ഇസ്ലാമാബാദ്: ബലൂചിസ്ഥാനിൽ രാഷ്ട്രീയ റാലിക്ക് നേരെ ഉണ്ടായ ചാവേർ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റു. ബലോചിസ്ഥാൻ നാഷണൽ പാർട്ടിയുടെ റാലിക്കിടെയാണ് ആക്രമണം ഉണ്ടായത്. ബലൂചിസ്ഥാൻ നാഷണൽ പാർട്ടി (ബിഎൻപി) യിലെ നൂറുകണക്കിന് അംഗങ്ങൾ പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലെ ഒരു സ്റ്റേഡിയത്തിൽ ഒത്തുകൂടി. ഇതിൻ്റെ പാർക്കിങ് ഏരിയയിലാണ് സ്ഫോടനം ഉണ്ടായതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.
ദേശീയ നേതാവും മുൻ പ്രവിശ്യാ മുഖ്യമന്ത്രിയുമായിരുന്ന സർദാർ അതൗല്ല മെങ്കലിൻ്റെ ചരമവാർഷികത്തോടനുബന്ധിച്ചാണ് റാലി നടത്തിയതെന്ന് ഹംസ ഷഫാത്തിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ബലൂചിസ്ഥാൻ ആഭ്യന്തര വകുപ്പിൻ്റെ പ്രസ്താവനയിൽ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയതായും പരിക്കേറ്റവർ പ്രാദേശിക ആശുപത്രികളിൽ ചികിത്സയിലാണെന്നും സ്ഥിരീകരിച്ചു. സുരക്ഷാ സേന പ്രദേശം വേഗത്തിൽ വളയുകയും തെളിവുകൾ ശേഖരിക്കാൻ തുടങ്ങുകയും ചെയ്തുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫ്രാസ് ബുഗ്തി ആക്രമണത്തെ ശക്തമായി അപലപിച്ചു."ശത്രുക്കളുടെ ഭീരുത്വം നിറഞ്ഞ പ്രവൃത്തി" എന്ന് ഇതിനെ വിശേഷിപ്പിച്ചു. "ദുരുദ്ദേശ്യങ്ങൾ" നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിടുന്നുവെന്നും "ഭീകരരുടെ ദുഷ്ടലക്ഷ്യങ്ങൾ" പരാജയപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ആരും ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.