
വേനല്‍ കടുത്തതോടെ ഭക്ഷണവും വെള്ളം തേടി വന്യമൃഗങ്ങള്‍ ജനവാസമേഖലയില്‍ തമ്പടിക്കുകയാണ്. നേരം പുലരുമ്പോഴും ഇരുട്ടുവീഴും മുമ്പേയും വീടിനു പുറത്ത് ഇറങ്ങാന്‍ പേടിച്ച് കഴിയുകയാണ് ഇടുക്കി മലയോര മേഖലയിലെ ജനങ്ങള്‍. വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ അയക്കാന്‍ പോലും രക്ഷിതാക്കള്‍ മടിക്കുന്നു.
ഇടുക്കിയുടെ മലനിരകളില്‍ രാത്രി വൈകിയും പുലര്‍ച്ചെയും ഫെബ്രുവരി മാസത്തില്‍ തണുപ്പ് കടുക്കുന്നുണ്ട്. എന്നാല്‍ പകല്‍ തെളിഞ്ഞാല്‍ വേനല്‍ ചൂടിന്റെ കാഠിന്യം മുന്‍കാലങ്ങളിലും എത്രയോ അധികമാണ്. ഭക്ഷണവും വെള്ളവും തേടി വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലേക്ക് എത്തുന്നത് പതിവാകുകയാണ്. കാടുകളില്‍ ആവിശ്യത്തിന് ഭക്ഷണവും വെള്ളവും ലഭിക്കാതെ വരുന്നതോടെയാണ് വന്യമൃഗങ്ങള്‍ കൂട്ടത്തോടെ ജനവാസ മേഖലകളിലേക്ക് എത്തുന്നത്.
മൂന്നാര്‍ ചിന്നക്കനാല്‍ മേഖലയില്‍ കാട്ടാനകള്‍ ജനവാസ മേഖലയിലും കൃഷിയിടങ്ങളിലും തമ്പടിക്കുന്നു. ചിന്നക്കനാല്‍ 301 കോളനിയില്‍ കഴിഞ്ഞ ദിവസം രണ്ട് വീടുകള്‍ കാട്ടാന തകര്‍ത്തിരുന്നു വിനോദ സഞ്ചാരികളുടെ വാഹനം ദേശിയ പാതയില്‍ കുത്തി മറിച്ച സംഭവവും ഇടുക്കി മലയോരം കണ്ടു. വനംവകുപ്പ് ആനകളെ കാടുകളിലേക്ക് തുരത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കാടുകയറാന്‍ ഇവ മടിക്കുകയാണ്.
ഒരു മാസകാലമായി മൂന്നാര്‍ മേഖലയിലെ ജനവാസമേഖലയില്‍ പടയപ്പ എന്ന കാട്ടാന നാശം വിതയ്ക്കുന്നു. ഇതിനു പുറമെയാണ് കഴിഞ്ഞ ദിവസം കാട്ടുപോത്തും ജനവാസ മേഖലയിലേക്ക് എത്തിയത്. മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലായാണ് കാട്ടുപോത്ത് എത്തിയത്. തീര്‍ത്തും ജനവാസ മേഖലയായ അടിമാലി 200 ഏക്കര്‍ മേഖലയില്‍ പുലിയെ കണ്ടതായും പ്രദേശവാസികള്‍ പറയുന്നു.
അതിരാവിലെ തോട്ടങ്ങളിലേക്ക് പോകേണ്ട തൊഴിലാളികളും യാത്ര ചെയ്തു വീടുകളിലേക്ക് വൈകി എത്തേണ്ട വിദ്യാര്‍ത്ഥികളും ഭീതിയിലാണ്. വനം വകുപ്പ് സോളാര്‍ ഫെന്‍സിങ്ങും സൈന്‍ ബോര്‍ഡുകളും കാട്ടാനകളെ തുരത്താന്‍ നൂതന സംവിധാനങ്ങളും ഒരുക്കുമെന്ന് ഇടവേളകളില്‍ പറയുമ്പോള്‍ മലയോര മേഖലയിലെ ജനങ്ങള്‍ക്ക് ആശങ്ക വിട്ടകലുന്നില്ല.