ഇസ്രയേൽ-ഇറാൻ സംഘർഷം: ഇറാൻ്റെ പ്രത്യാക്രമണത്തിന് പിന്നാലെ പ്രതികരണവുമായി ലോക രാഷ്ട്രങ്ങൾ

പശ്ചിമേഷ്യയിൽ സംഘർഷം കലുഷിതമാകുന്നതിനിടെ വെടിനിർത്തലിന് വീണ്ടും ആഹ്വാനം ചെയ്തുകൊണ്ട് യുഎൻ ജനറൽ സെക്രട്ടറി അൻ്റോണിയോ ഗുട്ടെറസ് രംഗത്തെത്തി.
ഇസ്രയേൽ-ഇറാൻ സംഘർഷം: ഇറാൻ്റെ പ്രത്യാക്രമണത്തിന് പിന്നാലെ പ്രതികരണവുമായി ലോക രാഷ്ട്രങ്ങൾ
Published on



ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ പ്രതികരണവുമായി ലോകരാഷ്ട്രങ്ങൾ. ഇസ്രായേലിനെ ആക്രമിച്ച ഇറാൻ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നായിരുന്നു അമേരിക്കയുടെ പ്രതികരണം. ഇസ്രായേലിനൊപ്പം അചഞ്ചലമായി നിൽക്കുന്നവെന്ന് ബ്രിട്ടനും ഉറപ്പ് നൽകി. അതേസമയം പ്രശ്നപരിഹാരത്തിന് മധ്യസ്ഥതയ്ക്കു തയ്യാറാണെന്ന് ഇന്ത്യയും അക്രമം അവസാനിപ്പിക്കാൻ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ആവശ്യപ്പെട്ടു.

ഇറാന്‍റെ വ്യോമവർഷത്തെ ആളാപായമില്ലാതെ പ്രതിരോധിച്ചുവെന്നാണ് ഇസ്രായേലിൻ്റെയും അമേരിക്കയുടെയും അവകാശവാദം. ഇത് പൊറുക്കാനാവാത്ത തെറ്റാണെന്നും തിരിച്ചടിക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുമ്പോൾ, അതിന് അമേരിക്കയുടെ പിന്തുണയുണ്ടാകുമെന്ന് പ്രസിഡന്‍റ് ജോ ബെെഡനും ഉറപ്പുനല്‍കി. ഇസ്രായേലിനെതിരായ ആക്രമണത്തിൽ ഇറാന്‍ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവനും ആഭ്യന്തര സെക്രട്ടറി ആൻ്റണി ബ്ലിങ്കെനും പ്രതികരിച്ചു.


അമേരിക്കയ്‍ക്കൊപ്പം ഇസ്രായേലിലെ സുരക്ഷയ്ക്ക് അചഞ്ചലമായി പിന്തുണ നൽകുമെന്ന് പ്രഖ്യാപിക്കുകയാണ് ബ്രട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാർമർ. എന്നാൽ അക്രമം അവസാനിപ്പിക്കാൻ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ആവശ്യപ്പെട്ടു.

പശ്ചിമേഷ്യയിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളില്‍ ആശങ്കയറിയിച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ പ്രതികരണം. സംഘർഷം വലിയ യുദ്ധത്തിലേക്ക് എത്തുമോ എന്ന് ഭയമുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. നയതന്ത്ര ഇടപെടലുകളിലൂടെ പരിഹാരം കാണുന്നതിന് മധ്യസ്ഥത വഹിക്കാന്‍ ഇന്ത്യ സന്നദ്ധമാണെന്നും എസ്. ജയശങ്കർ അറിയിച്ചു.

പശ്ചിമേഷ്യയിൽ സംഘർഷം കലുഷിതമാകുന്നതിനിടെ വെടിനിർത്തലിന് വീണ്ടും ആഹ്വാനം ചെയ്തുകൊണ്ട് യുഎൻ ജനറൽ സെക്രട്ടറി അൻ്റോണിയോ ഗുട്ടെറസ് രംഗത്തെത്തി. എക്സ് പോസ്റ്റിലൂടെയാണ് ഗുട്ടെറസ് ആക്രമണത്തോട് പ്രതികരിച്ചത്. പ്രാദേശിക യുദ്ധത്തിലേക്ക് പോകാന്‍ ആരും താത്പര്യപ്പെടുന്നില്ലെന്ന മുന്നറിപ്പായിരുന്നു യൂറോപ്യൻ കൗൺസിൽ പ്രസിഡൻ്റ് ചാൾസ് മൈക്കലിൻ്റെ പ്രതികരണം .


അതേസയം, ഇറാന്‍ ആഘോഷത്തിലാണ്. ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി 'ദൈവിക വിജയം' എന്ന് പറഞ്ഞാണ് ഇറാൻ്റെ ആക്രമണത്തെ പുകഴ്ത്തിയത്. ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ, ആക്രമണം രാജ്യതാത്പര്യങ്ങളുടെയും പൗരന്മാരുടെയും സംരക്ഷണത്തിനുവേണ്ടിയുള്ളതെന്ന് വിശദീകരിച്ചു. ഇറാനുമായി ഇനിയൊരു സംഘട്ടനത്തിന് മുതിരരുതെന്നാണ് പെസെഷ്കിയാൻ ഇസ്രയേലിന് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

ഹമാസും യെമനി ഹൂതികളും ഇറാന്‍റെ ആക്രമണത്തെ പ്രശംസിച്ച് രംഗത്തെത്തി. മേഖലയില്‍ സാധാരക്കാരെ ലക്ഷ്യമിട്ട് ഇസ്രേയേല്‍ നടത്തിവരുന്ന ആക്രമണങ്ങള്‍ക്കും വീരമൃത്യു വരിച്ച തങ്ങളുടെ നേതാക്കള്‍ക്കും വേണ്ടിയുള്ള മറുപടിയാണ് ഇറാന്‍റെ ആക്രമണമെന്ന് ഹമാസ് അഭിനന്ദന പ്രസ്താവനയില്‍ പറയുന്നു.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com