
ഇറ്റലിയിൽ നടക്കുന്ന 50മത് ജി7 ഉച്ചകോടിയിലാണ് ലോകത്തിന്റെ ശ്രദ്ധ. അതിനു കാരണം, ഇപ്പോഴും തുടരുന്ന രണ്ട് യുദ്ധങ്ങളാണ്. യുക്രെയ്നില്‍ റഷ്യ തുടരുന്ന യുദ്ധവും, ഇസ്രയേല്‍ സേന പലസ്തീന്‍ ജനതയോട് നടത്തുന്ന യുദ്ധവും. അധിനിവേശത്തിന്റെ ഭാഗമായാണ് റഷ്യന്‍ സൈന്യം യുക്രെയ്ന്‍ ജനതയ്ക്കുമേല്‍ ഇരച്ചുകയറിയത്. ഹമാസിനെതിരായ ആക്രമണത്തിന്റെ പേരിലാണ് ഇസ്രായേല്‍ സൈന്യം പലസ്തീന്‍ ജനതയ്ക്കെതിരെ ആക്രമണം തുടരുന്നത്. മാനുഷിക പ്രതിസന്ധി രൂക്ഷമായ ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ നിസഹായാവസ്ഥയിലാണ് ലോകരാജ്യങ്ങളുടെയാകെ ആശങ്ക.
ജൂൺ 15 വരെയാണ് ജി7 ഉച്ചകോടി. യുക്രെയ്നിലെയും ഗാസയിലെയും വെടിനിര്‍ത്തല്‍ ഇത്തവണത്തെ ഉച്ചകോടിയിലെ പ്രധാന അജണ്ടയാണ്. വെടിനിർത്തലിനൊപ്പം, ബന്ദികളെ മോചിപ്പിക്കൽ, ഗാസയ്ക്ക് സുരക്ഷയും ഉറപ്പാക്കുന്ന സമാധാന ഉടമ്പടി എന്നിവയും ഉച്ചകോടിയിൽ ചർച്ചയാകും. റഷ്യയുടെ ഏകപക്ഷീയമായ യുദ്ധത്തില്‍ പ്രതിസന്ധി അനുഭവിക്കുന്ന യുക്രെയ്നുള്ള പിന്തുണയും ഇത്തവണ അജണ്ടയിലുണ്ട്. 2022 ഫെബ്രുവരിയിൽ റഷ്യന്‍ അധിനിവേശം ആരംഭിച്ചതിനു പിന്നാലെ, പാശ്ചാത്യ രാജ്യങ്ങള്‍ മരവിപ്പിച്ച റഷ്യന്‍ ആസ്തികളുടെ ലാഭത്തില്‍നിന്ന് യുക്രെയ്ന് 50 ബില്യണ്‍ ഡോളര്‍ വായ്പ നല്‍കുന്ന കാര്യവും ഇത്തവണ പരിഗണിക്കുന്നുണ്ട്.
സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ മധ്യസ്ഥതയില്‍ തയ്യാറാക്കിയ വെടിനിര്‍ത്തല്‍ കരാര്‍, അംഗീകരിക്കാന്‍ ഹമാസിനോടും ആഹ്വാനം ചെയ്തേക്കും. മേഖലയിലെ സമാധാനത്തിനായി ദ്വിരാഷ്ട്ര പരിഹാരത്തിൻ്റെ പ്രാധാന്യം അംഗീകരിക്കണമെന്ന നേതാക്കളുടെ മുൻകാല നിലപാടുകൾ ആവർത്തിക്കാനും സാധ്യതയുണ്ട്.
ആഗോള വ്യാപാരത്തിലും, അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയിലും ആധിപത്യം പുലർത്തുന്ന ലോകത്തിലെ ഏറ്റവും വികസിത രാജ്യങ്ങളുടെ ഒരു സംഘടനയാണ് ജി7. യു എസ്, യു കെ, കാനഡ, ജർമനി, ഇറ്റലി, ജപ്പാൻ, ഫ്രാൻസ് എന്നിവരാണ് അംഗരാജ്യങ്ങൾ. റഷ്യയെ കൂടി ഉൾപ്പെടുത്തി 1998 ൽ G8 രൂപീകരിച്ചെങ്കിലും, അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും കാറ്റിൽ പറത്തി റഷ്യ ക്രിമിയ പിടിച്ചടക്കിയതോടെ 2014 ൽ രാജ്യത്തെ സംഘടനയില്‍ നിന്നും പുറത്താക്കുകയായിരുന്നു. അതേസമയം, ലോകത്തിലെ വലിയ സാമ്പത്തിക ശക്തിയും ലോക ജനസംഖ്യയില്‍ മുന്നിലായിരുന്നിട്ടും ചൈന സംഘടനയില്‍ അംഗമല്ല. അതേസമയം ഔട്ട് റീച്ച് രാജ്യമെന്ന നിലയില്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.