണ്. കോൺഗ്രസ്സിൻ്റെയും നെഹ്രു കുടുംബത്തിൻ്റേയും അമേഠിയിൽ.
രാഹുലിൻ്റെ പിതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധി 1981 മുതൽ 1991 വരെ പ്രതിനിധീകരിച്ചത് അമേഠിയെയാണ്. സോണിയ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനവും അമേഠിയിലൂടെയായിരുന്നു. 1999ൽ സോണിയെയും അമേഠി വിജയിപ്പിച്ചു. അച്ഛനിൽ നിന്ന് അമ്മയിലേയ്ക്ക്, അമ്മയിൽ നിന്ന് മകനിലേയ്ക്ക്. അവസാനം അമേഠിയിൽ രാഹുലും എത്തി. 2004ൽ അമേഠിയിൽ നിന്നുള്ള രാഹുലിൻ്റെ ആദ്യ ലോക്സഭാ വിജയം. പതിനഞ്ച് വർഷമാണ് രാഹുൽ അമേഠിയെ പ്രതിനിധീകരിച്ചത്.
2004 മുതൽ 2014 വരെ രാഹുൽ ജയിച്ച അമേഠി വലത്തേയ്ക്ക് ചെരിയാൻ കാരണമായത് അമേഠിയിലെ രാഹുലിൻ്റെ അസാനിദ്ധ്യം തന്നെയായിരുന്നു. അതേസമയം 2014ൽ രാഹുലിനോട് പരാചയപ്പെട്ട സ്മൃതി ഇറാനിയാകട്ടെ അമേഠിയിൽ പ്രവർത്തനങ്ങൾ ശക്തമാക്കുകയും ചെയ്തു. കേന്ദ്ര മന്ത്രിയായിരുന്നിട്ടും അമേഠിയുടെ എം.പി അല്ലായിരുന്നിട്ടും താഴെതട്ടിലിറങ്ങി ജനങ്ങളോടൊപ്പം പ്രവർത്തിച്ച് അവരെ സ്വാധീനിക്കാനും സ്മൃതിയ്ക്ക് സാധിച്ചു. പ്രതിപക്ഷ നേതാവായ രാഹുലിനേക്കാളും കേന്ദ്ര മന്ത്രിയായ ഇറാനിയ്ക്കാണ് അമേഠിയെ കൂടുതൽ സഹായിക്കാൻ സാധിക്കുമെന്ന് വരുത്തി തീർക്കാനും ബിജെപിയ്ക്ക് സാധിച്ചു. ഏത് സ്ഥാനാർത്ഥി വന്നാലും അമേഠി നെഹ്രു കുടുംബത്തെ കൈവിടില്ലെന്ന അമിത ആത്മവിശ്വാസവും കോൺഗ്രസ്സിനെ തിരിച്ചടിച്ചു. അങ്ങനെ 2019ൽ കോൺഗ്രസ് കോട്ട വലത്തേക്ക് ചെരിഞ്ഞു. രാഹുൽ ഗാന്ധി പരാചയപ്പെട്ടു.
വീണ്ടും അമേഠിയിൽ ബിജെപി സ്ഥാനാർത്ഥിയായി എത്തുന്നത് സ്മൃതി ഇറാനിയാണ്. രാഹുൽ വീണ്ടും ഇറാനിയോട് പരാചയപ്പെട്ടാൽ അത് രാഹുലിൻ്റെ പ്രതിച്ഛായായക്ക് ഏൽക്കുന്ന കനത്ത ക്ഷതമായിരിക്കും. കോൺഗ്രസ്സിൻ്റെ ഭാവി പ്രധാനമന്ത്രിയ്ക്ക് നരേന്ദ്ര മോദിയുടെ കാബിനറ്റ് മന്ത്രിയെ പോലും പരാചയപ്പെടുത്താൻ സാധിച്ചില്ലെന്ന് രാജ്യം പറയും.
കേന്ദ്ര മന്ത്രി എന്ന പദവിയിൽ സ്മൃതി ഇറാനിയുടെ ജനങ്ങൾക്കിടെയിലെ പ്രതിച്ഛായ വളർന്ന് വരികയാണ്. അതുകൊണ്ട് തന്നെ അമേഠി വീണ്ടും സ്മൃതിയക്കൊപ്പം നിൽക്കുമെന്ന ഭയവും കോൺഗ്രസ്സിനുണ്ട്. എന്നാൽ അമേഠിയെന്ന വെല്ല് വിളിയെ ഏറ്റെടുക്കാതെ രാഹുൽ പിൻവാങ്ങുമ്പോൾ, അത് കോൺഗ്രസ് അനുഭാവികളിൽ സൃഷ്ടിക്കുന്ന ചോദ്യം ചെറുതല്ല. വെല്ലുവിളികളെ ഏറ്റെടുക്കാൻ പോലും ധൈര്യമില്ലാതെ രാഹുൽ ഭയന്നോടുകയാണെന്ന് വരെ തോന്നിപോകും. പക്ഷേ ചിന്തിച്ച് നോക്കിയാൽ, അനുദിനം വെല്ല് വിളി നേരിട്ട്കൊണ്ടിരിക്കുന്ന പ്രതിപക്ഷത്തിന് രാഹുലിനെ ഒരു പരീക്ഷണത്തിനായി വിട്ട് കൊടുക്കാൻ സാധിക്കില്ല എന്നതാണ് സത്യം. അവർക്ക് രാഹുലെന്ന നേതാവിനെ ലോക്സഭയിൽ ആവശ്യമുണ്ട്. ഒരുപക്ഷേ പ്രിയങ്കാ ഗാന്ധിയെ പോലും ഒരു ലോക്സഭാ സീറ്റിൽ പോലും മത്സരിപ്പിക്കാതിരുന്നത് രാഹുലിൻ്റെ പ്രധാനമന്ത്രിസ്ഥാനത്തിന് മറ്റൊരു എതിരാളി വേണ്ടെന്ന് കരുതി ആയിരിക്കാം.
തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട രാഹുൽ ഇനി അമേഠിയിലേയ്ക്ക് മടങ്ങില്ല എന്ന അഭ്യൂഹങ്ങൾ പുറത്ത് വന്നിരുന്നു. ഈ അഭ്യൂഹങ്ങളെയെല്ലാം ശരിവക്കുന്ന രീതിയിലായിരുന്നു പുതിയ സ്ഥാനാർത്ഥി പ്രഖ്യാപനം. രാഹുൽ അമേഠിയയിലേയ്ക്കില്ല, പകരം റായ്ബറേലിയിൽ മത്സരിക്കും.
നെഹ്റു കുടുംബത്തിൻ്റെ ഉറച്ച കോട്ടയാണ് റായ്ബറേലി. 1951 മുതൽ മൂന്ന് തവണ മാത്രമാണ് മണ്ഡലം കോൺഗ്രസ്സിനെ തിരിച്ചടിച്ചത്. ഇന്ദിരഗാന്ധിയുടെ ഭർത്താവും കോൺഗ്രസ് നേതാവുമായിരുന്ന ഫിറോസ് ഗാന്ധി രണ്ട് തവണ മത്സരിച്ച് ജയിച്ചതും ഇവിടെ നിന്നാണ്. 1977ലും 96ലും 98ലും മണ്ഡലം നെഹ്റു കുടുംബത്തെ കൈവിട്ടു.എന്നാൽ നെഹ്റു കുടുംബത്തെ പൂർണമായും തള്ളിപറയാൻ റായ്ബലിയ്ക്ക് കഴിയില്ല. അതുകൊണ്ട് തന്നെയാണ് രാഹുൽ അല്ലെങ്കിൽ പ്രിയങ്ക എന്ന് റായ്ബറേലിയിലെ കോൺഗ്രസ് പ്രവർത്തകർ വാശിപിടിച്ചത്. സോണിയ ഗാന്ധി രാജ്യസഭാംഗമാകുന്നത് വരെ പ്രതിനിധീകരിച്ചിരുന്ന മണ്ഡലം കൂടിയാണ് റായ്ബറേലി. ദേഹാസ്വസ്ത്യം മൂലം സോണിയ മത്സരിക്കാനില്ലെന്ന് മുമ്പെ വ്യക്തമാക്കിയിരുന്നു. സോണിയ്ക്ക് പകരം പ്രിയങ്ക മത്സരിക്കണമെന്ന ആവശ്യവും പാർട്ടിക്കുള്ളിൽ ശക്തമായിരുന്നു. പ്രിയങ്കാ ഗാന്ധി അമേഠിയിലോ റായ്ബറേലിയിലോ മത്സരിക്കുമെന്നും സൂചനകളുണ്ടായി.എന്നാൽ അവസാനം സ്ഥാനാർത്ഥി സ്ഥാനത്തിൽ നിന്ന് പ്രിയങ്ക സ്വയം പിന്മാറുകയായിരുന്നു. തുടർന്ന് പ്രിയങ്ക രണ്ട് മണ്ഡലങ്ങളിലും മത്സരിക്കുന്നില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കുകയും ചെയ്തു.
രാഹുൽ റായ്ബറേലിയിലേയ്ക്ക് എന്ന് ഉറപ്പിച്ചതോടെ അമേഠിയിൽ ഇനി ആര് എന്ന ചോദ്യവും ഉയർന്നു. രാഹുലിനെ കാത്തിരുന്ന അമേഠിയിൽ ഇപ്രാവശ്യം അങ്കത്തിനിറങ്ങുന്നത് കിശോരിലാൽ ശർമ്മയാണ്. രാഹുൽ, പ്രിയങ്കാ, സോണിയാ ഗാന്ധി എന്നിവരുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത് കിശോരിലാലാണ്. നെഹ്റു കുടുംബത്തിൻ്റെ വിശ്വസ്തനാണ് കിശോരിലാൽ. വിജയം ഒരു തവണ മാത്രമായിരുന്നെങ്കിലും ബിജെപി സ്ഥാനാർത്ഥി സ്മൃതി ഇറാനിയ്ക്ക് ഏറെ സ്വാധീനവും ജനപിന്തുണയുമുള്ള മണ്ഡലം കൂടിയായി മാറിയിരിക്കുകയാണ് അമേഠി. പ്രിയങ്കയെയും രാഹുലിനെയും കാത്തിരുന്ന അമേഠി നെഹ്റു കുടുംബത്തിൻ്റെ വിശ്വസ്തനെ കരകയറ്റുമോ അതോ മുഖം തിരിക്കുമോ എന്നതും കണ്ട് തന്നെ അറിയണം.
ReplyForward
Add reaction