
വയനാട് എരുമക്കൊല്ലി ഊരിലെ കാട്ടാന ആക്രമണത്തിൽ അടിയന്തര നടപടികൾക്കൊരുങ്ങി വനം വകുപ്പ്. ആനയെ കാട്ടിലേക്ക് തുരത്തുന്നതിനുള്ള സംയുക്ത നടപടി സ്വീകരിക്കും. ഇതിനായി ഇന്ന് മുത്തങ്ങയിൽ നിന്ന് കുങ്കിയാനയെ കൊണ്ടുവരും.ഡോ. അരുൺ സകറിയയും സംഘവും ഇന്ന് സ്ഥലം സന്ദർശിക്കും.
മുത്തങ്ങയിൽ നിന്ന് വിക്രമൻ, സുരേന്ദ്രൻ എന്നീ കുങ്കിയാനകളെയാണ് എത്തിക്കുന്നത്. അറുമുഖനെ കൊലപ്പെടുത്തിയ ആന കാടുകയറിയെന്ന നിഗമനത്തിലാണ് വനം വകുപ്പ്. സ്ഥലത്ത് വൻ പൊലീസ് സംഘമാണ് ക്യാമ്പ് ചെയ്യുന്നുണ്ട്. സുൽത്താൻബത്തേരി താലൂക്ക് ലാൻഡ് റവന്യൂ തഹസിൽദാർ ബി. പ്രശാന്ത്, ശിവദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘവും സ്ഥലത്തുണ്ട്. നർക്കോട്ടിക് സെൽ ഡിവൈഎസ്‌പി ഭരതൻ, സുൽത്താൻബത്തേരി ഡിവൈഎസ്‌പി കെ. കെ. അബദുൽ ഷരീഫ് എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് ക്യാമ്പ്.
ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് എരുമക്കൊല്ലി പൂളക്കുന്ന് കോളനിയിൽ അറുമുഖൻ (60) കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അറുമുഖൻ്റെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മേപ്പാടി പൊലീസാണ് നടപടികൾ സ്വീകരിക്കുന്നത്. സുൽത്താൻബത്തേരി താലൂക്ക് ആശുപത്രി പോസ്റ്റ്മോർട്ടം യൂണിറ്റിലാണ് നടപടികൾ പുരോഗമിക്കുന്നത്. എരുമക്കൊല്ലി റോഡിൽ നിന്നും ഒരു കിലോമീറ്റർ മാത്രം ദൂരത്ത് വെച്ചാണ് അപകടം നടന്നത്. ആക്രമണത്തിന് പിന്നാലെ കാട്ടാനയെ മയക്കുവെടി വെക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു.
ആക്രമണത്തിൽ മരിച്ച അറുമുഖൻ്റെ പോസ്റ്റ്മോർട്ടം ഇന്ന് ഉച്ചയോടെ പൂർത്തിയാവും. അറുമുഖന്റെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം ഇന്ന് കൈമാറും. ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങി വരികായായിരുന്ന അറുമുഖനെ തേയില തോട്ടത്തിൽ വെച്ചാണ് കാട്ടാന ആക്രമിച്ചത്. ഇയാൾ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. തമിഴ്നാട് തിരുനെൽവേലി സ്വദേശിയായ അറുമുഖൻ 10 വർഷമായി പൂളക്കുന്നിലാണു താമസം.
അതേസമയം ഇന്ന് പുലർച്ചെ നൂൽപുഴയിൽ വീടിന് നേരെ കാട്ടാനയാക്രമണം ഉണ്ടായി. നൂൽപുഴ വള്ളുവാടി കുളത്തൂർകുന്ന് മലേക്കുളങ്ങര ബെന്നിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. വീടിന്റെ മുൻ വശത്ത് ആന തട്ടി കേട് പാടുകൾ സംഭവിച്ചിട്ടുണ്ട്. വീടിന് പുറത്തിറങ്ങിയ ബെന്നിക്കു നേരെ കാട്ടാന പാഞ്ഞടുക്കുകയും ചെയ്തു.
തോൽപ്പെട്ടിയിലും കാട്ടാന സാന്നിധ്യമുണ്ടായി. തോൽപ്പെട്ടി ചെക്ക്പോസ്റ്റിനു സമീപം റോഡരികിലായി നിർത്തിയിട്ടിരുന്ന കാർ കാട്ടാന തകർത്തു. പ്രദേശവാസിയായ ആലസംപാടം സജീർ എന്നയാളുടെ കാർ ആണ് ഇന്ന് രാവിലെ 4 മണിക്ക് ആന തകർത്തത്.