വനിതാ ദിനം: തമിഴ്‌നാട്ടിൽ നിരത്തിലിറങ്ങുന്നത് 100 പിങ്ക് ഓട്ടോകൾ

ഘട്ടം ഘട്ടമായി 250 പിങ്ക് ഓട്ടോകൾ പുറത്തിറക്കുമെന്നും സർക്കാർ അറിയിച്ചു
വനിതാ ദിനം: തമിഴ്‌നാട്ടിൽ നിരത്തിലിറങ്ങുന്നത് 100 പിങ്ക് ഓട്ടോകൾ
Published on

സ്ത്രീകളുടെ സുരക്ഷയും ചലനശേഷിയും വർധിപ്പിക്കുന്നതിനുള്ള നീക്കവുമായി തമിഴ്‌നാട് സർക്കാർ. വനിതാ ദിനമായ മാർച്ച് 8ന് ചെന്നൈയിൽ 100 പിങ്ക് ഓട്ടോകൾ നിരത്തിലിറക്കുമെന്ന് സർക്കാർ അറിയിച്ചു. സംസ്ഥാനത്ത് നേരത്തെ പിങ്ക് ബസുകൾ നിരത്തിലിറക്കിയത് വിജയമായിരുന്നു. ഇതേത്തുടർന്നാണ്  ഘട്ടം ഘട്ടമായി 250 പിങ്ക് ഓട്ടോകൾ പുറത്തിറക്കുമെന്ന് അറിയിപ്പ് പുറത്തുവിട്ടത്.

സ്ത്രീകൾ മാത്രം ഓടിക്കുന്ന ഈ ഓട്ടോറിക്ഷകൾ സ്ത്രീ യാത്രക്കാർക്ക് മാത്രമായിരിക്കും. സുരക്ഷിതവും വിശ്വസനീയവുമായ ഗതാഗത സൗകര്യം പ്രദാനം ചെയ്യുകയെന്നാണ് ഇതിൻ്റെ പിന്നിലുള്ള ലക്ഷ്യം. ഓരോ പിങ്ക് ഓട്ടോറിക്ഷയിലും അടുത്തുള്ള പൊലീസ് സ്റ്റേഷനുമായി ബന്ധിപ്പിച്ചിട്ടുള്ള ജിപിഎസ് സംവിധാനം ഉണ്ടായിരിക്കും. തത്സമയ ട്രാക്കിങും സ്ത്രീ യാത്രക്കാർക്ക് അധിക സുരക്ഷയും ഇതുവഴി ഉറപ്പാക്കാൻ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.



പിങ്ക് ഓട്ടോകൾ ബുക്ക് ചെയ്യുന്നതിനായി ഒരു പ്രത്യേക ആപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഏതാനും ആഴ്ചകൾക്കുള്ളിൽ ഇത് പ്രവർത്തനക്ഷമമാകുമെന്നും തമിഴ്‌നാട് വനിതാ ശാക്തീകരണ മന്ത്രി പി ഗീത ജീവൻ പ്രഖ്യാപിച്ചു. ഡ്രൈവർമാർക്ക് അധിക കമ്മീഷൻ നൽകാതെ മിതമായ നിരക്കിൽ യാത്രക്കാർക്ക് റൈഡുകൾ ബുക്ക് ചെയ്യാൻ ആപ്പ് സഹായകരമാകും.

പിങ്ക് ഓട്ടോകളുടെ നിരക്കുകൾ സാധാരണ മഞ്ഞ ഓട്ടോകൾക്ക് തുല്യമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അറിയിപ്പിൽ പറയുന്നു. പൊതുഗതാഗതത്തിൽ സ്ത്രീ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും വനിതാ ഡ്രൈവർമാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള തീരുമാനത്തിൻ്റെ ഭാഗമായാണ് തീരുമാനം പുറത്തുവിട്ടത്.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com