
ഇന്ദുലക്ഷ്മി എന്ന യുവ സംവിധായികയ്ക്ക് എതിരായ കെഎസ്‌എഫ്‌ഡിസി ചെയർമാൻ ഷാജി എൻ. കരുണിൻ്റെ വക്കീൽ നോട്ടീസിൻ്റെ പശ്ചാത്തലത്തിൽ, കെഎസ്‌എഫ്‌ഡിസി ചെയർമാനുമായി ബന്ധപ്പെട്ട സമാനമായ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ സ്ത്രീപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തിൽ സംയുക്ത പ്രസ്താവന സമർപ്പിച്ചു.
പ്രസ്താവനയുടെ പൂർണ രൂപം
2019ൽ സ്ത്രീ ശാക്തീകരണത്തിന് വേണ്ടി സർക്കാർ തുടങ്ങിയ വനിതാ സിനിമ പദ്ധതിയുടെ ഭാഗമായാണ് ഇന്ദുലക്ഷ്മി അവരുടെ ആദ്യ സിനിമയായ ' നിള' ചെയ്തിട്ടുള്ളത്. ആ സിനിമയുടെ പല ഘട്ടങ്ങളിലായി അവർ നേരിട്ട മാനസിക പീഡനങ്ങളെക്കുറിച്ചും ഷാജി എൻ. കരുണിൽ നിന്നും ഉണ്ടായ നിരുത്തരവാദിത്തപരമായ സമീപനങ്ങളെക്കുറിച്ചും അവർ കത്ത് മുഖേന സാംസ്കാരികവകുപ്പിനു പല തവണ പരാതികൾ നൽകിയിട്ടുണ്ട്.
ഈ പദ്ധതിയിലെ മറ്റു സംവിധായകരും സമാനമായ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചു മന്ത്രിക്കും സാംസ്‌കാരിക വകുപ്പിനും കത്തുകൾ നൽകിയിട്ടുണ്ട്. എന്നാൽ സാംസ്‌കാരിക വകുപ്പിൽ നിന്നും വേണ്ട പിന്തുണ ലഭിക്കാത്തതിനാൽ ഈ പദ്ധതിയുടെ ഭാഗമായി സിനിമകൾ ചെയ്ത 3 സംവിധായകർ മീഡിയയിൽ അവർ നേരിട്ട ഗുരുതരമായ പ്രശ്നങ്ങളെ കുറിച്ച് സംസാരിച്ചിട്ടുമുണ്ട്. ഇത്രയൊക്കെ ഉണ്ടായിട്ടും പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നതിനുപകരം പകരം കെഎസ്‌എഫ്‌ഡിസി ചെയർമാൻ ഈ സംവിധായകരെ തുടർച്ചയായി വേട്ടയാടുകയാണ് ചെയ്തിട്ടുള്ളത് എന്നാണ് അവരുടെ പരസ്യ പ്രസ്താവനകളിൽ നിന്നും മനസ്സിലാക്കുവാൻ കഴിയുന്നത്.
'നിള' എന്ന സിനിമ റിലീസ് ചെയ്തതിനു ശേഷവും കെഎസ്‌എഫ്‌ഡിസിയിൽ നിന്നും ഷാജി എൻ. കരുണിൽ നിന്നും ഇന്ദുലക്ഷ്മിക്ക് പരോക്ഷമായ വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് അവർ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. അവരെ ഇനി ഒരു സിനിമ ഇവിടെ ചെയ്യിക്കില്ല എന്ന് ഷാജി എൻ. കരുൺ സ്റ്റാഫ് മീറ്റിംഗിൽ പല വട്ടം പറഞ്ഞതായി അതുല്യ പ്രകാശൻ എന്ന കെഎസ്‌എഫ്‌ഡിസിയിലെ ഒരു മുൻ ജീവനക്കാരി കത്തിലൂടെ സാക്ഷ്യം പറഞ്ഞിട്ടുണ്ട്. കെഎസ്‌എഫ്‌ഡിസിയിൽ താൻ നേരിട്ട കടുത്ത സ്ത്രീ വിരോധത്തെക്കുറിച്ചും പീഡനങ്ങളെക്കുറിച്ചും അഴിമതികളെക്കുറിച്ചും അതുല്യ പരസ്യമായി പറഞ്ഞിട്ടും ഉണ്ട്.
