
കൊല്ലം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലെ ജനങ്ങൾ പകൽ സമയങ്ങളിലും പുറത്തിറങ്ങുന്നത് ഭീതിയോടെയാണ്. അയ്യായിരത്തിലധികം കുടുംബങ്ങളാണ് വന്യമൃഗങ്ങളുടെ ശല്യം മൂലം ദുരിതം പേറുന്നത്. വിനോദ സഞ്ചാരികളാവട്ടെ അച്ചൻകോവിൽ ചെങ്കോട്ട പാതയിലൂടെയുള്ള യാത്രയും ഒഴിവാക്കിയിരിക്കുകയാണ്.
അച്ചൻ കോവിലിൽ നിന്നും പുനലൂരിലേക്കും, തിരിച്ച് ചെങ്കോട്ടയിലേക്കുമുള്ള വനപാതയിൽ ആനയാണ് പ്രധാനഭീഷണി. ഇരുചക്ര വാഹന യാത്രികർ വാഹനം നിർത്തിയ ശേഷം ആന സാന്നിധ്യം ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമെ ഇതുവഴി യാത്ര നടത്തുകയുള്ളു. ഈ വനപാതയിൽ മാത്രം ആറ് ആനകളാണ് സ്ഥിരമായി തമ്പടിക്കുന്നത്. ഏത് സമയം വേണമെങ്കിലും വാഹന യാത്രക്കാർ അക്രമത്തിനിരയാകാം.
തോട്ടം തൊഴിലാളികൾ തങ്ങുന്ന അമ്പനാർ, കടശേരി, കറവൂർ, കുമരം കുടി, വലിയകാവ്, പുനലൂരിലെ പൂങ്കുളഞ്ഞി തച്ചൻകോട് ഭാഗത്തും കാട്ടാനകൾ പകൽ സമയങ്ങളിലെത്തി ഭയപ്പാടുണ്ടാക്കുന്നതും പതിവാണ്. പടക്കം പൊട്ടിച്ചും, പാട്ടകൊട്ടിയുമൊക്കെയാണ് ആനകളെ തുരത്തുന്നത്. വ്യാപകമായ തോതിൽ കാട്ടാനകൾ കൃഷി നശിപ്പിക്കുന്നതും പതിവാണ്.
ആന ശല്യം കൂടാതെ പുലിപ്പേടിയിലാണ് മറ്റൊരു മേഖല .പത്തനാപുരത്തെ പുന്നലയിലാണ് പുലി നിരന്തരമെത്തി വന്യമൃഗങ്ങളെയടക്കം പിടികൂടുന്നത്. ചിതൽ വെട്ടി എസ്റ്റേറ്റിന് സമീപത്ത് നിന്ന് ഒരു പുലിയെ വനം വകുപ്പ് കൂട് വച്ച് പിടിച്ചെങ്കിലും മലമുകളിൽ ഒന്നിലധികം പുലികളെ നാട്ടുകാർ കണ്ട സാഹചര്യത്തിൽ ആശങ്കയിലാണ് ഇവിടുത്തുകാരും. കാട്ടുപന്നിയും, മലയണ്ണാനും, കാട്ടു പോത്തും കുരങ്ങും ഉയർത്തുന്ന ഭീഷണി എല്ലാ മേഖലയിലുമുണ്ട്.
വനാതിർത്തിയോട് ചേർന്ന ജനവാസ മേഖലയിൽ സൗരോർജ്ജ വേലി സ്ഥാപിച്ചോ, കിടങ്ങുകൾ കുഴിച്ചോ വന്യമൃഗശല്യം തടയൻ വനം വകുപ്പ് തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.