
റോഡിലെ കുഴിയടയ്ക്കാത്തതിനെതിരെ കൊല്ലത്ത് ധനമന്ത്രി കെ.എൻ. ബാലഗോപാലിനു മുന്നിൽ സ്ത്രീയുടെ ഒറ്റയാൾ പ്രതിഷേധം. കൊട്ടാരക്കര പടിഞ്ഞാറ്റിൻകര തടവിള പുത്തൻവീട്ടിൽ ഗിരിജാകുമാരിയാണ് മന്ത്രിക്കെതിരെ ഒറ്റയ്ക്ക് പ്രതിഷേധിച്ചത്. കൊട്ടാരക്കര പുത്തൂർ റോഡിലെ കുഴികൾക്ക് പരിഹാരമാകാത്തതിലായിരുന്നു ഗിരിജാകുമാരിയുടെ പ്രതിഷേധം.
കൊട്ടാരക്കരയിൽ കർഷകരെ ആദരിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ മന്ത്രിക്ക് മുന്നിലേക്കാണ് പ്ലക്കാർഡുമായി ഗിരിജാകുമാരിയെത്തിയത്. കാറിൽ നിന്ന് മന്ത്രി പുറത്തിറങ്ങിയപ്പോൾ തന്നെ ഗിരിജാകുമാരി കയ്യിൽ ഉണ്ടായിരുന്ന പ്ലക്കാർഡ് ഉയർത്തി കാറിന് മുന്നിലേക്ക് ചാടി പ്രതിഷേധിക്കുകയായിരുന്നു. 15 മിനിറ്റാേളം ഇവർ മന്ത്രിക്കെതിരെ പ്രതിഷേധിച്ചു. കൊട്ടാരക്കര-പുത്തൂർ റോഡിൽ മുസ്ലീം സ്ട്രീറ്റിലെ കുഴികൾ അടക്കാത്തതിനെതിരെയായിരുന്നു വേറിട്ട പ്രതിഷേധം. ഇവിടെ നിരവധി വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാണെന്നും, പരിഹാരം ഉണ്ടാകുന്നില്ലന്നുമാണ് ഗിരിജാ കുമാരിയുടെ ആരോപണം.
പ്രതിഷേധത്തിനൊടുവിൽ ഗിരിജാകുമാരിയെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. റോഡിൻ്റെ നവീകരണപ്രവർത്തനം ഉടൻ ആരംഭിച്ചില്ലങ്കിൽ ശക്തമായ ഒറ്റയാൾ സമരം ആരംഭിക്കുമെന്നും ഗിരിജാകുമാരി അറിയിച്ചു.