
പാലക്കാട് ലൈംഗികാതിക്രമം തടഞ്ഞ യുവതിക്ക് വെട്ടേറ്റു. കഞ്ചിക്കോട് കൊട്ടിൽപ്പാറ സ്വദേശിക്കാണ് വെട്ടേറ്റത്. പ്രദേശവാസിയായ അക്രമി സൈമൺ ഒളിവിലാണ്. പരുക്കേറ്റ യുവതിയെ പാലക്കാട് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു യുവതിക്ക് നേരെ ആക്രമണമുണ്ടായത്. അമ്മക്കൊപ്പം തോട്ടത്തിൽ പുല്ല് ശേഖരിക്കാൻ എത്തിയതായിരുന്നു യുവതി. ചായയെടുക്കാനായി അമ്മ വീട്ടിലേക്ക് മടങ്ങിപ്പോഴാണ് സൈമണ്‍ യുവതിയെ ആക്രമിച്ചത്. കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന സൈമൺ യുവതിയെ കടന്നുപിടിക്കുകയായിരുന്നു.
ഇയാൾ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ യുവതി ചെറുത്തു നിന്നു. ഇതോടെയാണ് യുവതിയുടെ കയ്യിലുണ്ടായിരുന്ന കത്തി പിടിച്ചുവാങ്ങി സൈമൺ ആക്രമിക്കുന്നത്. യുവതിയുടെ മുഖത്താണ് വെട്ടേറ്റത്. ബഹളംകേട്ട് സമീപവാസികള്‍ എത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടിരുന്നു. പരുക്കേറ്റ യുവതി അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ട്.