കോപ്പയില്‍ വീശുമോ അര്‍ജന്‍റീനിയന്‍ കൊടുങ്കാറ്റ്? രണ്ടാം കിരീടത്തില്‍ കണ്ണുംനട്ട് കൊളംബിയ

മയാമിയിലെ ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയത്തില്‍ വെച്ച് ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 5.30നായിരിക്കും ആവേശ പോരാട്ടം നടക്കുക.
കോപ്പയില്‍ വീശുമോ അര്‍ജന്‍റീനിയന്‍ കൊടുങ്കാറ്റ്? രണ്ടാം കിരീടത്തില്‍ കണ്ണുംനട്ട് കൊളംബിയ
Published on

കോപ്പ അമേരിക്ക ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയും ഇത്തവണത്തെ ശക്തമായ മത്സരം കാഴ്ചവെച്ച കൊളംബിയയും നേര്‍ക്കുനേര്‍ പോരാടാനൊരുങ്ങുകയാണ്. മയാമിയിലെ ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയത്തില്‍ വെച്ച് ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 5.30നായിരിക്കും ആവേശ പോരാട്ടം നടക്കുക.

തുടര്‍ച്ചയായ രണ്ടാം തവണയും കിരീടത്തില്‍ മുത്തമിടാനുള്ള തയാറെടുപ്പുമായാണ് മെസിയും കൂട്ടരും കളത്തിലിറങ്ങുന്നത്. മുപ്പതാം ഫൈനല്‍ കളിക്കാനൊരുങ്ങുന്ന അര്‍ജന്റീനയ്ക്ക് ഇത്തവണത്തെ കിരീടം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച എയ്ഞ്ചല്‍ ഡി മരിയയ്ക്കുള്ള യാത്രയയപ്പ് സമ്മാനം കൂടിയാകും.

എന്നാല്‍ 23 വര്‍ഷങ്ങള്‍ക്കിപ്പുറം ഫൈനല്‍ കളിക്കുന്ന കൊളംബിയയ്ക്ക് ഇത് അഭിമാന പോരാട്ടം കൂടിയാണ്. 2001ലാണ് അവസാനമായി കിരീടം സ്വന്തമാക്കിയത്. ഇത്തവണ ടൂര്‍ണമെന്‍റിലുടനീളം അതിശയകരമായ മുന്നേറ്റമാണ് കൊളംബിയ നടത്തിയത്. പരാഗ്വേയുമായുള്ള മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിജയിച്ചു കൊണ്ടാണ് കൊളംബിയ വിജയക്കുതിപ്പ് ആരംഭിക്കുന്നത്.

16-ാം കോപ്പ കിരീടമെന്ന യുറുഗ്വയുടെ മോഹം തല്ലിക്കെടുത്തിയാണ് സെമിയില്‍ എതിരില്ലാത്ത ഒരു ഗോളിന് കൊംളംബിയ ജയിച്ചു കയറിയത്. കൊളംബിയയുടെ ക്ലാസിക്ക് താരം ഹാമിഷ് റോഡ്രിഗസിന്റെ തിരിച്ചുവരവിന് കളമൊരുക്കിയ ടൂര്‍ണമെന്റ് കൂടിയായിരുന്നു ഇത്തവണത്തെ കോപ്പ അമേരിക്ക. ഫൈനലില്‍ വിജയിക്കാനായാല്‍ ഏറ്റവും കൂടുതല്‍ കോപ്പ അമേരിക്ക കിരീടം നേടിയ ടീം എന്ന ബഹുമതിയാണ് അര്‍ജന്‍റീനയെ കാത്തിരിക്കുന്നത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ തുടര്‍ച്ചയായ 28 ജയങ്ങള്‍ക്ക് ശേഷം രണ്ടാം കോപ്പ കിരീടം ലക്ഷ്യമിട്ടാണ് കൊംളംബിയ കലാശപ്പോരില്‍ പന്തുതട്ടാനിറങ്ങുന്നത്. 



Related Stories

No stories found.
News Malayalam 24x7
newsmalayalam.com