ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ ലൈംഗികാതിക്രമ ശ്രമം; രക്ഷപ്പെടാന്‍ ട്രാക്കിലേക്ക് ചാടിയ യുവതിക്ക് പരിക്ക്

ജോലി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുന്ന വഴിയായിരുന്നു ആക്രമണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on

തെലങ്കാനയില്‍ ട്രെയിനിലെ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ യുവതിക്കു നേരെ ലൈംഗികാതിക്രമ ശ്രമം. ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാനായി ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയ യുവതിക്ക് സാരമായി പരിക്കേറ്റു. തേലാപൂര്‍-മേഡ്ചല്‍ എംഎംടിഎസ് ട്രെയിനില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

തെലങ്കാനയിലെ അനന്തപൂര്‍ ജില്ലയില്‍ ഉരവകൊണ്ട സ്വദേശിയായ യുവതിക്കു നേരെയാണ് ആക്രമണമുണ്ടായത്. ഫുഡ് ഡെലിവറി ആപ്പില്‍ ജോലി ചെയ്യുന്ന 23 കാരി മെഡ്ചലിലെ വനിതാ ഹോസ്റ്റലിലാണ് താമസിക്കുന്നത്. ജോലി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുന്ന വഴിയായിരുന്നു ആക്രമണം.

ശനിയാഴ്ച രാത്രി 7.15 ഓടെയാണ് സെക്കന്തരാബാദ് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് യുവതി ട്രെയിന്‍ കയറുന്നത്. ഈ സമയത്ത് യുവതിക്കൊപ്പം രണ്ട് യാത്രക്കാരികളും ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നു. ഇവര്‍ അല്‍വാല്‍ സ്‌റ്റേഷനില്‍ ഇറങ്ങിയതോടെ യുവതി കമ്പാര്‍ട്ട്‌മെന്റില്‍ തനിച്ചായിരുന്നു.

ഈ സമയത്താണ് ഇരുപത്തിയഞ്ച് വയസ് പ്രായം തോന്നിക്കുന്ന അജ്ഞാതനായ പുരുഷന്‍ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ കയറിയത്. യുവതി തനിച്ചാണെന്ന് മനസ്സിലാക്കിയതോടെ ഇയാള്‍ മോശമായി പെരുമാറാന്‍ തുടങ്ങി. ഇയാള്‍ കടന്നുപിടിച്ചതോടെ രക്ഷപ്പെടാനായി യുവതി ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. ട്രാക്കിലേക്ക് വീണ പെണ്‍കുട്ടിക്ക് തലയ്ക്കും മുഖത്തും വലതു കൈക്കും അരക്കെട്ടിനും പരിക്കേറ്റിട്ടുണ്ട്.

ട്രാക്കിന് സമീപത്തു കൂടി പോയവരാണ് പരിക്കേറ്റ് കിടക്കുന്ന യുവതിയെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചത്. നിലവില്‍ സെക്കന്താരാബാദിലെ ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ് പെണ്‍കുട്ടി. ആക്രമിച്ചയാളെ തിരിച്ചറിയാന്‍ സാധിക്കുമെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com