
ഇടുക്കി ചിന്നക്കനാലിൽ കാട്ടുകൊമ്പന്മാർ തമ്മിലുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ മുറിവാലൻ എന്ന് വിളിപ്പേരുള്ള കാട്ടാന ചെരിഞ്ഞു. ചക്കക്കൊമ്പൻ്റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ കാട്ടാന വനംവകുപ്പിൻ്റെ ചികിത്സയിലായിരുന്നു. 45 വയസ് പ്രായമാണ് ചരിഞ്ഞ കാട്ടാനയ്ക്ക്. ഡോ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ ആനയുടെ പോസ്റ്റ്മാർട്ടം നടത്തി സംഭവസ്ഥലത്ത് തന്നെ സംസ്‌കരിക്കും.
ഇടുക്കി ചിന്നക്കാനാൽ വിലക്ക് എന്ന ജനവാസമേഖലയ്ക്ക് അടുത്ത് 60 ഏക്കർ ചോല എന്ന പ്രദേശത്തുവെച്ചാണ് കാട്ടു കൊമ്പന്മാരായ ചക്കക്കൊമ്പനും മുറിവാലനും തമ്മിൽ കുറച്ചുദിവസങ്ങൾക്ക് മുമ്പ് കൊമ്പുകോർത്തത്. മുറിവാലന് പിൻകാലുകൾക്കിടയിൽ ആഴത്തിൽ മുറിവുണ്ടായി. മുറിവ് പഴുത്തു വഷളായതിനെ തുടർന്ന് കൊമ്പൻറെ ആരോഗ്യനില വഷളായിരുന്നു. ഒറ്റയാന് വനം വകുപ്പിൻ്റെ നേതൃത്വത്തിൽ ചികിത്സ നൽകിയിരുന്നെങ്കിലും പുലർച്ചെയോടെ ആന ചരിയുകയായിരുന്നു.
പരിക്കേറ്റ അന്നുമുതൽ കൊമ്പനെ വനംവകുപ്പ് നിരീക്ഷിച്ചു വന്നിരുന്നു. ചക്കക്കൊമ്പനും മുറിവാലൻ കൊമ്പനും തമ്മിൽ ഏറ്റുമുട്ടൽ പതിവായിരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഒടുവിലുണ്ടായ കൊമ്പുകോർക്കലിന് ശേഷം ചക്കക്കൊമ്പൻ ഈ പ്രദേശത്തുനിന്ന് പിൻവാങ്ങി. ചക്കക്കൊമ്പനും പരിക്ക് ഉണ്ടോയെന്നു വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. രണ്ട് കാട്ടാനകളും ചിന്നക്കനാലിലെ വിവിധ ജനവസമേഖലയിൽ ഭീതി പടർത്തുന്നത് പതിവായിരുന്നു.