
സ്ത്രീധനത്തിൻ്റെ പേരിൽ ഭർത്താവ് ക്രൂരമായി മർദിച്ചെന്നാരോപിച്ച് യുവതിയുടെ പരാതി. ഉത്തർപ്രദേശിലെ ലഖ്നൗ സ്വദേശിയായ 40 കാരിയാണ് ഭർത്താവിനെതിരെ പരാതി നൽകിയത്. മറ്റൊരു യുവാവുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചതായും പരാതിയിൽ പറയുന്നു.
2015 ലാണ് ചൈനയിൽ ജോലി ചെയ്യുന്ന ഗണേഷ് സ്വദേശിയായ യുവാവും പരാതിക്കാരിയും തമ്മിലുള്ള വിവാഹം. 15 ലക്ഷം രൂപ വിവാഹ സമയത്ത് സ്ത്രീധനമായി യുവാവ് ചോദിച്ചു വാങ്ങിയിരുന്നു. വിവാഹശേഷം യുവാവ് ചൈനയിലേക്ക് തിരികെ പോയിരുന്നെങ്കിലും ഒരു മാസത്തിനകം മടങ്ങി നാട്ടിലെത്തിയിരുന്നു. ശേഷം മദ്യപിച്ച് വീട്ടിലെത്തുന്ന യുവാവ് സ്ത്രീധനത്തിൻ്റെ പേരിൽ യുവതിയെ ക്രൂരമായി മർദിച്ചിരുന്നു. ഇരുവർക്കും പെൺകുഞ്ഞ് പിറന്നതോടെ ഭർത്താവ് മാത്രമല്ല ഭർതൃവീട്ടുകാരുടെയും ഉപദ്രവം വർധിച്ചതായി പരാതിയിൽ പറയുന്നു.
പിന്നീട് ഇരുവരും ചൈനയിലേക്ക് പോയിരുന്നു. അവിടെ വച്ച് അക്രമം തുടർന്നതായി യുവതി പറയുന്നു. കോവിഡ് വ്യാപനത്തോടെ തിരികെ നാട്ടിലേക്ക് മടങ്ങുന്നതിനിടെ യുവതിയുടെ വിസയും രണ്ട് ലക്ഷം രൂപയും യുവാവ് കൈക്കലാക്കിയിരുന്നു. തിരികെ വീണ്ടും ചൈനയിലേക്ക് പോകുന്നതിനിടെ രണ്ട് ലക്ഷം രൂപയും 10 ലക്ഷം രൂപയുടെ ആഭരണങ്ങളും അപഹരിച്ചതായി പരാതിയിൽ പറയുന്നു.
ഇതിനുമുമ്പും സമാനമായ രീതിയിൽ യുവാവിനെതിരെ ലക്നൌ പൊലീസിൽ പരാതിപ്പെട്ടിരുന്നെങ്കിലും കേസ് ഒത്തുതീർപ്പാക്കിയിരുന്നു. ഇക്കഴിഞ്ഞ മാർച്ച് നാലാം തീയതി ഭർത്താവിനൊപ്പം ചൈനയിലേക്ക് പോയെങ്കിലും സ്ത്രീധനത്തിൻ്റെ പേരിൽ വീണ്ടും അക്രമം ഉണ്ടായതായി യുവതി പറയുന്നു. സെക്സ് വീഡിയോ കാണാൻ നിർബന്ധിക്കുകയും മറ്റുള്ളവരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചതായും പരാതിയിൽ പറയുന്നുണ്ട്.
ജീവന് ഭീഷണിയാകുമെന്ന് തോന്നിയതോടെ യുവതി ഇന്ത്യൻ എംബസിയുടെ സഹായം അഭ്യർഥിക്കുകയായിരുന്നു. പിന്നാലെയാണ് യുവതിയെ തിരികെ നാട്ടിലെത്തിച്ചത്. നാട്ടിലെത്തി പൊലീസിൽ പരാതി നൽകാനായിരുന്നു എംബസി നൽകിയ നിർദേശം. ഇതനുസരിച്ചാണ് യുവതി ലക്നൌ നാക്ക പൊലീസിൽ പരാതി നൽകിയത്. യുവതിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.