'കണ്ണില്‍ ദ്രാവകം ഒഴിച്ചു, കൈവിലങ്ങിട്ട ശേഷം തല്ലി'; കള്ളക്കേസില്‍ കുടുക്കി പൊലീസ് മർദിച്ചെന്ന് യുവതി

ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു എന്നത് പോലും പൊലീസ് പരിഗണിച്ചില്ലെന്നും യുവതി ആരോപിക്കുന്നു
'കണ്ണില്‍ ദ്രാവകം ഒഴിച്ചു, കൈവിലങ്ങിട്ട ശേഷം തല്ലി'; കള്ളക്കേസില്‍ കുടുക്കി പൊലീസ് മർദിച്ചെന്ന് യുവതി
Published on

മാല മോഷ്‌ടിച്ചെന്ന കള്ളക്കേസിൽ കുടുക്കി പൊലീസ് മർദിച്ചെന്ന പരാതിയുമായി യുവതി. പാലക്കാട് മണ്ണാർക്കാട് സ്വദേശിനിയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു എന്നത് പോലും പൊലീസ് പരിഗണിച്ചില്ലെന്നും യുവതി ആരോപിക്കുന്നു. പരാതിയിൽ നടപടിയുണ്ടായില്ലെന്നും യുവതി പറയുന്നു.

ഫെബ്രുവരി 26നാണു മണ്ണാർക്കാട്ടെ വീട്ടിൽ നിന്ന് യുവതിയെ തൃപ്പൂണിത്തുറ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. തൃപ്പൂണിത്തുറയിൽ വാടകയ്ക്ക് താമസിക്കുന്ന വീടിന് സമീപമുള്ള സുകുമാരൻ നായരുടെ മാല മോഷ്ടിച്ചെന്ന കേസിലാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. ചിട്ടിയുമായി ബന്ധപ്പെട്ട് സുകുമാരൻ നായരുടെ ഭാര്യയുമായുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളാണ് യുവതിയിലേക്ക് പൊലീസിന്‍റെ സംശയം എത്തിച്ചത്. തൃപ്പൂണിത്തുറയിലെത്തിച്ച യുവതിയോട് മോഷണക്കുറ്റം സമ്മതിക്കണമെന്ന് വനിതാ പൊലീസ് അടക്കം ഭീഷണിപ്പെടുത്തിയെന്നും ഇതിനു വഴങ്ങാതിരുന്നതോടെ മൂന്നു ദിവസത്തോളം കസ്റ്റഡിയിൽ വെച്ച് പീഡിപ്പിച്ചുവെന്നും യുവതി പറയുന്നു. പൊലീസ് കണ്ണിൽ ദ്രാവകം ഒഴിച്ചുവെന്നും, കൈവിലങ്ങിട്ട ശേഷം വടി കൊണ്ട് അടിച്ചുവെന്നും യുവതി കൂട്ടിച്ചേർത്തു.

Also Read: നടുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവതിക്ക് പീഡനം; വടകര സ്വദേശിയായ അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റില്‍

കാഴ്ച മങ്ങിയതായും ശരീരമാസകലം പരുക്കുകളുള്ളതായും യുവതിയുടെ വൈദ്യ പരിശോധന റിപ്പോർട്ടിലുണ്ട്. ഹിൽ പാലസ് പൊലീസ് സ്റ്റേഷനിലെ എസ്ഐ രേഷ്മ, സിപിഓ പ്രിയ, ഇപ്പോൾ എസ്പി റാങ്കിലുള്ള വർഗീസ് എന്നിവർക്കെതിരെ യുവതി എറണാകുളം കമ്മീഷണർക്കാണ് പരാതി നൽകിയത്. അന്വേഷണത്തിന് ഉത്തരവിട്ടതിനു പിന്നാലെ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ ഇക്കഴിഞ്ഞ ഓഗസ്റ്റിൽ റിപ്പോർട്ട് സമർപ്പിച്ചു. മർദനത്തിന് തെളിവുകൾ ഇല്ലെന്നും അതിനാൽ മറ്റു നടപടികൾ സ്വീകരിക്കുന്നില്ലെന്നുമായിരുന്നു റിപ്പോർട്ടിന്റെ ഉള്ളടക്കം. ഇതോടെയാണ് പൊലീസിനെതിരെ യുവതി പരസ്യമായി രംഗത്ത് വന്നത്. തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്നും സംഭവത്തിൽ തുടരന്വേഷണം വേണമെന്നുമാണ് യുവതിയുടെ ആവശ്യം. ഇതിനായി സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിക്കാനൊരുങ്ങുകയാണ് യുവതി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com