നിസ്സാരമായി തള്ളിക്കളയേണ്ട; അപകടങ്ങള്‍ പതിയിരിപ്പുണ്ട്: ഇന്ന് ലോക മുങ്ങി മരണ നിവാരണ ദിനാചരണം

കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ആറ് വര്‍ഷത്തിനിടെ മുങ്ങി മരിച്ചത് 11,947 പേരാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on

കേരളത്തില്‍ ഒരു വര്‍ഷം എത്ര പേര്‍ മുങ്ങിമരിക്കുന്നുണ്ട്? നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ അനുസരിച്ച് ശരാശരി ആയിരത്തിലധികം പേരാണ് ഒരു വര്‍ഷം കേരളത്തില്‍ മുങ്ങിമരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തുവന്ന കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ആറ് വര്‍ഷത്തിനിടെ മുങ്ങി മരിച്ചത് 11,947 പേരാണ്. ഇതില്‍ 2687 പേര്‍ ആത്മഹത്യ ചെയ്തവരാണ്. റോഡപകടങ്ങള്‍ കഴിഞ്ഞാല്‍ നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവഹാനിയുണ്ടാകുന്നത് വെള്ളത്തില്‍ മുങ്ങിയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ അപകട മരണങ്ങളും ആത്മഹത്യകളും ഉള്‍പ്പെടും.

ഒരു ദിവസം കേരളത്തില്‍ ശരാശരി മൂന്നില്‍ കൂടുതല്‍ പേര്‍ വെള്ളത്തില്‍ മുങ്ങി മരിക്കുന്നുണ്ടെന്ന് അറിയുമ്പോഴാണ് മുങ്ങിമരണത്തിന്റെ ആഴവും പരപ്പും എത്രത്തോളമുണ്ടെന്ന് മനസ്സിലാകുക. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ മരണങ്ങൡലൊന്ന് വെള്ളത്തില്‍ മുങ്ങിയാണ്. നീന്തലറിയാത്ത ആരോഗ്യമുള്ള ഒരാള്‍ വെള്ളക്കെട്ടില്‍ വീണാല്‍ മൂന്ന് മിനിറ്റിനുള്ളില്‍ രക്ഷപ്പെടുത്തിയില്ലെങ്കില്‍ ജീവന്‍ നഷ്ടപ്പെടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

മുങ്ങിമരണത്തിന്റെ ഗൗരവം ജനങ്ങളെ ബോധവത്കരിക്കുന്നതിനാണ് ജുലൈ 25 ലോക മുങ്ങി മരണ നിവാരണ ദിനാചരണമായി ആചരിക്കുന്നത്. സംസ്ഥാന തലത്തിലും ബോധവത്കരണ പരിപാടികള്‍ ഇന്ന് നടക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ''ആരും മുങ്ങി മരിക്കരുത്, പ്രതിരോധിക്കാം നമുക്ക്'' എന്ന സന്ദേശത്തിന് ഊന്നല്‍ നല്‍കി സംസ്ഥാന, ജില്ലാ തലങ്ങളില്‍ വിവിധയിനം പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

മുങ്ങി മരണങ്ങള്‍ എങ്ങനെ തടയാം


വിദ്യാര്‍ഥികളെ ശാസ്ത്രീയമായി നീന്തല്‍ പരിശീലിപ്പിക്കുക.

പ്രഥമ ശൂശ്രൂഷാ പരിശീലനം നല്‍കുക.

വിദ്യാര്‍ഥികളെ ജലാശയങ്ങളെക്കുറിച്ചും അവയുടെ സ്വഭാവങ്ങളെക്കുറിച്ചും ബോധവല്‍ക്കരണം നടത്തുക.

ഖനനം കഴിഞ്ഞ പാറ ക്വാറികളിലും ജലാശയങ്ങളിലും അപകട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുക.

ലൈഫ് ഗാര്‍ഡുകളുടെ സേവനം ഉറപ്പ് വരുത്തുക.

ജലാശയങ്ങളില്‍ ഇറങ്ങുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക

അപകടം എങ്ങനെ ഒഴിവാക്കാം

പരിചയമില്ലാത്ത ജലാശയങ്ങളില്‍ ഇറങ്ങരുത്, നീന്തല്‍ അറിയാമെങ്കില്‍ പോലും

ജലയാനയാത്രയില്‍ ലൈഫ് ജാക്കറ്റുകള്‍ ധരിക്കുക

സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ ജലാശയങ്ങളില്‍ ഇറങ്ങാതിരിക്കുക

മുന്നറിയിപ്പുകളെ അവഗണിക്കാതിരിക്കുക

ജലാശയങ്ങളുടെ അരികില്‍ താമസിക്കുന്നവര്‍ കുട്ടികള്‍ അവിടേക്ക് പോകാതെ ശ്രദ്ധിക്കുക

ലഹരി ഉപയോഗിച്ചാല്‍ സുരക്ഷിതമായി എവിടെയെങ്കിലും ഇരിക്കുക. പല അപകടങ്ങളും ഉണ്ടാകുന്നത് ലഹരിപ്പുറത്താണെന്ന് ഓര്‍ക്കുക. ആഘോഷം അതിരുവിടുമ്പോള്‍ അതിന് വലിയ വിലയും കൊടുക്കേണ്ടി വരും.

നീന്തല്‍ അറിയില്ലെങ്കില്‍ വെള്ളത്തിലേക്ക് ഇറങ്ങാതിരിക്കുക.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com