ഷാജി എൻ. കരുണിനെതിരെ കെഎസ്‌എഫ്‌ഡിസിയിലെ മറ്റൊരു ജീവനക്കാരിയും അവർ നേരിട്ട അവഹേളനങ്ങളെക്കുറിച്ച് മനുഷ്യാവകാശ കമ്മീഷനിൽ പരാതിപ്പെട്ടിട്ടുണ്ട്. ഷാജി എൻ. കരുണിനെതിരെയും അദ്ദേഹം ചെയർമാനായ കാലയളവിൽ കെഎസ്‌എഫ്‌ഡിസിയിൽ ഉണ്ടായിട്ടുള്ള ക്രമക്കേടുകളെക്കുറിച്ചും മറ്റു പരാതികളും നിലവിൽ ഉണ്ട്.
ഇപ്പോൾ നടക്കുന്ന 29 മത് രാജ്യാന്തര ചലച്ചിത്രമേളയിൽ മത്സരവിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട 'അപ്പുറം' എന്ന സിനിമ ഇന്ദുലക്ഷ്മിയുടെ രണ്ടാമത്തെ സിനിമയാണ്. ഇപ്പോൾ ജർമനിയിൽ താമസിക്കുന്ന അവർ ഐഎഫ്എഫ്കെ അറ്റൻഡ് ചെയ്യുവാൻ നാട്ടിൽ എത്തിയ സമയത്താണ് ഷാജി എൻ. കരുൺ അവർക്കെതിരെ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
ഒരു കലാകാരിയുടെ അതിജീവനത്തിനെതിരെയുള്ള ഗൂഢാലോചനയുടെ തെളിവാണ് ഇത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്ന സാഹചര്യത്തിൽ അവർ നേരിട്ടിട്ടുള്ള പീഡനങ്ങളുടെ വെളിച്ചത്തിൽ നയ രൂപീകരണ സമിതിയിൽ ഷാജി എൻ കരുണിന്റെ സാനിധ്യം അവർ ചോദ്യം ചെയ്തിരുന്നതിനെ എതിർത്തതുകൊണ്ടാണ് ഷാജി എൻ. കരുൺ മാനനഷ്ടത്തിന് 50 ലക്ഷം നഷ്ടപരിഹാരം ചോദിച്ചുകൊണ്ട് കെഎസ്‌എഫ്‌ഡിസിയുടെ ലീഗൽ അഡ്വൈസർ മുഖേന കത്ത് നൽകിയിരിക്കുന്നത്.
നയ രൂപീകരണത്തിലും കോൺക്ലേവിലും ഇരിക്കുവാൻ ഷാജി എൻ കരുൺ അയോഗ്യനാണ് എന്ന് ഈ പദ്ധതിയിലെ മറ്റു സംവിധായകരും അവരുടെ അനുഭവങ്ങളുടെ വെളിച്ചത്തിൽ അന്ന് പറഞ്ഞിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം എന്നത് തികച്ചും ജനാധിപത്യപരമായ ഒരു അവകാശമാണെന്നിരിക്കെ തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ചും പീഡനങ്ങളെക്കുറിച്ചും അതിനു കാരണക്കാരായവരെക്കുറിച്ചും തുറന്നു സംസാരിക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്തുവാനും ഇന്ദുലക്ഷ്മിക്ക് അവകാശം ഉണ്ട്.
കെഎസ്‌എഫ്‌ഡിസി ചെയർമാനായ ഷാജി എൻ. കരുണിന്റെ ഭാഗത്തു നിന്നുണ്ടായ പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് പകരം അഭിപ്രായം പറയുന്നവരെ ആക്രമിക്കുന്ന രീതി ഒട്ടും ശരിയല്ല. ഷാജി എൻ. കരുണിനെതിരെ ഗുരുതരമായ മെന്റൽ ഹറാസ്മെന്റ് ഉൾപ്പെടെയുള്ള ആരോപണങ്ങൾ നിലവിൽ ഉണ്ടായിട്ടും നയ രൂപീകരണത്തിനും കോൺക്ലേവിനും അദ്ദേഹത്തിനെ തന്നെ ഗവണ്മെന്റ് നിയോഗിച്ചത് ഒട്ടും ശരിയായില്ല. അദ്ദേഹത്തിന്റെ സിനിമകൾക്ക് ലഭിച്ച അവാർഡുകൾ ഒന്നും തന്നെ അദ്ദേഹത്തിന്റെ സ്ത്രീ വിരുദ്ധ സമീപനങ്ങളെ ലഘൂകരിക്കുന്നതല്ല. അവാർഡുകളുണ്ട് എന്ന പേരിൽ മനുഷ്യാവകാശ ലംഘനങ്ങൾ ചെയ്യുന്നത്
തടയേണ്ടതുണ്ട്.
