ഷെയ്ഖ് ഹസീനയെ തിരിച്ചയക്കണം; ഇന്ത്യയോട് ആവശ്യമറിയിക്കാൻ ബംഗ്ലാദേശ്

മതന്യൂനപക്ഷങ്ങൾ ഉൾപ്പെടെ എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാൻ തൻ്റെ സർക്കാർ എല്ലാവിധ ശ്രമങ്ങളും തുടരുകയാണെന്നും ഇടക്കാല സർക്കാരിൻ്റെ 100 ദിവസം പൂർത്തിയാകുന്ന വേളയിൽ രാജ്യത്തെ അഭിസംബോധന ചെയ്യവെ യൂനുസ് പറഞ്ഞു
ഷെയ്ഖ് ഹസീനയെ തിരിച്ചയക്കണം; ഇന്ത്യയോട് ആവശ്യമറിയിക്കാൻ ബംഗ്ലാദേശ്
Published on

ഷെയ്ഖ് ഹസീനയെ തിരികെ അയക്കണമെന്ന് ഇന്ത്യയോട് ആവശ്യമറിയിക്കാൻ ബം​ഗ്ലാദേശ്. ഓഗസ്റ്റിൽ നടന്ന ജനകീയ പ്രക്ഷോഭത്തെ തുടർന്നുണ്ടായ സർക്കാർ പതനത്തിന് ശേഷം ഇന്ത്യയിലേക്ക് പലായനം ചെയ്ത മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറാൻ ഇടക്കാല സർക്കാർ ആവശ്യപ്പെടുമെന്ന് ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് അറിയിച്ചു. മതന്യൂനപക്ഷങ്ങൾ ഉൾപ്പെടെ എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാൻ തൻ്റെ സർക്കാർ എല്ലാവിധ ശ്രമങ്ങളും തുടരുകയാണെന്നും ഇടക്കാല സർക്കാരിൻ്റെ 100 ദിവസം പൂർത്തിയാകുന്ന വേളയിൽ രാജ്യത്തെ അഭിസംബോധന ചെയ്യവെ യൂനുസ് പറഞ്ഞു.

"ഓരോ കൊലപാതകത്തിലും നീതി ഉറപ്പാക്കണം... വീണുപോയ ഏകാധിപതി ഷെയ്ഖ് ഹസീനയെ തിരിച്ചയക്കാൻ ഞങ്ങൾ ഇന്ത്യയോട് ആവശ്യപ്പെടും," യൂനുസ് പറഞ്ഞു. എന്നാൽ, കഴിഞ്ഞ മാസം യുകെ ആസ്ഥാനമായുള്ള ഫിനാൻഷ്യൽ ടൈംസ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ, ഹസീനയെ ഇന്ത്യയിൽ നിന്ന് കൈമാറാൻ തൻ്റെ സർക്കാർ ഉടൻ ശ്രമിക്കില്ലെന്ന് യൂനുസ് പറഞ്ഞിരുന്നു.

ഹസീന സർക്കാരിനെതിരായ പ്രതിഷേധത്തിനിടെ വിദ്യാർത്ഥികളും തൊഴിലാളികളും ഉൾപ്പെടെ 1500ഓളം പേർ കൊല്ലപ്പെടുകയും 19,931 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ഓഗസ്റ്റ് 8ന് അധികാരമേറ്റ യൂനുസ് അവകാശപ്പെട്ടു. ഓരോ മരണത്തിൻ്റെയും വിവരങ്ങൾ ഞങ്ങളുടെ സർക്കാർ ശേഖരിക്കാൻ ശ്രദ്ധിക്കുന്നുണ്ട്, പരിക്കേറ്റവരെ ധാക്കയിലെ 13 ആശുപത്രികൾ ഉൾപ്പെടെ വിവിധ പ്രത്യേക ആശുപത്രികളിൽ ചികിത്സിക്കുന്നതിനുള്ള ക്രമീകരണങ്ങൾ സർക്കാർ ചെയ്തിട്ടുണ്ടെന്നും യൂനുസ് കൂട്ടിച്ചേർത്തു.

സർക്കാർ ജോലികളിലെ സംവരണവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ വിദ്യാർഥികളും മറ്റുള്ളവരും നടത്തിയ വൻ പ്രതിഷേധത്തെ തുടർന്നാണ് 77കാരിയായ ഷെയ്ഖ് ഹസീന രാജിവച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തത്. ആഗസ്റ്റ് 5ന് അവർ ഡൽഹിക്ക് സമീപമുള്ള ഹിൻഡൺ എയർബേസിൽ വന്നിറങ്ങി. പിന്നീട് ഒരു അജ്ഞാത സ്ഥലത്തേക്ക് മാറിയെന്നാണ് കരുതുന്നത്. അതിനുശേഷം, പൊതു ഇടങ്ങളിൽ ഹസീന പ്രത്യക്ഷപ്പെട്ടിട്ടില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com