ഗാസയിൽ ഭക്ഷ്യക്ഷാമം രൂക്ഷം; ബേക്കറിക്ക് പുറത്തെ തിരക്കിൽപ്പെട്ട് 3 മരണം

രണ്ട് കുട്ടികളും, ഒരു സ്ത്രീയുമാണ് കടുത്ത ഭക്ഷ്യക്ഷാമത്തിൻ്റെ പശ്ചാത്തലത്തിൽ ബേക്കറിക്ക് പുറത്തെ തിരക്കിൽ പെട്ട് മരണമടഞ്ഞത്
ഗാസയിൽ ഭക്ഷ്യക്ഷാമം രൂക്ഷം; ബേക്കറിക്ക് പുറത്തെ തിരക്കിൽപ്പെട്ട് 3 മരണം
Published on

യുദ്ധത്തിൻ്റെ ബാക്കിപത്രമായ ഗാസയിൽ ബേക്കറിക്ക് പുറത്തെ തിക്കിലും തിരക്കിലും പെട്ട് മൂന്ന് മരണം. രണ്ട് കുട്ടികളും, ഒരു സ്ത്രീയുമാണ് കടുത്ത ഭക്ഷ്യക്ഷാമത്തിൻ്റെ പശ്ചാത്തലത്തിൽ ബേക്കറിക്ക് പുറത്തെ തിരക്കിൽ പെട്ട് മരണമടഞ്ഞത്. 13ഉം, 17ഉം വയസുള്ള രണ്ട് പെൺകുട്ടികളുടെയും, 50 വയസുള്ള സ്ത്രീയുടെയും മൃതദേഹങ്ങൾ സെൻട്രൽ ഗാസയിലെ ദേർ അൽ-ബലാഹിലുള്ള അൽ-അഖ്‌സ ആശുപത്രിയിലേക്ക് എത്തിച്ചു. അൽ ബന്ന ബേക്കറിയിലുണ്ടായിരുന്ന തിരക്ക് കാരണം ശ്വാസം മുട്ടിയാണ് അവർ മരിച്ചതെന്ന് ഡോക്ടർ സ്ഥിരീകരിച്ചു.

ഭക്ഷ്യവസ്തുക്കളുടെ ക്ഷാമം കാരണം ഗാസയിലെ ചില ബേക്കറികൾ കഴിഞ്ഞയാഴ്ചകളിൽ അടച്ചിട്ടിരുന്നു. കഴിഞ്ഞയാഴ്ച ഗാസയിലെ ദൈർ- അൽ ബലാഹ് ബേക്കറി തുറന്നപ്പോൾ, ജനങ്ങൾ ഇരച്ചു കയറുന്ന വീഡിയോ പുറത്തുവന്നപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ചയായിരുന്നു. ഗാസ മുനമ്പിലുടനീളമുള്ള പലസ്തീനികൾ ബേക്കറികളെയും ചാരിറ്റബിൾ കിച്ചനുകളെയുമാണ് ഭക്ഷണത്തിനായി ആശ്രയിക്കുന്നത്. പല കുടുംബങ്ങൾക്കും ഒരു ദിവസം ഒരു നേരം മാത്രമാണ് ഭക്ഷണം കഴിക്കാൻ സാധിക്കുന്നത്.

ഇസ്രയേലിൻ്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം, 14 മാസങ്ങളോളമായി യുദ്ധം തുടരുന്ന ഗാസയിലേക്ക് കഴിഞ്ഞ രണ്ട് മാസമായി എത്തുന്ന ഭക്ഷണത്തിൽ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. ഗാസയിലെ ജനങ്ങളിൽ കടുത്ത പട്ടിണിയും നിരാശയും വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭയും, മറ്റ് സന്നദ്ധ ഉദ്യോഗസ്ഥരും പറയുന്നു.

ഗാസ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച് ഇതുവരെ, 44,000ത്തിലധികം ആളുകൾക്കാണ് പതിന്നാല് മാസത്തോളമായി തുടരുന്ന യുദ്ധത്തിൽ ജീവൻ പൊലിഞ്ഞത്. 1,04,000ത്തിലധികം പേർക്ക് പരുക്കുകളേറ്റിട്ടുമുണ്ട്. കണക്കുകൾ പ്രകാരം, ഇസ്രയേൽ ഗാസയുടെ ഭൂരിഭാഗം ഭാഗങ്ങളും നശിപ്പിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com