
എറണാകുളം കോതമംഗലത്ത് കാട്ടാന ആക്രമണം. കോതമംഗലം മാമലക്കണ്ടത്ത് കാട്ടാനക്കൂട്ടം രണ്ട് വീടുകൾ തകർത്തു. ഇന്ന് പുലർച്ചെയാണ് ആക്രമണം ഉണ്ടായത്. വീടിൻ്റെ വാതിലുകളും, ജനാലകളും തകർത്ത കാട്ടാനകൾ വീട്ടുപകരണങ്ങളും നശിപ്പിച്ചു.
പാലക്കാട് ഉണ്ടായ കാട്ടാന ആക്രമണത്തിൽ തൊഴിലാളികൾക്ക് പരിക്ക്. മംഗലംഡാം കുഞ്ചിയാർപതി അയ്യപ്പൻ പാടിയിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ കുരുമുളക് പറിക്കുന്നതിനിടെയാണ് സംഭവം. അയൽ സംസ്ഥാന തൊഴിലാളികൾക്കാണ് പരിക്കേറ്റത്. കാട്ടാനയെ കണ്ട് ഓടിയപ്പോഴാണ് വീണ് പരിക്കേറ്റത്. പരിക്കേറ്റവരെ നെന്മാറ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലപ്പുറം നിലമ്പൂരും കാട്ടാനയെത്തി. ജില്ലാ ആശുപത്രി പരിസരത്ത് ഇന്ന് പുലർച്ചെയാണ് കാട്ടാന ഇറങ്ങിയത്. ഈ ഭാഗത്തെ കൃഷി നശിപ്പിച്ചിട്ടുണ്ട്. നിലമ്പൂർ ടൗണിന് തൊട്ടടുത്താണ് കാട്ടാന എത്തിയത്.