

ഇസ്ലാമാബാദ്:പാക്കിസ്ഥാനിലെ സർക്കാർ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു. തലസ്ഥാനമായ ഇസ്ലാമാബാദിലെ പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ അമ്മയും കുഞ്ഞും വാർഡിൽ രാവിലെ ഏഴ് മണിയോടെയായിരുന്നു ദാരുണ സംഭവം. വാർഡിലെ എസിയുടെ കംപ്രസ്സർ പൊട്ടിത്തെറിച്ച് തീപടർന്നതാണ് പ്രാഥമിക നിഗമനം.
ഈ സമയം, നവജാതശിശുക്കളുടെ നഴ്സറിയിൽ 16 കുട്ടികളുണ്ടായിരുന്നു എന്നും, ഒരു കുഞ്ഞിനെ സ്ഥലത്തുണ്ടായിരുന്നവർ ജീവനോടെ പുറത്തെടുത്തെന്നും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദുരന്തത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. പ്രത്യേക സമിതിയെ രൂപീകരിച്ച് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് കെെമാറണമെന്നാണ് ഇസ്ലാമാബാദ് ജില്ലാ മജിസ്ട്രേറ്റിൻ്റെ നിർദേശം.
ഇതിനിടെ മൃതദേഹങ്ങൾ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധപ്രകടനം നടത്തി. പല മൃതശരീരങ്ങളും കത്തികരിഞ്ഞ നിലയിലായതിനാൽ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന വേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.