പാരിസ്: ഫ്രാൻസിലെ ലൂവ്ര് മ്യൂസിയം കവർച്ചയിൽ നാല് പേർ കൂടി അറസ്റ്റിൽ. രണ്ട് പുരുഷന്മാരും രണ്ട് സത്രീകളുമാണ് അറസ്റ്റിലായത് . പിടിയിലായ എല്ലാവരും പാരിസിൽ നിന്നുള്ളവരാണ് . 38,39 വയസുള്ള പുരുഷന്മാരും 31, 40 വയസുള്ള രണ്ട് സ്ത്രീകളുമാണ് അറസ്റ്റിലായത്. ഇവരുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
ഒക്ടോബർ 29 നും നവംബർ ഒന്നിനുമായി മറ്റ് നാല് പേരെ അന്വേഷണ സംഘം പിടികൂടിയിരുന്നു. ഒക്ടോബർ 19 നായിരുന്നു മോഷണം. ഏഴ് മിനുട്ട് കൊണ്ടാണ് കവർച്ച നടന്നത്. 102 മില്ല്യൺ വിലമതിക്കുന്ന വസ്തുക്കളാണ് മ്യൂസിയത്തിൽ നിന്ന് കവർന്നത്. നഷ്ടപ്പെട്ട വസ്തുക്കൾ ഇതുവരെ കണ്ടെടുത്തിട്ടില്ല. നേരത്തേ പിടിയിലായവരിൽ പ്രതികളിലൊരാൾ ഫ്രഞ്ച് പൗരനും ഒരാൾക്ക് ഫ്രഞ്ച്,അൾജീരിയൻ പൗരത്വവുമുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഫ്രാൻസിലെ ഏറ്റവും ദരിദ്രമായ ചില പ്രദേശങ്ങൾ ഉൾപ്പെടുന്ന സീൻ-സെൻ്റ്-ഡെനിസ് പ്രാന്തപ്രദേശങ്ങളിൽ നിന്നുള്ളവരാണ് ആദ്യം പിടിയിലായ പ്രതികൾ രണ്ടുപേരും. ഒക്ടോബർ 19ന് രാവിലെ മ്യൂസിയം തുറക്കുന്ന സമയത്ത് ക്രെയിൻ ഉപയോഗിച്ച് മുകളിലത്തെ നിലയിലെ ജനൽച്ചില്ല് തകർത്ത് അകത്തുകടന്നാണ് മോഷ്ടാക്കൾ അപ്പോളോ ഗാലറിയിൽ നിന്ന് ഏകദേശം 102 മില്യൺ ഡോളർ വിലമതിക്കുന്ന എട്ട് ആഭരണങ്ങൾ മോഷ്ടിച്ചു കടന്നു കളഞ്ഞത്.
ഫ്രഞ്ച് സാംസ്കാരിക മന്ത്രാലയം സ്ഥിരീകരിച്ചതനുസരിച്ച് എംപ്രസ് യൂജിനിയുടേതായിരുന്ന ഒരു ടിയാര ബ്രൂച്ച്, എംപ്രസ് മേരി ലൂയിസിൻ്റെ ഒരു മരതക മാല കമ്മലുകൾ, ക്വീൻ മേരി-അമേലിയുടെയും ക്വീൻ ഹോർട്ടൻസിന്റെയും ഉടമസ്ഥതയിലുള്ള നീലക്കല്ലിൻ്റെ സെറ്റിൽ നിന്നുള്ള ഒരു ടിയാര, മാല, ഒറ്റ കമ്മൽ, "റെലിക്വറി ബ്രൂച്ച്" എന്നറിയപ്പെടുന്ന ഒരു ബ്രൂച്ച് എന്നീ അമൂല്യ ആഭരങ്ങളാണ് മോഷണം പോയത്.