
എഐ വരവോടെ 9-5 ജോലികൾ ഇല്ലാതാകുമെന്ന ലിങ്ക്ഡ്ഇൻ സഹസ്ഥാപകനായ റീഡ് ഹോഫ്മാൻ്റെ പ്രവചനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. എഐ പരമ്പരാഗത തൊഴിൽ മേഖലയെ തടസ്സപ്പെടുത്തുമെന്നും തൊഴിൽ ക്രമീകരണങ്ങൾ ഇല്ലാതാക്കുമെന്നുമാണ് ഹോഫ്മാൻ്റെ വാദം. കരിയർ ബിൽഡിങ് സഹായ പ്ലാറ്റ്ഫോമായ ലിങ്ക്ഡ് ഇന്നിൻ്റെ സഹസ്ഥാപകനിൽ നിന്ന് തന്നെ ഇത്തരത്തിലുള്ള പരാമർശങ്ങളെത്തിയതാണ് വിഷയത്തെ കൂടുതൽ ഗൗരവതരമാക്കുന്നത്.
വ്യവസായിയും സ്റ്റാർട്ട്അപ്പുകൾക്ക് നിക്ഷേപം നൽകുന്ന ഏഞ്ചൽ ഇൻവെസ്റ്ററുമായ നീൽ ടപാരിയ പങ്കുവെച്ചതോടെയാണ് ഹോഫ്മാൻ്റെ പ്രവചന വീഡിയോ സോഷ്യൽ മീഡിയയിൽ കത്തികയറിയത്. 9-5 ജോലികൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന ക്യാപ്ഷനോട് കൂടിയാണ് നീൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചാറ്റ് ജിപിടിയുടെ വരവിന് ഏതാനും പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ സോഷ്യൽ മീഡിയ വിപ്ലവം, ഷെയറിങ്ങ് എക്കണോമി, എഐ എന്നിവയെ കുറിച്ച് ഹോഫ്‌മാൻ ചർച്ചകൾ നടത്തിയിരുന്നെന്നും നീൽ തൻ്റെ പോസ്റ്റിൽ പറയുന്നു.
എഐയുടെ ശക്തിയെകുറിച്ചാണ് പുതുതായി പുറത്തിറങ്ങിയ വീഡിയോയിൽ ഹോഫ്‌മാൻ വിശദീകരിക്കുന്നത്. എഐ വളർന്നതിൻ്റെ വേഗത അവിശ്വസനീയവും അൽപ്പം അസ്വസ്ഥവുമാണെന്നാണ് ഹോഫ്‌മാൻ്റെ പക്ഷം. ചാറ്റി ജിപിടി വിപണിയിൽ എത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ജോലികൾ അപ്രസക്തമായിത്തീർന്നിരുന്നു.
ഭാവിയിലെ തൊഴിലാളികൾ നിർബന്ധിത ജോലികളിലല്ല, മറിച്ച് ഗിഗ് എക്കണോമിയിലാണ് പങ്കാളികളാകുകയെന്ന് ഹോഫ്മാൻ പറയുന്നു. വ്യത്യസ്ത കരാറുകൾക്ക് കീഴിൽ ഒന്നിലധികം മേഖലകളിലെ വിവിധ കമ്പനികളുമായി പ്രവർത്തിക്കുന്ന വ്യവസ്ഥയാണ് ഗിഗ് എക്കോണമി. പരമ്പരാഗത ജോലികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഗിഗ് എക്കോണമി ഒരു വ്യക്തിക്ക് കൂടുതൽ ഓപ്ഷനുകൾ നൽകുന്നുണ്ടെങ്കിലും കുറഞ്ഞ തൊഴിൽ സുരക്ഷയാണ് ഈ മേഖലയിലെ വെല്ലുവിളി.
കൂടാതെ നിരവധി കമ്പനികൾ AI സാങ്കേതികവിദ്യകൾക്കൊപ്പം പ്രവർത്തിക്കാൻ ജീവനക്കാരെ പരിശീലിപ്പിക്കാനും തുടങ്ങി. ഭാവിയിൽ ഏതെങ്കിലും ഘട്ടത്തിൽ, സ്ഥിരം ജീവനക്കാരേക്കാൾ കൂടുതൽ വരുമാനം ഫ്രീലാൻസർമാർക്ക് ലഭിക്കുമെന്നും റെസ്യൂമെകളും സിവികളും അപ്രസക്തമാകുമെന്നും ഹോഫ്‌മാൻ അഭിപ്രായപ്പെട്ടു.