
മദ്യനയകേസിൽ ഡൽഹി മുൻമുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിനോട് ചോദിച്ച് ഡൽഹി ഹൈക്കോടതി. കേസിൽ സിബിഐ അറസ്റ്റ് ചെയ്ത് ജയിലിൽ കഴിയുന്ന കെജ്‌രിവാളിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ട്രയൽ കോടതി ഉത്തരവിനെതിരെ ഇഡി സമർപ്പിച്ച ഹർജി പരിഗണക്കവെയാണ് ഹൈക്കോടതിയുടെ ചോദ്യം.
"ഇത് ആശയക്കുഴപ്പമുണ്ടാക്കുന്നു. നിങ്ങൾ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നത്? നിങ്ങൾ കെജ്‌രിവാളിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ പോകുകയാണോ?"കേസിൽ ഇഡിയുടെ വാദം കേൾക്കുന്നതിനിടെ ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് നീന ബൻസാൽ ചോദിച്ചു.
അഡ്വക്കേറ്റ് വിവേക് ഗുർനാനിയാണ് ഇഡിക്ക് വേണ്ടി കോടതിയിൽ ഹാജരായത്. അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു മറ്റൊരു വിഷയത്തിൽ തിരക്കിലായതിനാൽ ജസ്റ്റിസ് നീന ബൻസാൽ തന്നെ കേസ് പരിഗണിക്കണമെന്ന് വിവേക് ഗുർനാനി അഭ്യർഥിച്ചു. കേസ് 'തികച്ചും പീഡന'പരമാണെന്നായിരുന്നു കെജ്‌രിവാളിൻ്റെ അഭിഭാഷകനായ വിക്രം ചൗധരി പറഞ്ഞത്. ഹർജിയുടെ തുടർവാദം സെപ്തംബർ 5ന് കോടതി പരിഗണിക്കും.
കേസുമായി ബന്ധപ്പെട്ട് ഡൽഹി റോസ് അവന്യൂ കോടതി ജൂൺ 20ന് കെജ്‌രിവാളിന് ജാമ്യം അനുവദിച്ചിരുന്നു, എന്നാൽ ഉത്തരവ് പിന്നീട് ഹൈക്കോടതി സ്റ്റേ ചെയ്തു. ഇഡി കേസിൽ ജൂലൈയിൽ സുപ്രീം കോടതി കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും സിബിഐ അറസ്റ്റ് ചെയ്തതിനാൽ നേതാവ് ജയിലിൽ തുടരുകയാണ്.