
നീണ്ട കാലത്തിന് ശേഷം വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ് ജയിൽ മോചിതനായി. ലണ്ടൻ എയർപോർട്ടിൽ നിന്നും അസാൻജ് വിമാനത്തിൽ കയറുന്ന ദൃശ്യങ്ങൾ എക്‌സിൽ പോസ്റ്റ് ചെയ്തുകൊണ്ട് വിക്കിലീക്സാണ് വിവരം ലോകത്തെ അറിയിച്ചത്. അസാൻജിന്‍റെ ഭാര്യ സ്റ്റെല്ല 'അസാൻജ് ഈസ് ഫ്രീ' എന്ന് എക്‌സിൽ കുറിപ്പെഴുതി ഈ വിവരം സ്ഥിതീകരിച്ചു.
1901 ദിവസത്തെ ജയിൽ വാസത്തിനു ശേഷം പുറത്തിറങ്ങുന്ന അസാൻജ് വിക്കിലീക്സ് പോസ്റ്റ് ചെയ്ത വീഡിയോയിൽ പൂർണ്ണ ആരോഗ്യവാനാണ്.
വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് യുഎസ് ചാരവൃത്തി നിയമ ലംഘനക്കേസില്‍ കോടതിയില്‍ കുറ്റം സമ്മതിക്കാന്‍ സാധ്യതുണ്ടെന്ന് വിവരങ്ങള്‍ വന്നിരുന്നു. ബ്രിട്ടണിലെ ജയില്‍വാസം അവസാനിപ്പിച്ച് ഓസ്‌ട്രേലിയയില്‍ തിരിച്ചെത്താനുള്ള സാഹചര്യം ഉണ്ടാക്കുമെന്ന കരാറിന്‍റെ പുറത്താണ് അസാന്‍ജ് കുറ്റസമ്മതം നടത്തുകയെന്നാണ് വെളിയില്‍ വന്ന വാര്‍ത്തകള്‍.
52 വയസുകാരനായ അസാന്‍ജ് കുറ്റക്കാരനാണ് എന്ന് സമ്മതിക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രോസിക്യൂട്ടര്‍ കോടതിയിൽ രേഖകളോടെ അറിയിച്ചു. യുഎസ് ദേശീയ പ്രതിരോധ രേഖകൾ കൈവശപ്പെടുത്തുകയും പരസ്യമാക്കുകയും ചെയ്തുവെന്നാണ് അസാൻജിന് എതിരായി ഫയല്‍ ചെയ്തിരുന്ന കുറ്റം.
സെയ്പാൻ ദ്വീപിൽ ബുധനാഴ്ച ഒമ്പത് മണിക്കാണ് അസാൻജിന്‍റെ വിചാരണ നിശ്ചയിച്ചിരുന്നത്. അസാൻജ് മുന്നോട്ട് വെച്ച കരാർ ജഡ്ജ് അംഗീകരിച്ചാൽ കേവലം അഞ്ചു വർഷം തടവ് മാത്രമായിരിക്കും ശിക്ഷയായി വിധിക്കുക. ശിക്ഷാ കാലാവധി അസാൻജ് പൂർത്തിയാക്കിയിരിക്കുന്നതിനാൽ ഇനിയും ജയിലിൽ തുടരേണ്ടി വരില്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
2010 ലാണ് വിക്കിലീക്സിലൂടെ ഇറാഖിലും അഫ്ഗാനിസ്ഥാനിലുമായി അമേരിക്ക നടത്തിയ യുദ്ധങ്ങളെ സംബന്ധിക്കുന്ന രഹസ്യ രേഖകൾ അസാൻജ് പരസ്യപ്പെടുത്തുന്നത്. യുഎസ് സൈന്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷാ വീഴ്ചയായാണ് ഇതിനെ കാണുന്നത്.
അസാൻജിന്‍റെ വിചാരണയെപ്പറ്റി ധാരണയുണ്ടെങ്കിലും കരാറിനെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും ദീർഘകാലമായി കേസ് നീണ്ടു പോകുകയാണെന്നും ഓസ്‌ട്രേലിയൻ സർക്കാരിന്‍റെ വക്താവ് പറഞ്ഞു.
അസാൻജിനെ ശിക്ഷിക്കാൻ സമ്മർദ്ദം ചെലുത്തരുതെന്ന ഓസ്‌ട്രേലിയൻ സർക്കാരിന്‍റെ അപേക്ഷ പരിഗണിച്ചുവരികയാണെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞതിന് പിന്നാലെയാണ് അസാൻജിന്‍റെ മോചനം.