രാജ്യത്തെ എടിഎമ്മുകൾ 2-3 ദിവസത്തേക്ക് അടച്ചിടുമോ? വാട്‌സ്ആപ്പിൽ പ്രചരിക്കുന്ന വാർത്ത നിഷേധിച്ച് സർക്കാർ

പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) ആണ് വസ്തുതാ പരിശോധനയിലൂടെ വാർത്ത വ്യാജമാണെന്ന് വ്യക്തമാക്കിയത്.
രാജ്യത്തെ എടിഎമ്മുകൾ 2-3 ദിവസത്തേക്ക് അടച്ചിടുമോ? വാട്‌സ്ആപ്പിൽ പ്രചരിക്കുന്ന വാർത്ത നിഷേധിച്ച് സർക്കാർ
Published on

ഇന്ത്യ-പാക് സംഘർഷം രൂക്ഷമായതിന് പിന്നാലെ രാജ്യത്തെ എടിഎമ്മുകൾ 2-3 ദിവസത്തേക്ക് അടച്ചിടുമെന്ന് അവകാശപ്പെടുന്ന വ്യാജ സന്ദേശം വാട്ട്‌സ്ആപ്പിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈ അവകാശവാദം വ്യാജമാണെന്ന് സർക്കാർ വസ്തുതാ പരിശോധനയിലൂടെ കണ്ടെത്തി. പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) ആണ് വസ്തുതാ പരിശോധനയിലൂടെ വാർത്ത വ്യാജമാണെന്ന് വ്യക്തമാക്കിയത്.

വാർത്ത വ്യാജമാണെന്നും എടിഎമ്മുകൾ പതിവുപോലെ പ്രവർത്തിക്കുമെന്നും പിഐബി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൃത്യമായി സ്ഥിരീകരിക്കാത്ത സന്ദേശങ്ങൾ പങ്കിടുന്നത് ഒഴിവാക്കാൻ വാട്‌സ്ആപ്പ് ഉപയോക്താക്കൾ ശ്രദ്ധിക്കണമെന്ന് പിഐബി അഭ്യർഥിച്ചു.

"എടിഎമ്മുകൾ അടച്ചിട്ടിരിക്കുകയാണോ? എടിഎമ്മുകൾ 2-3 ദിവസത്തേക്ക് അടച്ചിടുമെന്ന് അവകാശപ്പെടുന്ന ഒരു വാട്ട്‌സ്ആപ്പ് സന്ദേശം വൈറലാകുന്നു. ഈ സന്ദേശം വ്യാജമാണ്. എടിഎമ്മുകൾ പതിവുപോലെ പ്രവർത്തനം തുടരും. സ്ഥിരീകരിക്കാത്ത സന്ദേശങ്ങൾ പങ്കിടരുത്," പിഐബി പ്രസ്താവനയിൽ പറയുന്നു.

ബാങ്ക് ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ പണം ലഭിക്കുന്ന എടിഎമ്മുകൾ, പ്രവർത്തനരഹിതമാകുമെന്ന തരത്തിലുള്ള വാർത്ത ജനങ്ങളിൽ പരിഭ്രാന്തി പരത്താൻ സാധ്യതയുണ്ട്. ഇതുവഴി ബാങ്കുകളിൽ വലിയ ക്യൂ ഉണ്ടാവുകയും, ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുകയും ചെയ്തേക്കാം. അതിനാൽ, ബാങ്ക് സംബന്ധിച്ച വാർത്തകളോ സന്ദേശങ്ങളോ പങ്കുവെക്കുന്നതിന് മുൻപായി ബാങ്കുമായി നേരിട്ട് പരിശോധിച്ച് ഉറപ്പിക്കാൻ ശ്രദ്ധിക്കുക.


അതേസമയം പാകിസ്ഥാൻ ആസ്ഥാനമായുള്ള അക്കൗണ്ടുകൾ പ്രചരിപ്പിക്കുന്ന നിരവധി അവകാശവാദങ്ങളാണ് പിഐബി വസ്തുതാ പരിശോധന വഴി തെറ്റാണെന്ന് തെളിയിച്ചിരിക്കുന്നത്. മെയ് 8 ന് രാത്രി 10 നും മെയ് 9 ന് രാവിലെ 6:30 നും ഇടയിൽ എട്ടോളം വൈറൽ വീഡിയോകളും പോസ്റ്റുകളും തെറ്റാണെന്ന് പിഐബി വസ്തുതാ പരിശോധനയിലൂടെ പ്രസ്താവിച്ചു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com