
ഇലക്ട്രോണിക്ക് വോട്ടിങ് മെഷീനെതിരെ രൂക്ഷ വിമർശനങ്ങളുന്നയിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ലോക്‌സഭ സമ്മേളനത്തിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിന് ശേഷമുള്ള നന്ദി പ്രമേയ ചർച്ചയിൽ സംസാരിക്കുന്നതിനിടെയായിരുന്നു വിമർശനം. ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പിൽ 80 മണ്ഡലങ്ങളിലും വിജയിക്കാൻ സാധിച്ചാലും താൻ ഇവിഎമ്മിൽ വിശ്വസിക്കില്ലെന്നും, നിലപാടിൽ താൻ പിന്നോട്ടില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. വിഷയത്തിൽ സമാജ്‌വാദി പാർട്ടിയുടേത് ശക്തമായ നിലപാടാണ്, പാർട്ടി അധികാരത്തിലെത്തിയാൽ ഇവിഎം നിരോധിക്കുമെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.
ഇവിഎമ്മിൽ ഹാക്ക് ചെയ്യാനും, കൃത്രിമത്വം കാണിക്കാനും സാധിക്കുമെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ നേരത്തെ രംഗത്തുവന്നിരുന്നു. പ്രതിപക്ഷത്തിൽ ഇവിഎമ്മിനെതിരെ രംഗത്തുവന്നവരിൽ മുൻനിരയിൽ തന്നെ നിന്ന നേതാവായിരുന്നു അഖിലേഷ് യാദവ്. ഉത്തർ പ്രദേശിലെ തെരഞ്ഞെടുപ്പ് വേളയിലും അഖിലേഷ് യാദവ് ഇതേക്കുറിച്ച് വിമർശനങ്ങൾ നടത്തിയിരുന്നു. ഇവിഎമ്മിലൂടെ ജനങ്ങൾക്കിടയിൽ വോട്ടെടുപ്പിൻ്റെ വിശ്വാസ്യതയിൽ കോട്ടം സംഭവിക്കുന്നുവെന്നും അഖിലേഷ് യാദവ് ആരോപിച്ചു.
പ്രസംഗത്തിൽ നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയെ കുറിച്ചും അഖിലേഷ് യാദവ് രൂക്ഷ വിമർശനമുയർത്തി. തൊഴിൽ സാധ്യതകളില്ലാത്തതിനാലാണ് സർക്കാർ ചോദ്യപേപ്പർ ചോർത്തുന്നത്. അമൃത് കാൽ വിദ്യാർത്ഥികളുടെ പ്രതീക്ഷകളില്ലാതാക്കിയെന്നും, പ്രതീക്ഷകൾ നശിപ്പിക്കുന്ന സർക്കാരിന് വിദ്യാർത്ഥികളുടെ ഭാവിക്ക് വേണ്ടിയും ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.
ഇന്ത്യ മുന്നണിയുടെ ഭാഗമായ സമാജ്‌വാദി പാർട്ടി ഇത്തവണ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ മികച്ച മൽസരം കാഴ്ച വെച്ചിരുന്നു. 37 സീറ്റുകളാണ് പാർട്ടി തെരഞ്ഞെടുപ്പിൽ നേടിയത്. ഇന്ത്യ മുന്നണിയുടെ ധാർമിക വിജയമാണ് തെരഞ്ഞെടുപ്പ് ഫലമെന്നും, രാജ്യത്തെ വർഗീയ രാഷ്ട്രീയം അവസാനിച്ചുവെന്നും തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് അഖിലേഷ് യാദവ് പറഞ്ഞിരുന്നു.