

നേപ്പാളില്‍ വ്യാപകനാശം വിതച്ച് മിന്നല്‍ പ്രളയം. ഭോട്ടെ കോഷി നദിയില്‍ പെട്ടെന്നുയര്‍ന്ന വെള്ളം നുവാകോട്ട്, നാഡിങ് ജില്ലകളിലൂടെ പാഞ്ഞൊഴുകുകയായിരുന്നു. വീടുകളും വാഹനങ്ങളും പാലങ്ങളും തകര്‍ന്നു. ഗ്രാമങ്ങള്‍ ഒഴുകിപ്പോയി. ഏട്ടു പേര്‍ മരിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. അതേസമയം, 105 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 384 വിനോദ സഞ്ചാരികളെ കാണാതായതായി നേപ്പാള്‍ ടൂറിസം ബോര്‍ഡ് സ്ഥിരീകരിച്ചു. 33 സുരക്ഷാ ഉദ്യോഗസ്ഥരെയും കാണാതായിട്ടുണ്ട്.
പത്തോളം ടൂറിസ്റ്റ്, ട്രാവല്‍ ഏജന്‍സികളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് നേപ്പാള്‍ ടൂറിസം ബോര്‍ഡ് കണക്ക് പുറത്തുവിട്ടത്. 291 പേരാണ് വിദേശത്തുനിന്ന് നേപ്പാളില്‍ എത്തിയിട്ടുള്ളത്. അതില്‍ 105 പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. ബാക്കിയുള്ളവര്‍ ഓസ്ട്രേലിയ, നെതര്‍ലന്‍ഡ്‌സ്, യുഎസ്, മലേഷ്യ, യുകെ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. പ്രവാസി ഇന്ത്യക്കാരായ 37 പേരും കാണാതായവരുടെ പട്ടികയിലുണ്ട്. നേപ്പാളില്‍നിന്ന് 93 സഞ്ചാരികളെയാണ് കാണാതായിരിക്കുന്നത്.
പത്ത് ഏജന്‍സികളില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ചാണ് പ്രാഥമിക പട്ടിക തയ്യാറാക്കിയിട്ടുള്ളത്. അതില്‍ മാറ്റങ്ങളുണ്ടാകാമെന്ന് നേപ്പാള്‍ ടൂറിസം ബോര്‍ഡ് വ്യക്തമാക്കി. അടിയന്തര സഹായത്തിന് 1234, 1144 എന്നീ ടോള്‍ ഫ്രീ നമ്പരുകളിലോ ടൂറിസ്റ്റ് പൊലീസിന്റെ 9851289445 നമ്പരിലോ ബന്ധപ്പെടാമെന്നും അധികൃതര്‍ അറിയിച്ചു.