സ്ത്രീകൾക്ക് എന്നെ വളരെ ഇഷ്ടം, ഗർഭച്ഛിദ്രത്തെ പറ്റി ഇനി ചിന്തിക്കേണ്ടി വരില്ല: ഡൊണാൾഡ് ട്രംപ്

സ്ത്രീകൾക്ക് എന്നെ വളരെ ഇഷ്ടമാണെന്നും, ഇഷ്ടമല്ല എന്ന തരത്തിൽ പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു
സ്ത്രീകൾക്ക് എന്നെ വളരെ ഇഷ്ടം, ഗർഭച്ഛിദ്രത്തെ പറ്റി ഇനി ചിന്തിക്കേണ്ടി വരില്ല: ഡൊണാൾഡ് ട്രംപ്
Published on

ഗർഭച്ഛിദ്രത്തെ പറ്റി ഇനി അമേരിക്കയിലെ സ്ത്രീകൾക്ക് ചിന്തിക്കേണ്ടി വരില്ലെന്ന വിചിത്ര പ്രസ്താവനയുമായി മുൻ അമേരിക്കൻ പ്രസിഡൻ്റും, റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപ്. സ്ത്രീകൾ സംരക്ഷിക്കപ്പെടും, താൻ സ്ത്രീകളുടെ സംരക്ഷകനാകുമെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞ ദിവസം പോൾ ഫലങ്ങൾ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസിന് മുൻതൂക്കം പ്രവചിച്ച പെൻസിൽവാനിയയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയായിരുന്നു ട്രംപിൻ്റെ പ്രസ്താവന.

സ്ത്രീകൾക്ക് എന്നെ വളരെ ഇഷ്ടമാണെന്നും, ഇഷ്ടമല്ല എന്ന തരത്തിൽ പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. സ്ത്രീകൾക്ക് സന്തോഷവും, ആരോഗ്യവും, ധൈര്യവും, സ്വാതന്ത്യവും ഉണ്ടാകുമെന്നും ട്രംപ് പറഞ്ഞു.

കഴിഞ്ഞ ദിവസം, രാജ്യത്തെ സ്ത്രീകളുടെ പേടി സ്വപ്നമായി ട്രംപ് മാറിയിരിക്കുകയാണെന്ന് കമല ഹാരീസ് വിമർശനമുയർത്തിയിരുന്നു. അമേരിക്കയിൽ ഗർഭ നിരോധന ഗുളിക കഴിച്ച് രണ്ട് സ്ത്രീകൾ മരിച്ച സാഹചര്യത്തിലായിരുന്നു കമലയുടെ വിമർശനം. ഗർഭഛിദ്ര നിരോധനത്തിലൂടെ അമേരിക്കയിലെ സ്ത്രീകളുടെ ജീവന് ഭീഷണിയായി ട്രംപ് മാറിയെന്നും, അതിനാൽ തന്നെ വിജയിപ്പിക്കണമെന്നും ജോര്‍ജിയയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കമല പറഞ്ഞത്. നേരത്തെ ടെലിവിഷൻ സംവാദത്തിലും കമല ഇക്കാര്യം ഉന്നയിച്ചിരുന്നു.

പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ സ്ത്രീകളുടെ പിന്തുണ കമല ഹാരിസിനാണെന്ന് സൂചിപ്പിക്കുന്ന സർവേ ഫലങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. 54 ശതമാനം സ്ത്രീകൾ കമലയ്ക്ക് പിന്തുണ പ്രഖ്യാപിക്കുമ്പോൾ മുൻ പ്രസിഡൻ്റ് കൂടിയായ ട്രംപിന് 41 ശതമാനം മാത്രമാണ് പിന്തുണ ലഭിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com