
യു എസ് സംസ്ഥാനമായ കാലിഫോർണിയയുടെ വടക്ക് ഭാഗത്ത് കാട്ടുതീ പടർന്നു. ഏകദേശം 8 ചതുരശ്ര മൈൽ ആണ് ഒരു മണിക്കൂർ കൊണ്ട് കത്തി നശിച്ചത്. പുല്ല് ധാരാളമുള്ള ഈ പ്രദേശത്ത് വലിയ തോതിലാണ് തീ പടർന്നത്. മറ്റ് തീപിടിത്തങ്ങളെ അപേക്ഷിച്ച് രക്ഷാപ്രവർത്തനത്തിന് കൂടുതൽ ആളുകൾ ഉണ്ടായിട്ടും തീ അണയ്ക്കാൻ ഇനിയും ആളുകളെ ആവശ്യമാണെന്നും അധികൃതർ വ്യക്തമാക്കി.
ഏകദേശം 2500 അഗ്നിശമന സേനാംഗങ്ങൾ ചേർന്നാണ് തീ അണയ്ക്കാനായി പരിശ്രമിക്കുന്നത്. സ്ഥലത്തിന്റെ കുത്തനെയുള്ള ഭൂപ്രകൃതിയും വീശിയടിക്കുന്ന കാറ്റും തീ അണയ്ക്കുന്നതിൽ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ബട്ട് കൗണ്ടിയിലെ അലിഗേറ്റർ ഹാളിന് സമീപമുള്ള ഗല്ലിയിൽ തീ ഇട്ടതായി സംശയിക്കുന്ന വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം ബുധനാഴ്ച പാർക്കിലുണ്ടായ തീപിടുത്തത്തിൽ, ചിക്കോയുടെ വടക്ക്-കിഴക്ക് ഭാഗത്തുള്ള 348,000 ഏക്കറിലധികം ഭൂമി കത്തിനശിച്ചതായും, ശനിയാഴ്ചയോടെ തീ നിയന്ത്രണവിധേയമാക്കിയതായും സംസ്ഥാന ഫയർ ഏജൻസി കാൽ ഫയർ അറിയിച്ചിട്ടുണ്ട്.