
പാലക്കാട് യാക്കരപ്പുഴയിൽ അഴുകിയ നിലയിലുള്ള സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മെഡിക്കൽ കോളേജിന് സമീപമുള്ള പുഴയിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് പുഴയിൽ പൊങ്ങി കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. മൃതശരീരത്തിന് അഞ്ച് ദിവസത്തെ പഴക്കം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
വിവരത്തെ തുടര്‍ന്ന് ഫയർ ഫോഴ്സും പാലക്കാട് സൗത്ത് പൊലീസും സ്ഥലത്തെത്തി. നാല്പപത് വയസ് പ്രായം തോന്നിക്കുന്ന യുവതി ചുരിദാറായിരുന്നു ധരിച്ചിരുന്നത്. എന്നാൽ മൃതശരീരത്തില്‍ അടിവസ്ത്രമോ, പാന്‍റോ ഉണ്ടായിരുന്നില്ല. മൃതദേഹത്തിൻ്റെ വലതു കൈത്തണ്ടയിൽ B.S എന്നും ഇടതു കൈത്തണ്ടയിൽ S എന്നും പച്ച കുത്തിയിട്ടുണ്ട്.
സംഭവത്തിൽ ആദ്യം ദുരൂഹത തോന്നിയെങ്കിലും ഇൻക്വസ്റ്റിൽ പരിക്കുകളൊന്നും കണ്ടെത്തിയില്ല. പോസ്റ്റുമോർട്ടത്തിലും മുങ്ങി മരണം എന്നതാണ് പ്രാഥമിക നിഗമനം. ജില്ലയിൽ കാണാതായ വ്യക്തികളെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.