ഗാസ രക്തരൂക്ഷിതം; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 31 പേർ; അഭയാർഥി ക്യാംപുകളിലും ആക്രമണം

റോക്കറ്റുകളും ബോംബുകളും ഉപയോഗിച്ച് ഹമാസും ഇസ്ലാമിക് ജിഹാദും ആക്രമണങ്ങള്‍ക്ക് ശക്തമായ പ്രതിരോധം സൃഷ്ടിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ
ഗാസ രക്തരൂക്ഷിതം;  24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 31 പേർ; അഭയാർഥി ക്യാംപുകളിലും ആക്രമണം
Published on

ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കൊല്ലപ്പെട്ടത് 31 പേർ. ജബാലിയയിലും ഗാസ സിറ്റിയിലും അഭയാർഥി ക്യാംപുകളിലേക്കും ഇസ്രയേൽ ആക്രമണം നടത്തി. ബന്ദികളുടെ മോചനം ആവശ്യപ്പെട്ട് ഇസ്രയേലിൽ പ്രതിഷേധം ശക്തമാവുകയാണ്.

ഗാസ സിറ്റിയിലും ജബാലിയയിലും അഭയാർഥികൾ താമസിച്ചിരുന്ന സ്കൂളിലേക്ക് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 12 പേരാണ് കൊല്ലപ്പെട്ടത്. ജബാലിയയിൽ മാത്രം എട്ട് പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇസ്രയേൽ വ്യോമാക്രമണത്തിൽ ഗാസ സിറ്റിയിൽ ഒരു വീട്ടിലെ അഞ്ചിലധികം പേരാണ് കൊല്ലപ്പെട്ടത്. മേഖലയിൽ പ്രവർത്തിക്കുന്ന ഹമാസ് പോരാളികളെ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ സൈന്യം നൽകുന്ന വിശദീകരണം.


റോക്കറ്റുകളും ബോംബുകളും ഉപയോഗിച്ച് ഹമാസും ഇസ്ലാമിക് ജിഹാദും ആക്രമണങ്ങള്‍ക്ക് ശക്തമായ പ്രതിരോധം സൃഷ്ടിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഖത്തർ, യുഎസ്, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന മധ്യസ്ഥ ശ്രമം വിജയം കാണാത്തതിൽ ഇരുപക്ഷവും പരസ്പരം പഴിചാരുകയാണ്. വരും ദിവസങ്ങളിൽ വെടിനിർത്തലിനായി പുതിയ നിർദേശങ്ങൾ മുന്നോട്ട് വെയ്ക്കുമെന്ന് സിഐഎ ഡയറക്ടർ വില്യം ബേൺസ് വ്യക്തമാക്കിയിട്ടുണ്ട്. വെടിനിർത്തല്‍ സമ്പൂർണമായി നടപ്പാക്കാന്‍ സാധിച്ചാല്‍ മാത്രമേ ഗാസയില്‍ പോളിയോ വാക്സിനേഷന്‍ നടത്താന്‍ സാധിക്കൂ. പ്രദേശത്ത് പോളിയോ പടർന്ന് പിടിച്ച സാഹചര്യത്തിൽ നടത്തിയ വാക്സിനേഷൻ ഡ്രൈവിൽ ആറര ലക്ഷത്തിലധികം കുഞ്ഞുങ്ങൾ ഭാഗമായിട്ടുണ്ട്.

അതേസമയം,  ബന്ദികളെ മോചിപ്പിക്കാൻ ബെഞ്ചമിന്‍ നെതന്യാഹു ഭരണകൂടം മുൻകൈ എടുക്കണമെന്നാവശ്യപ്പെട്ട് 750,000 പേർ ഇസ്രയേലില്‍ തെരുവിലിറങ്ങി. ഇസ്രയേല്‍ കണ്ട ഏറ്റവും വലിയ പ്രതിഷേധമാണ് സർക്കാരിനെതിരെ നടന്നുകൊണ്ടിരിക്കുന്നത്. ഹമാസ് ബന്ദികളാക്കിയവരിലെ ആറ് പേരുടെ മൃതദേഹം കൂടി കണ്ടെടുത്തതോടെയാണ് ഇസ്രയേലിൽ പ്രതിഷേധം ശക്തമായത്. ഗാസ സ്ട്രിപ്പിലെ റഫാ മേഖലയിലെ ടണലില്‍ നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. കാർമൽ ഗാറ്റ്, ഈഡൻ യെരുഷാൽമി, ഹെർഷ് ഗോൾഡ്‌ബെർഗ്-പോളിൻ, അലക്സാണ്ടർ ലോബനോവ്, അൽമോഗ് സരുസി, ഒറി ഡാനിനോ എന്നിവരുടെ മൃതദേഹങ്ങൾ ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) ആണ് കണ്ടെത്തിയത്.

ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ കുറഞ്ഞത് 40,939 പേർ മരിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. 94,616 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഒക്ടോബർ 7ന് നടന്ന ഹമാസിന്‍റെ ഇസ്രയേല്‍ ആക്രമണത്തില്‍ 1,139പേരാണ് കൊല്ലപ്പെട്ടത്. 239 പേരാണ് ഹമാസിന്‍റെ ബന്ദികളായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com