'മുസ്ലീം, പാകിസ്ഥാനി... ഇന്ത്യക്ക് കൈമാറിയാല്‍ താന്‍ വേഗം മരിക്കും'; അവസാന അടവുമായി തഹാവൂർ റാണ

ഇന്ത്യയ്ക്ക് കൈമാറാനുള്ള വിധി പുനഃ പരിശോധിക്കണം എന്നാവശ്യപ്പെട്ട് തഹാവൂർ റാണ സമർപ്പിച്ച ഹർജി യുഎസ് സുപ്രീം കോടതി അടുത്തിടെ തള്ളിയിരുന്നു
'മുസ്ലീം, പാകിസ്ഥാനി... ഇന്ത്യക്ക് കൈമാറിയാല്‍ താന്‍ വേഗം മരിക്കും'; അവസാന അടവുമായി തഹാവൂർ റാണ
Published on

ഇന്ത്യയ്ക്ക് കൈമാറാനുള്ള നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ ആസൂത്രകന്‍ തഹാവൂർ റാണ യുഎസ് കോടതിയെ സമീപിച്ചു. ഇന്ത്യയ്ക്ക് കൈമാറിയാൽ താൻ വേഗം മരിക്കുമെന്ന് അദ്ദേഹം വാദിച്ചു. പാകിസ്ഥാൻ വംശജനായ താൻ ഒരു മുസ്ലീമായതിനാൽ ഇന്ത്യയിലേക്ക് നാടുകടത്തിയാൽ കടുത്ത പീഡനം ഏല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും റാണ അപ്പീലിൽ പറഞ്ഞു.

തൻ്റെ ആരോഗ്യം വഷളായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാർക്കിൻസൺസ് രോഗം, മൂത്രാശയ കാൻസറിന് സൂചന നൽകുന്ന രോഗങ്ങൾ എന്നിവയുൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങൾ തനിക്ക് ഉണ്ടെന്ന് അദ്ദേഹം ഹർജിയിൽ പറയുന്നതായി എഎൻഐ റിപ്പോർട്ട് ചെയ്തു.



ഇന്ത്യയ്ക്ക് കൈമാറാനുള്ള വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് തഹാവൂർ റാണ സമർപ്പിച്ചഹർജി യുഎസ് സുപ്രീം കോടതി അടുത്തിടെ തള്ളിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിലാണ് മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവുർ റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്. റാണയെ കൈമാറാനുള്ള അമേരിക്കയുടെ തീരുമാനത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചിരുന്നു.

പാകിസ്ഥാന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ച മുന്‍ സൈനിക ഡോക്ടറായ തഹാവുര്‍ ഹുസൈന്‍ റാണ, കനേഡിയന്‍ പൗരത്വം നേടി താമസം മാറുകയായിരുന്നു. 164 പേരുടെ മരണത്തിന് ഇടയാക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ്.  ഛത്രപതി ശിവാജി ടെര്‍മിനസ്, താജ്മഹല്‍ ഹോട്ടല്‍, നരിമാന്‍ ഹൗസ്, കാമ ആന്‍ഡ് ആല്‍ബെസ് ഹോസ്പിറ്റല്‍ തുടങ്ങി മുംബൈയിലെ പ്രധാന സ്ഥലങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരുടെ ആക്രമണം.


ഭീകരാക്രമണ കുറ്റത്തിന് ഇയാളെ പതിനാല് വര്‍ഷം ശിക്ഷയ്ക്ക് വിധിച്ചിരുന്നു. മുംബൈ ഭീകരാക്രമണത്തെ കുറിച്ച് അറിവുണ്ടായിരുന്നുവെന്നും പാകിസ്ഥാനിലെ തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടായിരുന്നുവെന്നുമാണ് റാണയ്‌ക്കെതിരായ ആരോപണം. ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും പാകിസ്ഥാന്‍-അമേരിക്കന്‍ ഭീകരനുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുമായി ചേര്‍ന്ന് റാണ ഗൂഢാലോചന നടത്തിയിരുന്നുവെന്ന് കണ്ടെത്തയിരുന്നു. ലഷ്‌കര്‍ ഇ ത്വയ്ബയ്ക്ക് ധനസഹായം നല്‍കിയതിൻ്റെ  പേരിൽ റാണയെ യുഎസ് ശിക്ഷയ്ക്ക് വിധേയമാക്കിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com