ഇന്ദുലക്ഷ്മി അവരുടെ ആദ്യ സിനിമയിൽ നേരിട്ട വെല്ലുവിളികളെ അതിജീവിച്ചു മറ്റൊരു സിനിമയുമായി ഐഎഫ്എഫ്കെ പോലെയുള്ള ഒരു വേദിയിൽ എത്തുമ്പോൾ അവരെ മാനസികമായി തകർക്കുവാനായി ഷാജി എൻ. കരുൺ ശ്രമിക്കുന്നത് ഒരു മുതിർന്ന കലാകാരന് യോജിച്ച കാര്യമല്ല. സർക്കാരിന്റെ പ്രഖ്യാപിത സ്ത്രീപക്ഷ നയത്തിനു കടകവിരുദ്ധമാണ്. സ്ത്രീ സിനിമ പദ്ധതിയിലും എസ്‌ടി എസ്‌സി സിനിമ പദ്ധതിയിലും ഉള്ള സംവിധായകർക്ക് കടുത്ത മാനസീക പീഡനം നൽകി അതെല്ലാം സാധൂകരിക്കാനുള്ള ശ്രമം ഒട്ടും സ്വീകാര്യമല്ല.
ഇതിനു സർക്കാർ കൂട്ട് നിൽക്കരുത് എന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്.
ഇത്രമാത്രം സ്ത്രീവിരുദ്ധത പുലർത്തുന്ന ഒരു വ്യക്തിയെ ഹേമാകമ്മിറ്റിപോലെ വിപ്ലവാത്മകമായ ഒരു റിപ്പോർട്ടിനെ തുടർന്ന് രൂപീകരിക്കപ്പെടുന്ന സമിതിയിൽ നിർണായക പദവി നൽകുന്നത് അതിന്റെ പ്രഖ്യാപിത ലക്ഷ്യത്തെ തുരങ്കം വെക്കുന്നതാണ്. ഈ ഗുരുതരമായ പ്രശ്നത്തിൽ നീതിപൂർവമായ ഒരു തീരുമാനം ബഹു. മുഖ്യമന്ത്രി കൈക്കൊള്ളണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നുവെന്നാണ് പ്രസ്‌താവനയിൽ പറയുന്നത്.
അജിത. കെ, ഏലിയാമ്മ വിജയൻ,സച്ചിദാനന്ദൻ, കെ.ആർ. മീര, പ്രൊഫ: കുസുമംജോസഫ്, ഡോ. രേഖ രാജ്, മേഴ്‌സി അലക്സാണ്ടർ, സോണിയ, ജോർജ്, വിജി പെൺകൂട്ട്, എം. സുൽഫത്ത്, അഡ്വ: ഭദ്രകുമാരി, ഡോ: ബിനിത തമ്പി, ആശ അച്ചി ജോസഫ്,അഡ്വ: അബിജ, സീറ്റ ദാസൻ,
ശ്രീജ ആറങ്ങോട്ടുകര, വിനയ.എൻ.എ, എൻ.സുബ്രഹ്മണ്യൻ, ഡോ: കെ.ടി.അഷ്റഫ് വയനാട്, അഡ്വ: മരിയ, ഡോ: ഷീബ.കെ.എം, അഡ്വ: നിമ്മി, ജോൺസൺ, ഗിരിജാ പാർവതി,ഡോ:ജാൻസി ജോസ്, ശ്രീകല ടിഎസ്, ബീനമോൾ S. G, ജിഷ സൂര്യ, ശ്യാമള കോയിക്കൽ, ശ്രീജ പി, ഷീബ p ജോർജ്,
വസന്ത P, രാജലക്ഷ്മി K. M, സുനിത. N, സാവിത്രി K. K,ലക്ഷ്മി ഇന്ദ്രമ്പിള്ളി, ജാനകി പുൽപറമ്പിൽ,ദിവ്യ ദിവാകരൻ, നെജു ഇസ്മയിൽ, അഡ്വ: ലിലിയ, രോഹിണി മുത്തൂർ, സ്മിത K. B, ഹമീദ C. K, നിഷ്വാ ഷെറിൻ P.T, മേഘ ആൻ ജോസഫ് ,അർച്ചന മോഹൻ, ആരാധ്യ കൃഷ്ണ, അഡ്വ. സന്ധ്യ രാജു
നബീസ സെയ്ദ്, ഗീത തങ്കമണി,ജാസ്മിൻ മാലിക്, അനീഷ ഐക്കുളത്ത്, ജഗദീശൻ K. G,സ്വർണലത എം, രാജരാജേശ്വരി, സുധി ദേവയാനി,
സരള ഇടവലത്ത്, രജനി വെള്ളോറ, സുലോചന രാമകൃഷ്ണൻ, അനിത ബാബുരാജ്, എന്നിവരാണ് സംയുക്ത പ്രസ്‌താവനയിൽ ഒപ്പുവച്ചത്.