കോഴിക്കോട് യുവതിയും ഗർഭസ്ഥ ശിശുവും മരിച്ചു: ചികിത്സാ പിഴവെന്ന് ആരോപണം

ആശുപത്രി അധികൃതർക്കെതിരെ കുടുംബം പോലീസിൽ പരാതി നൽകി
കോഴിക്കോട് യുവതിയും ഗർഭസ്ഥ ശിശുവും മരിച്ചു: ചികിത്സാ പിഴവെന്ന് ആരോപണം
Published on

കോഴിക്കോട് എകരൂലിൽ യുവതിയും ഗർഭസ്ഥശിശുവും മരിച്ചു. എകരൂൽ സ്വദേശി അശ്വതിയും കുഞ്ഞുമാണ് അത്തോളി മലബാർ മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചത്. പിന്നാലെ മലബാർ മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണങ്ങളുമായി അശ്വതിയുടെ കുടുംബം രംഗത്തെത്തി. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് അശ്വതിയും കുഞ്ഞും മരിക്കാൻ കാരണമെന്നാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് ബന്ധു അരുൺ ന്യൂസ് മലയാളത്തോട് പറഞ്ഞു.

ഈ മാസം 7ാം തിയതിയാണ് പ്രസവവേദനയെ തുടർന്ന് അശ്വതിയെ മലബാർ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്യുന്നത്. രണ്ട് ദിവസത്തിന് ശേഷം അശ്വതിക്ക് വീണ്ടും അതിതീവ്ര വേദന അനുഭവപ്പെട്ടു. ഇതോടെ ആശുപത്രി അധികൃതർ അശ്വതിക്ക് ഇൻജക്ഷൻ നൽകി. ഈ മരുന്ന് ഓവർഡോസായതാണ് മരണത്തിന് കാരണമെന്നാണ് കുടുംബത്തിൻ്റെ പ്രധാന ആരോപണം.

ഇൻജക്ഷൻ നൽകിയ ശേഷം യുവതിയെ പ്രസവത്തിനായി ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റി. കുഞ്ഞും അമ്മയും സുഖമായിരിക്കുന്നു എന്നായിരുന്നു അധികൃതർ ആദ്യം കുടുംബത്തിന് നൽകിയ വിവരം. എന്നാൽ അൽപസമയത്തിന് ശേഷം കുഞ്ഞ് അമ്മയുടെ വയറ്റിൽ നിന്ന് തന്നെ മരണപ്പെട്ടതായി ഇവർ അറിയിച്ചു. ഇതോടെ അശ്വതിയെ എങ്കിലും ജീവനോടെ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുബം.

പിന്നാലെ മൂന്ന് ശസ്ത്രക്രിയ നടന്നതായും അശ്വതിക്ക് ആന്തരിക രക്തസ്രാവമുണ്ടായതായും അധികൃതർ പറഞ്ഞു. യുവതിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനും നിർദേശം നൽകി. എന്നാൽ സ്വകാര്യ ആശുപത്രി നടത്തിയ പ്രാഥമിക പരിശോധനയിൽ തന്നെ യുവതിയുടെ നില അതീവ ഗുരുതരമാണെന്ന് വ്യക്തമായിരുന്നു. നേരത്തെ ആവശ്യമായ ചികിത്സ ലഭിച്ചിരുന്നെങ്കിൽ അശ്വതിയെ രക്ഷിക്കാമെന്നായിരുന്നു സ്വകാര്യ ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരം. ആശുപത്രിയിൽ പ്രവേശിപ്പിച്ച് മണിക്കൂറുകൾക്കകം തന്നെ അശ്വതി മരണത്തിന് കീഴടങ്ങിയിരുന്നു.

ശസ്ത്രക്രിയയുടെ സമയത്ത് സീനിയർ ഡോക്ടർമാർ എത്താഞ്ഞതും, മരുന്ന് ഓവർഡോസായതുമാണ് മരണത്തിന് കാരണമെന്നാണ് കുടുംബത്തിൻ്റെ ആരോപണം. അത്യാധുനിക സൗകര്യങ്ങളുണ്ടായിട്ടും വലിയ പിഴവുണ്ടായെന്നും, അശ്വതിയെ രക്ഷിക്കാൻ ആശുപത്രി അധികൃതർക്ക് കഴിഞ്ഞില്ലെന്നും അശ്വതിയുടെ ബന്ധു അരുൺ ന്യൂസ് മലയാളത്തോട് പറഞ്ഞു. വിഷയത്തിൽ നിയമപരമായി നീങ്ങാനാണ് കുടുംബത്തിൻ്റെ തീരുമാനം. കുഞ്ഞിൻ്റെ അസ്വാഭാവിക മരണത്തിൽ അത്തോളി പൊലീസ് നേരത്തെ കേസെടുത്തിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com