
സിനിമാ മേഖലയിൽ ഭയരഹിതമായും സുരക്ഷിതമായും ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സർക്കാരിനെ സംബന്ധിച്ചിടത്തോളം ശക്തവും വ്യക്തവുമായ നിലപാടാണുള്ളത്. പഴുതുകളടച്ചുള്ള അന്വേഷണമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. നടനും സിപിഎം എംഎല്‍എയുമായ മുകേഷിനെതിരെ ഉയർന്ന ലൈംഗികാതിക്രമ അരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്തും ആരോപണങ്ങൾ ഉണ്ടായിരുന്നുവെന്നും, അതില്‍ എന്തെങ്കിലും രീതിയിലുള്ള അന്വേഷണം നടന്നിരുന്നോയെന്നും മന്ത്രി ചോദിച്ചു. പരാതിക്കാർക്ക് സർക്കാരിൽ പൂർണവിശ്വാസമുണ്ട്. അതാണ് പരാതിയുമായി അവർ പരസ്യമായി രംഗത്തുവരുന്നതിന്‍റെ കാര്യം. മറ്റുകാര്യങ്ങൾ അന്വേഷണം നടന്നു കഴിഞ്ഞ് പറയാമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, മുകേഷിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. മുകേഷിന് കൂട ചൂടി നിൽക്കുകയാണ് സിപിഎം എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ ആക്ഷേപം. കോൺഗ്രസ് എംഎൽഎമാർക്കെതിരെ ആരോപണം വന്നപ്പോൾ തന്നെ നടപടിയെടുത്തെന്നും വി.ഡി. സതീശന്‍ പറഞ്ഞു. കോൺഗ്രസ് എംഎൽഎമാരെ ഉപയോഗിച്ചുള്ള പ്രചരണത്തിലൂടെ തടിയൂരാൻ ശ്രമിക്കേണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും പറഞ്ഞു. മുകേഷിനെതിരായ കേസില്‍ കോടതി സെപ്റ്റംബർ മൂന്ന് വരെ അറസ്റ്റ് തടഞ്ഞിട്ടുണ്ട്.