

ലാഫിങ് ഗ്യാസ് എന്നറിയപ്പെടുന്ന നൈട്രസ് ഓക്സൈഡ് ശ്വസിച്ച ശേഷം മണിക്കൂറിൽ 220 കിലോമീറ്റർ വേഗത്തിൽ കാറോടിച്ചു. ഒടുവിൽ സംഭവിച്ചത് ദാരുണ അപകടം. ബ്രിട്ടനിൽ 19കാരിയായ സുഹൃത്തിന്റെ ജീവനെടുത്ത സംഭവത്തിൽ 25കാരനായ ലൂസിയാനോ സ്പിരിറ്റോയ്ക്ക് 11 വർഷവും 9 മാസവും തടവുശിക്ഷ. 2023 ഫെബ്രുവരിയിൽ ഇംഗ്ലണ്ടിലെ കെന്റിലായിരുന്നു സംഭവം. അപകടത്തിന് തൊട്ടുമുൻപ് പെട്രോൾ പമ്പിൽ വെച്ച് ഇയാൾ ബലൂണിൽ നിന്ന് ലാഫിങ് ഗ്യാസ് ശ്വസിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ചുവന്ന ഫോക്സ്വാഗൺ പോളോ ജിടിഐ കാറിലായിരുന്നു ഇവർ സഞ്ചരിച്ചത്. ലഹരി ഉപയോഗിച്ച ശേഷം സ്പിരിറ്റോ ഡ്രൈവിങ് സീറ്റിലേക്ക് മാറുന്നതും ദൃശ്യങ്ങളിലുണ്ട്. മിനിറ്റുകൾക്കകം എ20 ഗോർസ് ഹിൽ റോഡിൽ വെച്ച് കാർ എതിർദിശയിൽ വന്ന മെഴ്സിഡസ് വാനുമായി കൂട്ടിയിടിച്ചു. അപകടത്തിൽ കാറിലുണ്ടായിരുന്ന 19കാരിയായ ഡാർസി തോംസെറ്റ് മരിച്ചു. മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ 18കാരിയായ യുവതിക്ക് ഗുരുതര പരിക്കുകളാണ് സംഭവിച്ചത്. അപകടത്തിന് തൊട്ടുമുൻപ് കാർ മണിക്കൂറിൽ 220 കിലോമീറ്റർ വേഗത്തിലായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
അപകടത്തിന് പിന്നാലെ നൈട്രസ് ഓക്സൈഡ് കാനിസ്റ്ററുകൾ സ്പിരിറ്റോ സമീപത്തെ കുറ്റിക്കാട്ടിൽ ഒളിപ്പിക്കുന്നതായും കണ്ടിരുന്നു. ആദ്യം കുറ്റങ്ങൾ നിഷേധിച്ച ഇയാൾ പിന്നീട് കോടതിയിൽ കുറ്റം സമ്മതിച്ചു. അപകടകരമായി വാഹനമോടിച്ചതിനും, ഇൻഷുറൻസില്ലാതെ വാഹനമോടിച്ച് മരണം സംഭവിച്ചതും, ഗുരുതര പരിക്കേൽപ്പിച്ചതുമടക്കമുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്. നവംബർ 18ന് മെയ്ഡ്സ്റ്റോൺ ക്രൗൺ കോടതിയാണ് ശിക്ഷ വിധിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ എട്ട് വർഷത്തെ ഡ്രൈവിങ് വിലക്കും ഏർപ്പെടുത്തി.
മകളുടെ വിയോഗം കുടുംബത്തിന്റെ ജീവിതം തന്നെ തകർത്തുവെന്നും ആ വേദന ഒരിക്കലും മാറില്ലെന്നും ഡാർസിയുടെ അമ്മ ട്രേസി ഫോയ് കോടതിയിൽ പറഞ്ഞു. സ്പിരിറ്റോയുടെ അശ്രദ്ധമായ പെരുമാറ്റം ഒരു യുവതിയുടെ ജീവനെടുക്കുകയും നിരവധി പേരുടെ ജീവിതത്തെ ബാധിക്കുകയും ചെയ്തുവെന്ന് കെന്റ് പൊലീസ് വ്യക്തമാക്കി.