
ജമ്മു കശ്മീരിൽ വ്യോമസേന വിംഗ് കമാൻഡർക്കെതിരെ ലൈംഗികാരോപണവുമായി വനിത ഫ്ലൈയിംഗ് ഓഫിസർ. ന്യൂ ഇയർ പാർട്ടിക്കിടെ മുറിയിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നും, പരാതി നൽകിയിട്ടും ഇൻ്റേണൽ കമ്മിറ്റി അന്വേഷിച്ചില്ലെന്നുമാണ് ആരോപണം. യുവതിയുടെ പരാതിയിൽ ബുദ്ഗാം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വർഷം ഡിസംബർ ഇരുപത്തിമൂന്നിന് ആണ് സംഭവം. ഓഫിസർമാരുടെ മെസ്സിൽ നടന്ന ന്യൂ ഇയർ പാർട്ടിക്കിടെ മുറിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. വിങ് കമാൻഡറെ തള്ളിമാറ്റി മുറിയിൽ നിന്ന് രക്ഷപെടുകയായിരുന്നെന്നും വനിത ഫ്ലൈയിംഗ് ഓഫിസർ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി ലൈംഗികാതിക്രമവും മാനസിക പീഡനവും അനുഭവിക്കുന്നുണ്ടെന്നും ഫ്ലൈയിംഗ് ഓഫീസർ പരാതിയിൽ പറയുന്നു.
ALSO READ: കൊൽക്കത്ത ബലാത്സംഗക്കൊല: 51 ഡോക്ടർമാർക്ക് നോട്ടീസ്, ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം
കമാൻഡർക്കെതിരെ യുവതി ആദ്യം മേലുദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ കേണൽ റാങ്കിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി. എന്നാൽ ഈ വർഷം ജനുവരിയിൽ രണ്ടു തവണ മൊഴി രേഖപ്പെടുത്താൻ പ്രതിയെ തന്നോടൊപ്പം ഇരുത്തിയതായും അതിനെ എതിർത്തതായും യുവതി ആരോപിച്ചു. പിന്നീട് പരാതിയുമായി ഇൻ്റേണൽ കമ്മിറ്റിയെ സമീപിച്ചു.
എന്നാൽ ദൃക്സാക്ഷികളില്ലെന്ന് ചൂണ്ടികാട്ടി അന്വേഷണം അവസാനിപ്പിച്ചതായും യുവതി പറയുന്നു. പ്രതികാര നടപടിയെന്നോണം തൻ്റെ ലീവുകൾ നിഷേധിക്കപ്പെട്ടതായും യുവതി പറഞ്ഞു. യുവതിയുടെ പരാതിയിൽ ബുദ്ഗാം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതോടെ അന്വേഷണത്തോട് സഹകരിക്കുമെന്ന് വ്യോമസേന അറിയിച്ചിട്ടുണ്ട്.