കയ്യിൽ യുഎസ് പാസ്‌പോർട്ടും ഇന്ത്യൻ ആധാർ കാർഡും; ഉൾക്കാട്ടിനുള്ളിൽ ചങ്ങലയ്ക്കിട്ട നിലയിൽ മധ്യവയസ്ക

ശനിയാഴ്ച കാടിന് അപ്പുറമുള്ള സൊനു‍ർളി ​ഗ്രാമത്തിലെ ഒരു ആട്ടിടയൻ, ഇവരുടെ കരച്ചിൽ കേട്ട് നടത്തിയ തെരച്ചിലിലാണ് കാട്ടിൽ ചങ്ങലയ്ക്കിട്ട നിലയിൽ ഇവരെ കണ്ടെത്തിയത്.
കയ്യിൽ യുഎസ് പാസ്‌പോർട്ടും ഇന്ത്യൻ ആധാർ കാർഡും; ഉൾക്കാട്ടിനുള്ളിൽ ചങ്ങലയ്ക്കിട്ട നിലയിൽ മധ്യവയസ്ക
Published on

മഹാരാഷ്ട്രയിലെ സിന്ധുപൂർ ജില്ലയിലെ കാട്ടിൽ ഇരുമ്പ് ചങ്ങലയ്ക്കിട്ട നിലയിൽ 50 വയസുകാരിയെ കണ്ടെത്തി. കാട്ടിലെ ഒരു മരത്തിൽ ചങ്ങലയ്ക്കിട്ട നിലയിൽ കണ്ടെത്തിയ വനിതയുടെ പക്കൽ നിന്ന് യുഎസ് പാസ്പോ‍ർട്ടിൻ്റെ ഫോട്ടോ കോപ്പിയും, തമിഴ്നാട് വിലാസമുള്ള ആധാ‍ർ കാർഡുമടക്കമുള്ള രേഖകൾ പൊലീസ് കണ്ടെടുത്തു. ശനിയാഴ്ച സിന്ധുപൂർ കാടിന് അപ്പുറമുള്ള സൊനു‍ർളി ​ഗ്രാമത്തിലെ ഒരു ആട്ടിടയൻ ഇവരുടെ കരച്ചിൽ കേട്ട് നടത്തിയ തെരച്ചിലിലാണ് മധ്യവയസ്ക്കയെ കാട്ടിൽ ചങ്ങലയ്ക്കിട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

"മധ്യവയസ്ക്കയെ ആദ്യം സവന്ത്‌വാഡിയിലെ ആശുപത്രിയിലും, പിന്നീട് സിന്ധു ദു‍ർ​ഗിലെ ഒറോസിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ കൂടുതൽ മികച്ച ചികിത്സ ഉറപ്പുവരുത്താനായി അവരെ നിലവിൽ ​ഗോവ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമ്പതുകാരി അപകടനില തരണം ചെയ്തിട്ടുണ്ട്. അവർക്ക് മാനസിക പ്രശ്നങ്ങളുള്ളതായി അവരിൽ നിന്ന് കണ്ടെടുത്ത മെഡിക്കൽ റിപ്പോർട്ടുകളും, അവരെ ചികിത്സിച്ച ഡോക്ടർമാരും സ്ഥിരീകരിച്ചിട്ടുണ്ട്," പൊലീസ് പറഞ്ഞു.

ഇവരുടെ കയ്യിൽ നിന്നും തമിഴ്നാട് വിലാസമുള്ള ആധാർ കാർഡും, യുഎസ് പാസ്പോർട്ടും കണ്ടെടുത്തു. സ്ത്രീയുടെ പേര് ലളിത കായ് എന്നാണെന്നും പൊലീസ് പറഞ്ഞു. അവരുടെ വിസ കാലാവധി കഴിഞ്ഞെന്നും, പൗരത്വം സ്ഥിരീകരിക്കുന്നതിനായി ഫോറിനേർസ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതായും പൊലീസ് അറിയിച്ചു. പൊലീസിന് ലഭിച്ച രേഖകളിൽ നിന്ന് നടത്തിയ അന്വേഷണത്തിൽ ഇവർ പത്ത് വർഷത്തോളമായി ഇന്ത്യയിൽ താമസിക്കുന്നതായും കണ്ടെത്തി.

അവർ മൊഴി നൽകാൻ സാധിക്കുന്ന അവസ്ഥയിലല്ലെന്നും, ദിവസങ്ങളോളം മഴ കൊണ്ടതും, ഭക്ഷണം കഴിക്കാത്തതുമെല്ലാം അവരെ ക്ഷീണിതയാക്കിയതായും പൊലീസ് അറിയിച്ചു. തമിഴ്നാട് സ്വദേശിയായ ഇവരുടെ ഭർത്താവ് ഇവരെ മരത്തിൽ കെട്ടിയിട്ട് മുങ്ങിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. തമിഴ്നാട്ടിലും ​ഗോവയിലുമെല്ലാം ഇവരുടെ ബന്ധുക്കളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം തുടരുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com