മൈക്രോ ഫിനാന്‍സ് അംഗങ്ങള്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തി, അവധി ചോദിച്ചിട്ടും നല്‍കിയില്ല; തൃശൂര്‍ യുവതി ജീവനൊടുക്കിയതായി പരാതി

മൈക്രോ ഫിനാന്‍സ് അംഗങ്ങള്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തി, അവധി ചോദിച്ചിട്ടും നല്‍കിയില്ല; തൃശൂര്‍ യുവതി ജീവനൊടുക്കിയതായി പരാതി

യുവതി മുറിയുടെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും വാതില്‍ തകര്‍ത്ത് അകന്ന് കടന്നപ്പോഴാണ് തൂങ്ങി നില്‍ക്കുന്നതായി കണ്ടത്.
Published on

മൈക്രോ ഫിനാന്‍സ് സംഘങ്ങളുടെ ഭീഷണിയെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയതായി പരാതി. തൃശൂര്‍ എറിയാട് സ്വദേശിനി ഷിനി രതീഷാണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിലെത്തിയ മൈക്രോ ഫിനാന്‍സ് സംഘങ്ങളുടെ പ്രതിനിധികള്‍ ഷിനിയെ പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു.

അവധി ചോദിച്ചിട്ടും ഇവര്‍ വീട്ടില്‍ നിന്ന് പോകാന്‍ കൂട്ടാക്കാതെ ഇരുന്നതോടെ യുവതി വീട്ടിലെ കിടപ്പ് മുറിയില്‍ കയറി ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. കിടപ്പു മുറയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയ യുവതിയെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു.

തിരിച്ചടവ് തുക മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് മൈക്രോ ഫിനാന്‍സ് അംഗങ്ങള്‍ യുവതിയുടെ വീട്ടിലെത്തുകയായിരുന്നു. ഉച്ചവരെ മൈക്രോ ഫിനാന്‍സ് അംഗങ്ങള്‍ വീട്ടില്‍ തുടര്‍ന്നു. മടങ്ങി പോകാന്‍ തയ്യാറാകാതിരുന്നതോടെ യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

യുവതി മുറിയുടെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും വാതില്‍ തകര്‍ത്ത് അകന്ന് കടന്നപ്പോഴാണ് തൂങ്ങി നില്‍ക്കുന്നതായി കണ്ടത്. തുടര്‍ന്ന് ഉടന്‍ തന്നെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ആറ് മണിയോടെയാണ് മരിച്ചത്.

സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൈക്രോ ഫിനാന്‍സ് അംഗങ്ങളെ അടക്കം വിളിച്ചു വരുത്തി ചോദ്യം ചെയ്യുമെന്നും തുടര്‍നടപടികള്‍ വേഗത്തില്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

യുവതിയുടെ പോസ്റ്റ്‌മോര്‍ട്ടമടക്കമുള്ള തുടര്‍ നടപടികള്‍ വേഗത്തില്‍ തന്നെ സ്വീകരിക്കുമെന്നും മൈക്രോ ഫിനാന്‍സ് അംഗങ്ങളുടെ ഭീഷണിയെ തുടര്‍ന്നാണ് യുവതി മരിച്ചതെങ്കില്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

News Malayalam 24x7
newsmalayalam.com