
തൃശ്ശൂർ റെയിൽവേ പ്ലാറ്റ്ഫോമിൽ യുവതി പ്രസവിച്ചു. ഇന്നു രാവിലെ പത്തുമണിയോടെയാണ് ഇതര സംസ്ഥാനക്കാരിയായ യുവതി റെയിൽ വേ പ്ലാറ്റ്‌ഫോമിൽ കുഞ്ഞിന് ജന്മം നൽകിയത്. തുടർന്ന് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി.
പ്ലാറ്റ്ഫോം നമ്പർ ഒന്നിൽ എസ്കലേറ്ററിന് സമീപത്തു നിന്നാണ് പൂർണ്ണ ഗർഭിണിയായ സ്ത്രീയെ അവശനിലയിൽ അധികൃതർ കണ്ടെത്തിയത്. പ്രസവവേദന ആരംഭിച്ചതോടെ യുവതിയെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും പ്ലാറ്റ്ഫോമിൽ പ്രസവിക്കുകയായിരുന്നു.
ഇതോടെ റെയിൽവേ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ അജിതാകുമാരിയുടെ നേതൃത്വത്തിൽ സിആർപിഎഫ് പ്രവർത്തകർ പ്രസവരക്ഷ നടത്തി. പ്രസവം പൂർത്തിയാക്കിയ ശേഷം അമ്മയെയും കുഞ്ഞിനെയും പിന്നീട് തൃശ്ശൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.