
ഒട്ടെല്ലാ മേഖകളിലും ആൺ പെൺ വ്യത്യാസമില്ലാതെ മനുഷ്യർ ഒരുപോലെ പണിയെടുക്കുന്ന കാലമാണിത്. പയ്യന്നൂർ നഗരസഭയിലെ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഒരു വനിതാ സെക്യുരിറ്റി സേന രൂപീകരിച്ച വാർത്തയും ഈ വനിതാ ദിനത്തിൽ വരുന്നു. സ്ഥാപനങ്ങളുടെ കാവൽ മാത്രമല്ല, പൊതുപരിപാടികളുടെ സുരക്ഷ അടക്കം സേവനങ്ങൾ ഇവർ നൽകും.
പയ്യന്നൂരിലെ ഈ സെക്യൂരിറ്റി പെണ്ണുങ്ങൾ നാടിനാകെ മാതൃകയാണ്. ഒരു തൊഴിലും ആരുടെയും കുത്തകയല്ലെന്ന് വിളിച്ചുപറയുകയാണ് മഞ്ജുള, ദീപ, വിനീത, വസുമതി, കവിത, ബിന്ദു, ശ്രീദേവി, സുമതി തുടങ്ങിയവർ. 2020 ലെ കോവിഡ് ലോക്‌ഡൗൺ കാലത്താണ് ഇവർ ഈ തൊപ്പിയും കുപ്പായവും അണിയുന്നത്.
വിവാഹ പരിപാടികൾ, ഗൃഹ പ്രവേശ ചടങ്ങുകൾ, ഉദ്ഘാടനങ്ങൾ തുടങ്ങി എല്ലായിടത്തും ഇന്ന് സെക്യൂരിറ്റി വേഷത്തിൽ ഇവരുണ്ട്. വാഹന പാർക്കിങ്ങിലടക്കം എവിടെയും ഏത് തിരക്കും ഇവർ നിയന്ത്രിക്കും.ബഹുഭൂരിഭാഗം ആളുകളും സഹോദരിമാരെ പോലെ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് പെരുമാറുന്നത് എന്നാണ് ഇവർ പറയുന്നത്. ചുരുക്കം ചില മോശം പെരുമാറ്റങ്ങൾ ഉണ്ടെങ്കിലും അതിനെ ഭംഗിയായി ഡീൽ ചെയ്യാനും ഇവർക്കറിയാം.
സ്വകാര്യ സ്ഥാപനങ്ങളിൽ രാത്രി കാലങ്ങളിലും ഇവർ സെക്യുരിറ്റി ജോലി ചെയ്യുന്നുണ്ട്. പയ്യന്നൂർ മുൻസിപ്പാലിറ്റി ഓഫീസിന്റെ സമ്പൂർണ്ണ സുരക്ഷയും ഇവരുടെ കയ്യിൽ തന്നെ. ഓഫീസിലേക്കുള്ള പല പ്രതിഷേധ മാർച്ചുകളെയും പ്രതിരോധിച്ചിട്ടുമുണ്ട് ഇവർ. ഇവരിൽ ഒരാൾക്കാണ് മുൻസിപ്പാലിറ്റി ഓഫീസിലെ സെക്യൂരിറ്റി ചുമതല. ഓരോ ദിവസം മാറി മാറിയാണ് ഡ്യുട്ടി. തൊഴിൽ രഹിതരായിരുന്ന 20 ലേറെ സ്ത്രീകൾക്കാണ് പദ്ധതി ചെറുതെങ്കിലും വരുമാന മാർഗ്ഗമാകുന്നത്.