
രാജ്യത്തെ 26% അർബുദ രോഗികളിലും തലയിലും കഴുത്തിലും ട്യൂമറെന്നും, രാജ്യത്ത് ഈ കേസുകളിൽ വർധനവുണ്ടെന്നും കണ്ടെത്തി പഠനം. രാജ്യമെമ്പാടുമുള്ള 1869 അർബുദ രോഗികളിൽ നടത്തിയ പഠനം ലോക ഹെഡ് ആൻഡ് നെക്ക് കാൻസർ ദിനത്തോടനുബന്ധിച്ചാണ് പുറത്തുവന്നത്.
ഡൽഹി ആസ്ഥാനമായുള്ള നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ, കാൻസർ മുക്ത് ഭാരത് ഫൗണ്ടേഷൻ മാർച്ച് ഒന്ന് മുതൽ ജൂൺ 30 വരെ അവരുടെ ഹെൽപ്പ് ലൈൻ നമ്പറിൽ വന്ന കോളുകളുടെ ഡാറ്റ ക്രോഡീകരിച്ചാണ് പഠനം നടത്തിയത്. വർധിച്ചു വരുന്ന പുകയില ഉപയോഗവും, പാപ്പിലോമ വൈറസ് (എച്ച്പിവി) അണുബാധയും കാരണം തലയിലും കഴുത്തിലുമായുണ്ടാകുന്ന കാൻസർ കേസുകൾ ഇന്ത്യയിൽ വർധിച്ചിട്ടുണ്ടെന്ന് കാൻസർ മുക്ത് ഭാരത് കാമ്പെയ്‌നിൻ്റെ തലവനും മുതിർന്ന ഓങ്കോളജിസ്റ്റുമായ ഡോ. ആശിഷ് ഗുപ്ത പറഞ്ഞു. പ്രത്യേകിച്ച് യുവാക്കൾക്കിടയിലാണ് കേസുകൾ വർധന ഉണ്ടായിട്ടുള്ളത്. വായിൽ കാൻസർ ഉണ്ടാകുന്ന ഏകദേശം 80-90 % ആളുകളും ഏതെങ്കിലും രൂപത്തിൽ പുകയില ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
തലയിലെയും കഴുത്തിലെയും കാൻസറുകളിൽ ഭൂരിഭാഗവും തടയാവുന്നതാണ്. ജീവിതശൈലി മാറ്റുന്നത് ഗുണം ചെയ്യും. പുകയില ഉപയോഗത്തിനെതിരെ ബോധവൽക്കരണം നടത്തേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും, അർബുദ ബാധ നേരത്തെ കണ്ടെത്തുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ഡോ. ആശിഷ് ഗുപ്ത പറഞ്ഞു. ഇന്ത്യയിൽ രണ്ടിൽ മൂന്ന് അർബുദ കേസുകളും ശരിയായ സ്ക്രീനിങ് ലഭിക്കാത്തതിനാൽ വൈകിയാണ് കണ്ടെത്തുന്നതെന്നും, കാൻസർ മുക്ത് ഭാരത് ഫൗണ്ടേഷൻ ആളുകളിൽ ഇതേക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനായി പരിശ്രമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാൻസർ മുക്ത് ഭാരത് കാമ്പെയ്‌നിന് കീഴിൽ, ഒരു സൗജന്യ ദേശീയ ഹെൽപ്പ് ലൈൻ നമ്പർ (93-555-20202) അടുത്തിടെ ആരംഭിച്ചിരുന്നു. തിങ്കൾ മുതൽ ശനി വരെ രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെ ഈ സംവിധാനം ഉപയോഗിക്കാം. അർബുദ രോഗികൾക്ക് ഫീസ് ഇല്ലാതെ ഈ നമ്പരിൽ വിളിച്ച് പ്രമുഖ ഓങ്കോളജിസ്റ്റുമാരുമായി നേരിട്ട് സംസാരിക്കാനും, അവരുടെ ചികിത്സയെക്കുറിച്ച് ചർച്ച ചെയ്യാനും അവസരം ലഭിക്കും.
ആഗോള അർബുദ കണക്കുകൾ പുറത്തുവിടുന്ന ഗ്ലോബോക്കോൺ ഡാറ്റയിലും സമാനമായ കണ്ടെത്തലുകളുണ്ടായിരുന്നു. ഇന്ത്യയിൽ 2040ഓടെ 2.1 മില്യൺ അർബുദ രോഗികളുണ്ടാകുമെന്ന് ഗ്ലോബോക്കോൺ റിപ്പോർട്ട് പറയുന്നു.