
ഉത്തര്‍പ്രദേശില്‍ മകളെ കൊല്ലാന്‍ അമ്മ ഏര്‍പ്പെടുത്തിയ കൊലയാളി അമ്മയെ കൊന്നു. മകളുടെ കാമുകനാണെന്നറിയാതെയാണ് അമ്മ ക്വട്ടേഷന്‍ നല്‍കിയത്. മകളുടെ പ്രണയബന്ധത്തില്‍ അസ്വസ്ഥയായതോടെയാണ് 42കാരിയായ അല്‍ക്ക ദേവി, മകളെ കൊലപ്പെടുത്താന്‍ കൊലയാളിയെ ഏര്‍പ്പെടുത്തിയത്.
എന്നാല്‍, അമ്മ ഏര്‍പ്പെടുത്തിയ വാടകക്കൊലയാളിയായ സുഭാഷ് (38)തന്നെയായിരുന്നു മകളുടെ കാമുകന്‍. തുടര്‍ന്ന് മകളും കാമുകനും ആസൂത്രണം ചെയ്ത് അമ്മ അല്‍ക്കയെ കൊലപ്പെടുത്തുകയായിരുന്നു. ഒക്ടോബര്‍ 6 ന് അല്‍ക്കയുടെ മൃതദേഹം ഇറ്റാ ജില്ലയിലെ തിനപ്പാടത്തില്‍ കണ്ടെത്തിയതിനു പിന്നാലെയാണ് കൊലപാതകത്തെ കുറിച്ച് പുറംലോകമറിയുന്നത്.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ഒക്ടോബര്‍ 5 ശനിയാഴ്ച അല്‍ക്ക ഇറ്റയിലേക്ക് പോയിരുന്നു. രാത്രിയായിട്ടും മടങ്ങി വരാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് രമാകാന്ത് ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും ഞായറാഴ്ച വൈകിട്ടു വരെ യാതൊരു വിവരവും ലഭിച്ചിരുന്നില്ല. പിന്നീട്, തിനപ്പാടത്തു നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിയുവാനായി രാമനാഥനെ പൊലീസ് ബന്ധപ്പെടുകയായിരുന്നു.
മൃതദേഹം അല്‍ക്കയുടേതാണെന്ന് തിരിച്ചറിഞ്ഞതിനു പിന്നാലെ രാമനാഥന്‍ പൊലീസില്‍ പരാതി നല്‍കി. അഖിലേഷ്, അനികേത് എന്നിവര്‍ക്കെതിരെയായിരുന്നു പരാതി. അല്‍ക്കയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളായിരുന്നു ഇരുവരും. ഈ കേസില്‍ അഖിലേഷിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ഇതിന്റെ പ്രതികാരമായി അഖിലേഷും അനികേതും ചേര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തിയതാകാമെന്നായിരുന്നു രമാകാന്തിന്റെ സംശയം.
തട്ടിക്കൊണ്ടു പോകലിനു ശേഷം അല്‍ക്ക മകളെ ഫറൂഖാബാദ് ജില്ലയിലെ സിക്കന്ദര്‍പൂര്‍ ഖാസിലുള്ള തന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിപ്പിച്ചിരുന്നത്. ഇവിടെ വെച്ചാണ് പെണ്‍കുട്ടി സുഭാഷുമായി പരിചയപ്പെടുന്നതും പ്രണയത്തിലായതും. മറ്റൊരു കേസില്‍ പത്ത് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ് സുഭാഷ്. പെണ്‍കുട്ടിയുമായി പ്രണയത്തിലായ സുഭാഷ് പെൺകുട്ടിക്ക് ഒരു മൊബൈല്‍ ഫോണും നല്‍കിയിരുന്നു.
ഈ പ്രണയ ബന്ധത്തില്‍ അസ്വസ്ഥയായ അല്‍ക്ക മകളെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി സുഭാഷിന് 50,000 രൂപയും വാഗ്ദാനം ചെയ്തു. ക്വട്ടേഷന്‍ നല്‍കിയ സുഭാഷുമായാണ് മകള്‍ക്ക് പ്രണയ ബന്ധമുള്ളതെന്ന് അല്‍ക്ക അറിഞ്ഞിരുന്നില്ല.
അല്‍ക്കയില്‍ നിന്നും ക്വട്ടേഷന്‍ സ്വീകരിച്ച സുഭാഷ് വിവരം പെണ്‍കുട്ടിയെ അറിയിച്ചു. അമ്മയെ കൊലപ്പെടുത്തിയാല്‍ സുഭാഷിനെ വിവാഹം കഴിക്കാമെന്ന് പെണ്‍കുട്ടി വാഗ്ദാനം ചെയ്തു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് പദ്ധതി തയ്യാറാക്കി. പെൺകുട്ടിയെ കൊലപ്പെടുത്തിയതായി തെറ്റിദ്ധരിപ്പിച്ച് അല്‍ക്കയിൽ നിന്നും പണം തട്ടുകയായിരുന്നു ലക്ഷ്യം. എന്നാല്‍, അല്‍ക്കയില്‍ നിന്നും പണം ലഭിക്കാതായതോടെ, സുഭാഷ് അല്‍ക്കയെ ആഗ്രയിലേക്ക് വിളിച്ചു വരുത്തി. പെണ്‍കുട്ടിക്കൊപ്പമാണ് സുഭാഷ് ഇവിടെയെത്തിയത്. തുടര്‍ന്ന് മൂന്ന് പേരും ഇറ്റയിലേക്ക് പോയി. ഇവിടെ വെച്ച് അല്‍ക്കയെ കൊലപ്പെടുത്തുകയായിരുന്നു. മകളെയും സുഭാഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും കുറ്റസമ്മതം നടത്തിയിട്ടുണ്ട്.